ADVERTISEMENT

മാട്ടൂൽ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം പിറന്നാൾ കൊടി പറത്തിയും  മധുരം നുണഞ്ഞും ദേശീയ ഗാനം ആലപിച്ചും മൂവർണ കൊടികൾ അന്യോന്യം കൈമാറിയും  സ്കൂളുകളിലും വീടുകളിലും  ആഘോഷിക്കുമ്പോൾ  അഫ്ര എഴുതിയത് ചലനത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചാണ്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് മാട്ടൂലിലെ എസ്.എം.എ രോഗബാധിതയായ അഫ്ര മോൾ  സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൽ പുറത്തിറങ്ങുന്ന കയ്യെഴുത്ത് മാസികയിലേക്ക് തന്റെ ജീവിതാനുഭവം കുഞ്ഞു വരികളിലാക്കി ക്ലാസ് ടീച്ചറായ പി.വി. വിനിലയെ ഏൽപിച്ചത്. ഞാൻ അനുഭവിച്ച വേദന എന്റെ അനുജന് ഉണ്ടാവരുത് എന്ന് വീൽ ചെയറിൽ ഇരുന്ന് സമൂഹത്തോട്  അഫ്രമോൾ പറഞ്ഞപ്പോൾ 18 കോടി  വേണ്ടിടത്ത്  48 കോടി രൂപയാണ് ഒഴുകിയെത്തിയത്.   

കയ്യെഴുത്ത്  മാസികയിൽ അഫ്ര കുറിക്കുന്നു: ‘പതിവ് കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ ഉമ്മ വാതിൽക്കൽ എത്തിക്കും. എനിക്ക് നീങ്ങുന്ന മനുഷ്യരെ കാണാം.  അവർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ കാണാം. എനിക്ക് പറ്റിയില്ലെങ്കിലും  ആസ്വദിക്കാം.’ അവൾക്ക് പറയാനുളളത് എല്ലാം  അഞ്ച് പേജിൽ എഴുതി തയാറാക്കിയിരുന്നു. കയ്യെഴുത്ത് മാസിക പുറത്ത്  ഇറക്കുന്നുവെന്നും  അഫ്രയുടെ കുറിപ്പ് അതിൽ വേണമെന്നും പ്രിൻസിപ്പൽ കെ.പി.സുബൈർ നിർദേശിച്ചിരുന്നു. 

അഫ്ര പറയുന്നത് കുറിച്ചെടുക്കാൻ കൂട്ടുകാരി എ.കെ.വി. ഫാത്തിമയെ ചുമതല പെടുത്തി.  അന്ന് രാത്രി  അഫ്ര ക്ലാസ് ടീച്ചറെ വിളിച്ച്  എന്റെ ജീവിതാനുഭവം  ഞാൻ തന്നെ  എഴുതാം എന്നും ഒരുദിവസം കൂടി കാത്തിരിക്കണം എന്നും പറഞ്ഞു. 15ന് രാവിലെ 11നാണ് ഇയോണിയ (നല്ല പ്രവൃത്തി) എന്ന പേരിൽ 46 പേജുളള കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്യുന്നത്. മാട്ടൂൽ സഫ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അഫ്ര പഠിച്ച പത്താംതരം ബി ക്ലാസിലെ കുട്ടികളാണ് കയ്യെഴുത്ത് മാസിക തയാറാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com