ADVERTISEMENT

മട്ടന്നൂർ∙ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദം കനത്ത മഴയിലും കെടാത്ത ആവേശമായി. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച ഇരു മുന്നണികളുടെയും ആഹ്ലാദ പ്രകടനം നഗരം ചുറ്റിയ ശേഷം അതതു വാർഡുകളിലേക്കു നീങ്ങി. കനത്ത മഴയെ വകവയ്ക്കാതെയായിരുന്നു പ്രകടനം. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യത്തെ നാലു വാർഡുകളുടെ ഫലം യുഡിഎഫിന് അനുകൂലമായി വന്നപ്പോൾ ഇത്തവണ വിജയം കൈവിട്ടു പോകുമോ എന്ന ആശങ്ക എൽഡിഎഫ് നേതാക്കളിൽ പ്രകടമായിരുന്നു.

കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഓരോ സീറ്റും കൂടുതലായി കിട്ടാൻ തുടങ്ങിയപ്പോൾ യു‍ഡിഎഫ് അണികളിൽ ആവേശം അലതല്ലി. ഭരണം കൈവിട്ടു പോകില്ലെന്ന നിലയായതോടെ എൽഡിഎഫ് പ്രവർത്തകരും ആവേശത്തോടെ വിജയികളുമായി പ്രകടനം നടത്തി.  മിനി നഗർ വാർഡിൽ നിന്നു ലീഗിലെ റിബൽ സ്ഥാനാർഥിയെ തോൽപിച്ച് മുന്നേറിയ മുസ്‍ലിം ലീഗ് നേതാവ്  വി.എൻ.മുഹമ്മദിന്റെ വിജയം പ്രഖ്യാപിച്ചപ്പോൾ മുഹമ്മദിനെ തോളിലേറ്റി പ്രവർത്തകർ പ്രകടനം നടത്തി. ഉച്ചയോടെ ആഹ്ലാദ പ്രകടനം പൂർത്തിയായി.

വൈകിട്ട് 6നു ശേഷം പ്രകടനം നടത്താൻ പാടില്ലെന്ന് പൊലീസ് വിളിച്ചു ചേർത്ത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. എൽഡിഎഫ് പ്രകടനത്തിന് പി.പുരുഷോത്തമൻ, വി.കെ.സുരേഷ്ബാബു, എൻ.വി.ചന്ദ്രബാബു, എം.രാജൻ, പി.വി.ഗോപിനാഥ്, അണിയേരി അച്യുതൻ, ഡി.മുനീർ, പി.എ.താജുദ്ദീൻ, പ്രദീപൻ തൈക്കണ്ടി എന്നിവർ നേതൃത്വം നൽകി.

പൊതുയോഗത്തിൽ വി.കെ.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. യുഡിഎഫ് പ്രകടനത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, അബ്ദുൽകരീം ചേലേരി, രാജീവൻ എളയാവൂർ, അൻസാരി തില്ലങ്കേരി, വി.ആർ.ഭാസ്കരൻ, സുരേഷ് മാവില, എം.ദാമോദരൻ, എ.കെ.രാജേഷ്, വി.മോഹനൻ, ഇബ്രാഹിം മുണ്ടേരി, ഇ.പി.ഷംസുദ്ദീൻ, റഫീഖ് ബാവോട്ടുപാറ തുടങ്ങിയവർ പങ്കെടുത്തു. പൊതുയോഗത്തിൽ രാജീവൻ എളയാവൂർ അധ്യക്ഷത വഹിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com