ബോംബേറും കല്ലേറും, കാറും ബൈക്കും വിട്ടില്ല; ഓടിച്ചിട്ട് തല്ലി നാട്ടുകാർ – ചിത്രങ്ങൾ

HIGHLIGHTS
  • വാഹനങ്ങൾക്ക് നേരെ ആക്രമണം
  • പലയിടത്തും പെട്രോൾ ബോംബേറും കല്ലേറും
  • ഒട്ടേറെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കസ്റ്റഡിയിൽ
കണ്ണൂർ വളപട്ടണത്ത് ദേശീയപാതയിൽ ഹർത്താൽ അനുകൂലികൾ ടയർ കൂട്ടിയിട്ട് കത്തിച്ചപ്പോൾ.
കണ്ണൂർ വളപട്ടണത്ത് ദേശീയപാതയിൽ ഹർത്താൽ അനുകൂലികൾ ടയർ കൂട്ടിയിട്ട് കത്തിച്ചപ്പോൾ.
SHARE

കണ്ണൂർ∙ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം. പലയിടത്തും പെട്രോൾ ബോംബേറും മണ്ണെണ്ണ ബോംബേറും കല്ലേറുമുണ്ടായി. സർവീസ് നടത്തിയ കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെ പലയിടത്തും ആക്രമണമുണ്ടായി. കെഎസ്ആർടിസി ഡ്രൈവർ അടക്കം 8 പേർക്കു പരുക്കേറ്റു. ഒട്ടേറെ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പയ്യന്നൂരിൽ കടകളടപ്പിക്കാനെത്തിയ ഹർത്താലനുകൂലിയെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപിക്കുന്നതിന്റെ വിഡിയോ ദൃശ്യം.
പയ്യന്നൂരിൽ കടകളടപ്പിക്കാനെത്തിയ ഹർത്താലനുകൂലിയെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപിക്കുന്നതിന്റെ വിഡിയോ ദൃശ്യം.

കടയടപ്പിക്കാൻ ശ്രമം: കയ്യേറ്റം ചെയ്ത് നാട്ടുകാർ

പയ്യന്നൂർ∙ ടൗണിൽ കടകൾ പൂട്ടിക്കാനെത്തിയ ഹർത്താൽ അനുകൂലികളെ നാട്ടുകാർ മർദിച്ചു. ടൗണിൽ ഇന്നലെ 11 മണിയോടെയാണ് സംഭവം. 3 ബൈക്കുകളിലായി ആറംഗ സംഘം ബസ് സ്റ്റാൻഡ് മുതൽ സെൻട്രൽ ബസാർ വരെ തുറന്നിട്ട കടകൾ നിർബന്ധിച്ച് പൂട്ടിക്കാൻ ശ്രമിക്കുമ്പോഴാണ് സെൻട്രൽ ബസാറിൽ വച്ച് ഒരു സംഘം ആളുകൾ ഹർത്താൽ അനുകൂലികളെ ഓടിച്ചിട്ട് തല്ലിയത്. പിന്നീട് ഇതിൽ 4 പേരെ പിടികൂടി പൊലീസിനെ ഏൽപിച്ചു. പൊലീസിന്റെ സന്ദർഭോചിത ഇടപെടൽ കൂടുതൽ സംഘർഷം ഒഴിവാക്കി.

പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും ഹൈക്കോടതി വിധി ലംഘിച്ച് ഹർത്താൽ നടത്തിയതിനും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രാമന്തളി വടക്കുമ്പാട്  സി.കെ.ശുഹൈബ് (32), തൃക്കരിപ്പൂർ ഒളവറയിലെ അബ്ദുൽ മുനീർ (25), തൃക്കരിപ്പൂർ കാരോളം സൗത്തിലെ മുബഷീർ (25), രാമന്തളി വടക്കുമ്പാട് എ.നർഷാദ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ദേശീയപാത കല്യാശ്ശേരിയിൽ പെട്രോൾ ബോംബുമായി പൊലീസ് പിടിയിലായ മുഹമ്മദ് അനസ്.
ദേശീയപാത കല്യാശ്ശേരിയിൽ പെട്രോൾ ബോംബുമായി പൊലീസ് പിടിയിലായ മുഹമ്മദ് അനസ്.

പെട്രോൾ ബോംബും മണ്ണെണ്ണ ബോംബും

∙കല്യാശേരിയിൽ പെട്രോൾ ബോംബുമായി  പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ മുഹമ്മദ് അനസ് പിടിയിലായി. 2 ബൈക്കുകളിലെത്തിയ 5 അംഗ സംഘത്തിൽ 4 പേർ പൊലീസിനെ കണ്ട് കടന്നുകളയുകയായിരുന്നു. ഒരാളെ പൊലീസ് ഓടിച്ചുപിടിച്ചു. സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു പെട്രോൾ ബോംബ്. പാപ്പിനിശ്ശേരി മാങ്കടവ്ചാലിൽ പൊലീസിനു നേരെ മണ്ണെണ്ണക്കുപ്പി കത്തിച്ചെറിഞ്ഞു. കുപ്പി റോഡിൽ വീണു പൊട്ടിയെങ്കിലും തീ പടർന്നില്ല. ആർക്കും പരുക്കില്ല. 

