ADVERTISEMENT

കണ്ണൂർ ∙ സ്കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതിന്റെ ഏറ്റവും അപകടകരമായ ഉദാഹരണങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം 9–ാം ക്ലാസ് വിദ്യാർഥി വെളിപ്പെടുത്തിയത്. പെൺകുട്ടികളെ ലഹരി മരുന്നിന് അടിമകളാക്കുകയും ലഹരിമരുന്നിനുള്ള പണം കണ്ടെത്താൻ ശരീരം വിൽക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഇരയായ കുട്ടിയുടെ വെളിപ്പെടുത്തൽ. ഇത്തരത്തിലുള്ള ഒട്ടേറെ കുട്ടികളെ തനിക്ക് അറിയാമെന്നും പെൺകുട്ടി വെളിപ്പെടുത്തുന്നുണ്ട്. 

പലപ്പോഴും മാനസിക സമ്മർദം കുറയ്ക്കാനും ബോറടി മാറ്റാനുമെന്നൊക്കെ പറഞ്ഞാണു കുട്ടികൾ ലഹരിയിലേക്കു തെന്നിവീഴുന്നത്. ഇത്തരം സാഹചര്യങ്ങളൊഴിവാക്കാൻ മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തണം. കുട്ടികൾ ലഹരിമരുന്ന് ഉപയോഗത്തിലേക്കു പോകുന്നതിനു വഴിയൊരുക്കുന്ന ഒരു സാഹചര്യവും വീട്ടിലുണ്ടാക്കാതിരിക്കുകയെന്നതാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. കുട്ടികളുടെ പെരുമാറ്റത്തിലോ സ്വഭാവത്തിലോ ചെറിയ മാറ്റങ്ങൾ വന്നാൽ പോലും മാതാപിതാക്കൾ മനസ്സിലാക്കണം.

പോക്കറ്റ് മണി കൂടരുത്

എംഡിഎംഎ അടക്കമുള്ള ലഹരിമരുന്നുകൾ വരെ കുട്ടികളിലേക്ക് അനായാസം എത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കുട്ടികൾക്ക് പോക്കറ്റ് മണിയായി ആവശ്യത്തിലധികം പണം മാതാപിതാക്കൾ നൽകരുത്. ന്യായമായ ആവശ്യങ്ങൾക്കു പണം നൽകാതിരിക്കുകയുമരുത്. കുട്ടികളെ മാനസിക സമ്മർദത്തിലേക്കു വിടുന്ന തരത്തിലുള്ള കുടുംബപ്രശ്നങ്ങൾ വീട്ടിലില്ലെന്ന് ഉറപ്പാക്കണം. വീട്ടിലെ സമാധാനമില്ലാത്ത അന്തരീക്ഷമാണ് കൂടുതൽ കുട്ടികളെയും ലഹരിയിലേക്ക് ആകർഷിക്കുന്നത്.

കൗൺസലിങ് നിർബന്ധം

ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നു ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ കുട്ടിക്ക് കൗൺസലിങ് നൽകണം. കുട്ടിയുടെ പെരുമാറ്റ രീതിയിൽ പ്രകടമായ മാറ്റങ്ങളുണ്ടെങ്കിൽ ശ്രദ്ധിക്കണം. കുട്ടികളെ ശകാരിച്ചോ ശിക്ഷിച്ചോ ഇത്തരം ശീലം മാറ്റാൻ കഴിയില്ല. മനശാസ്ത്ര വിദഗ്ധന്റെ ശാസ്ത്രീയമായ സഹായവും മരുന്നുകളും ലഹരിയിൽ നിന്നു വിടുതൽ ലഭിക്കാൻ ആവശ്യമാണ്. പുറത്തറിയുമെന്നു വിചാരിച്ചോ നാണക്കേട് മൂലമോ കൗൺസലിങ് നൽകാതിരിക്കരുത്.

ക്ഷമയോടെ തിരികെക്കൂട്ടാം

ലഹരിയിൽ നിന്നു മുക്തരാകാൻ കൂടുതൽ സമയമാവശ്യമാണ്. മാതാപിതാക്കൾ ക്ഷമയോടും കരുതലോടെയും കുട്ടിയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരണം. മാതാപിതാക്കളുടെ സ്നേഹവും കരുതലും കുട്ടികൾ ഇത്തരം ശീലങ്ങളിലേക്കു മടങ്ങിപ്പോകാതിരിക്കാൻ സഹായിക്കും. ലഹരി ഉപയോഗം ജീവിതം തന്നെ ഇല്ലാതാക്കിയേക്കുമെന്നുള്ള കാര്യങ്ങൾ ചെറുപ്പത്തിൽത്തന്നെ കുട്ടികൾക്കു പറഞ്ഞുകൊടുക്കണം. ലഹരി ഉപയോഗത്തെ മഹത്വവൽക്കരിക്കുന്ന സിനിമകളും വിഡിയോകളും കുട്ടികളെ വഴിതെറ്റിച്ചേക്കാം.

ലഹരിമരുന്നിന് അടിമയാക്കി പീഡനം: തുടരന്വേഷണം നടത്തുമെന്ന് എസിപി

കണ്ണൂർ ∙ 9–ാം ക്ലാസ് വിദ്യാർഥിയെ ലഹരിമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പെൺകുട്ടി മാധ്യമങ്ങളോടു നൽകിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തുടരന്വേഷണം നടത്തുമെന്ന് എസിപി ടി.കെ.രത്നകുമാർ പറഞ്ഞു. ഒട്ടേറെ സ്കൂൾ വിദ്യാർഥികളെ ലഹരിമരുന്നു നൽകി ദുരുപയോഗം ചെയ്യുന്നുവെന്നു പെൺകുട്ടി വെളിപ്പെടുത്തുന്നുണ്ട്. ഇത് ഗൗരവമായി കാണുന്നു. സ്കൂൾ കുട്ടികൾക്ക് ലഹരിമരുന്ന് വിതരണം ചെയ്യുന്ന മാഫിയ സംഘമുണ്ടോയെന്നു പരിശോധിക്കുകയാണ്.

മറ്റ് കുട്ടികളും ഇത്തരത്തിലുള്ള പീഡനത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടോയെന്നും വിശദമായി അന്വേഷിക്കും. പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയ ഉടനെ കേസ് റജിസ്റ്റർ ചെയ്ത് നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചതായും എസിപി പറഞ്ഞു. അതേസമയം കുട്ടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ബാലാവകാശ കമ്മിഷൻ ബന്ധപ്പെട്ടവരോടു വിശദീകരണം തേടി.

സിറ്റി പൊലീസ് കമ്മിഷണർ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ, ജില്ലാ ശിശുസംരക്ഷണ ഓഫിസർ, സ്കൂളിലെ പ്രധാന അധ്യാപകർ എന്നിവരോടാണ് ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടിയത്. ഡപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി അധ്യാപകരുമായി സംസാരിച്ചു. അടുത്തദിവസം കുട്ടിയെയും മാതാപിതാക്കളെയും കാണും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com