ADVERTISEMENT

കണ്ണൂർ∙ ആളുകൾക്കു വിവാദങ്ങളിൽ മാത്രമാണ് ഇപ്പോൾ താൽപര്യമെന്ന് എഴുത്തുകാരൻ എം.മുകുന്ദൻ. സംവാദങ്ങളിൽ ആർക്കും താൽപര്യമില്ല. എത്ര നല്ല കാര്യങ്ങൾ സർക്കാർ ചെയ്തിട്ടും സമൂഹം വിവാദങ്ങൾ തുടർച്ചയായി ഉൽപാദിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ പുസ്തകോത്സവത്തോടനുബന്ധിച്ചു നടന്ന ആദര സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു എം.മുകുന്ദൻ. ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോൾ ആശങ്കയുണ്ട്. എഴുത്തുകാർക്ക് പകരം റോബട്ടുകൾ കഥയും കവിതയും എഴുതുന്ന കാലമാണു വരുന്നത്.

എഴുത്തുകാരൻ എന്ന സങ്കൽപവും രൂപവും മാറിയിരിക്കുന്നു. എഴുത്തുകാരൻ എപ്പോഴും നിയമം ലംഘിക്കുന്നവരാണ്. നിയമ ലംഘനം നടത്തുന്നതു നല്ല കാര്യങ്ങൾക്കും സമൂഹ നൻമയ്ക്കും വേണ്ടിയാകണമെന്നു മാത്രം. എഴുത്തുകാരനും വായനക്കാരനും ഇന്ന് ഒരേ തലത്തിലാണ്. എഴുത്തുകാരനു സദസ്സിനോടു മാർഗനിർദേശം നൽകേണ്ട ആവശ്യം ഇന്നില്ല. സമൂഹത്തിനു സന്ദേശം നൽകുന്നതല്ല ഏഴുത്തുകാരന്റെ ദൗത്യം. കാണുന്ന കാഴ്ച വായനക്കാരനു പകർന്നു നൽകുകയാണ് എഴുത്തുകാരന്റെ ദൗത്യം.– മുകുന്ദൻ പറഞ്ഞു.

കെ.കെ.ശൈലജ എംഎൽഎ ആദര സമ്മേളനം ഉദ്ഘാടനം ചെയ്തു. മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ മുഖ്യാതിഥിയായി. ഡോ.കെ.പി.മോഹനൻ, ഡോ.എ.എസ്.പ്രശാന്ത് കൃഷ്ണൻ, രഞ്ചിത്ത് കമൽ എന്നിവർ പ്രസംഗിച്ചു. എം.മുകുന്ദൻ, കവിയൂർ രാജഗോപാലൻ, ഡോ.ഇ.വി.രാമകൃഷ്ണൻ, ഡോ.ആർ.രാജശ്രീ, വിനോയ് തോമസ്, പ്രദീപ് മണ്ടൂർ എന്നിവരെ ആദരിച്ചു. 

ഇന്ന് ഉച്ചയ്ക്ക് 3നു ‘ചണ്ഡാല ഭിക്ഷുകിയുടെ സമകാല വായന’ സെമിനാർ ഡോ.പി.പവിത്രനും 23ന്‌ ഉച്ചയ്ക്ക് 3നു ‘സർഗാത്മക സ്വാതന്ത്ര്യം’ സെമിനാർ കരിവെള്ളൂർ മുരളിയും ഉദ്‌ഘാടനം ചെയ്യും. 24ന്‌ രാവിലെ 10ന്‌ ലഹരിവിരുദ്ധ സെമിനാർ എബി എൻ.ജോസഫും ഉച്ചയ്ക്ക് 3നു വനിതാവേദി പ്രവർത്തക സംഗമം എൻ.സുകന്യയും ഉദ്‌ഘാടനം ചെയ്യും. 25ന്‌ രാവിലെ 10.30ന്‌ സമാപന സമ്മേളനം കലക്ടർ എസ്.ചന്ദ്രശേഖർ ഉദ്‌ഘാടനം ചെയ്യും. 73 പ്രസാധകരുടെ 137 സ്റ്റാളുകളാണ് പുസ്‌തകോത്സവത്തിലുള്ളത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com