ADVERTISEMENT

കണ്ണൂർ ∙ സിപിഎം വിഭാഗീയതയിൽ വിഎസ് പക്ഷം ചേർന്നു പ്രവർത്തിച്ച ബർലിൻ കുഞ്ഞനന്തൻ നായരുടെ അവസാന കാലത്തെ ആഗ്രഹം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു മാപ്പു പറയണമെന്നതായിരുന്നു. വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് പാർട്ടിയിൽ തിരിച്ചെത്തി വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്ന ബർലിൻ, എപ്പോഴെങ്കിലും പിണറായി വിജയൻ നാറാത്തെ വീട്ടിലേക്കു കടന്നു വരുമെന്നു  കരുതിയിരുന്നു. പക്ഷേ, ആ ആഗ്രഹം നടന്നില്ല. കുഞ്ഞനന്തൻ നായർ തന്റെ ആഗ്രഹം പ്രകടിപ്പിച്ച ശേഷം പലതവണ പിണറായി വിജയൻ കണ്ണൂരിൽ വന്നെങ്കിലും ബർലിനെ കാണാൻ പോയിരുന്നില്ല.

ആശയ തർക്കത്തിന്റെ പേരിൽ ഉടലെടുത്ത വിഭാഗീയത പിന്നീട് പിണറായിയുമായുള്ള വ്യക്തിപരമായ ഏറ്റുമുട്ടലായി പോയതായി കുഞ്ഞനന്തൻ നായർക്കു തന്നെ തോന്നിയിരുന്നു. അദ്ദേഹം എഴുതിയ പൊളിച്ചെഴുത്ത് എന്ന പുസ്തകത്തിലും അതിന്റെ രണ്ടാം ഭാഗത്തിലും പിണറായി വിജയനെ വ്യക്തിപരമായി വിഷമത്തിലാക്കുന്ന ആരോപണങ്ങളുണ്ടായിരുന്നു. ആശയ തലത്തിൽ നിന്നു വഴിതെറ്റി പോയിരുന്നു അക്കാലത്തെ വിഭാഗീയതെയന്നു തോന്നിയിരുന്നതിനാലാണ് പിണറായിയോട് മാപ്പു പറയാനും വേണമെങ്കിൽ കാലു പിടിക്കാനും തയാറാണെന്ന് ബർലിൻ പറഞ്ഞിരുന്നത്.

കുഞ്ഞനന്തൻ നായരുടെ ചിറകിലാണ് വിഎസ് പറക്കുന്നതെന്ന് വിഭാഗീയത കൊടുമ്പിരി കൊണ്ടിരുന്ന നാളുകളിൽ ആരോപണമുണ്ടായിരുന്നു. 2021 ജനുവരി 13ന് ആയിരുന്നു ബർലിൻ പിണറായിയെ കാണണമെന്നും മാപ്പു പറയണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. ഇഎംഎസിനെക്കാൾ കരുത്തുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ബർലിൻ അവസാന കാലത്ത് വിലയിരുത്തിയിരുന്നു. ബർലിൻ പാർട്ടിയിലേക്കു തിരിച്ചെത്തിയതോടെ പിണറായി ഒഴികെയുള്ള നേതാക്കൾ സന്ദർശിച്ചിരുന്നു.

പാർട്ടി പ്രാദേശിക ഘടകം കുഞ്ഞനന്തൻ നായർക്കു വേണ്ട സഹായങ്ങളും ചെയ്തിരുന്നു. കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് നടന്നപ്പോൾ ആദ്യ സംഭാവന സ്വീകരിക്കാൻ പാർട്ടി കണ്ടെത്തിയ ആളും കുഞ്ഞനന്തൻ നായരായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ പാർട്ടി പതാക പുതച്ചാണ് അന്ത്യയാത്ര. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനാണ് പാർട്ടി പതാക പുതപ്പിച്ചത്.

നാറാത്ത് പിഎച്ച്സിക്കു സമീപം പൊതുദർശനത്തിനുള്ള സൗകര്യവും സിപിഎം ഒരുക്കിയിട്ടുണ്ട്. 10 മുതൽ 12 വരെയാണു പൊതുദർശനം. അവസാന കാലത്ത് കാഴ്ച  ശക്തി പൂർണമായി നഷ്ടപ്പെട്ടിരു ന്നെങ്കിലും വാർത്തകൾ അറിയാൻ അദ്ദേഹം ടിവി കേൾക്കുമായിരുന്നു. പിണറായിയുടെ ശബ്ദം എപ്പോൾ കേട്ടാലും കാതോർക്കുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com