ഉളിയിൽ ആയുർവേദ ആശുപത്രിക്കു സമീപം സംസ്ഥാനാന്തര പാതയിൽ ഹർത്താൽ അനുകൂലികൾ പെട്രോൾ ബോംബ് എറിഞ്ഞു നടത്തിയ അക്രമത്തിൽ പരുക്കേറ്റ മട്ടന്നൂർ എയർപോർട്ട് ജീവനക്കാരൻ പുന്നാട് അത്തപുഞ്ചയിലെ എ.നിവേദ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ
ഉളിയിൽ ആയുർവേദ ആശുപത്രിക്കു സമീപം സംസ്ഥാനാന്തര പാതയിൽ ഹർത്താൽ അനുകൂലികൾ പെട്രോൾ ബോംബ് എറിഞ്ഞു നടത്തിയ അക്രമത്തിൽ പരുക്കേറ്റ മട്ടന്നൂർ എയർപോർട്ട് ജീവനക്കാരൻ പുന്നാട് അത്തപുഞ്ചയിലെ എ.നിവേദ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ

∙ഉളിയിൽ ആയുർവേദ ആശുപത്രിക്ക് മുൻപിൽ വച്ച്, എയർപോർട്ട് ഡ്യൂട്ടി കഴിഞ്ഞു ബൈക്കിൽ മടങ്ങുകയായിരുന്ന പുന്നാട് അത്തപുഞ്ചയിലെ എ.നിവേദിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞു. ഇയാളെ  മർദിച്ചു. ബൈക്ക് കമ്പിപ്പാര കൊണ്ട് അടിച്ചു തകർത്തു. നിവേദിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

∙മട്ടന്നൂർ പാലോട്ടുപള്ളിയിൽ ചരക്കുലോറിക്കു നേരെ പെട്രോൾ ബോംബെറിഞ്ഞു. 

വിമാനത്താവളത്തിൽ നിന്നു വന്ന യാത്രക്കാരുടെ വാഹനം കൂടാളിക്കു സമീപം ഹർത്താലനുകൂലികൾ അടിച്ചു തകർത്ത നിലയിൽ.
വിമാനത്താവളത്തിൽ നിന്നു വന്ന യാത്രക്കാരുടെ വാഹനം കൂടാളിക്കു സമീപം ഹർത്താലനുകൂലികൾ അടിച്ചു തകർത്ത നിലയിൽ.

കാറും വിട്ടില്ല, ബൈക്കും വിട്ടില്ല

∙എയർപോർട്ടിൽ നിന്നു മടങ്ങുകയായിരുന്ന ട്രാവലർ ഹർത്താൽ അനുകൂലികൾ അടിച്ചു തകർത്തു. കാഞ്ഞിരോട് പാലത്തിന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. വിദേശത്ത് പോകുന്ന കൂട്ടുകാരനെ വിമാനത്താവളത്തിൽ ഇറക്കിയ ശേഷം ഏച്ചൂരിലേക്ക് മടങ്ങുക യായിരുന്നവരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. ട്രാവലർ ഉടമ അഭിജിത്ത്, കൂടെയുണ്ടായിരുന്ന നവനീത് എന്നിവർക്കാണ് പരുക്കേറ്റത്. അഭിജിത്തിന് കൈക്കും നവനീതിന് തലയ്ക്കുമാണ് പരുക്കേറ്റത്.

ഇരുവരും കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. കൈമഴു, കല്ല്, ഇരുമ്പ് ദണ്ഡ് എന്നിവ കൊണ്ടാണ് അക്രമിച്ചതെന്ന് ഉടമ പറഞ്ഞു. റോഡിനു കുറുകെ ടയർ കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അക്രമമെന്ന് യാത്രക്കാർ പറഞ്ഞു. ട്രാവലറിന്റെ ലൈറ്റ്, സൈഡ് ഗ്ലാസ്, മുൻവശത്തെ ചില്ല് എന്നിവ തകർത്ത നിലയിലാണ്.

∙ചാവശ്ശേരി, 19ാം മൈൽ, പാലോട്ടുപള്ളി, കൂടാളി എന്നിവിടങ്ങളിൽ വാഹനങ്ങൾ ആക്രമിച്ചു. പാലോട്ടുപള്ളി ടൗണിൽ ആന്ധ്രയിൽ നിന്നു വന്ന ലോറിയുടെ ചില്ല് തകർത്തു. 

∙ കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി വി.ഹനീഫയുടെ വാഹനത്തിനു നേരെ പുലർച്ചെ അഞ്ചരയോടെ കൂടാളിയിൽ വച്ച് ആക്രമണമുണ്ടായി. വാഹനത്തിന്റെ ചില്ലും ഉൾവശവും ചിലർ തകർക്കുകയായിരുന്നു. ചില്ല് കൊണ്ട് കാലു മുറിഞ്ഞ ഹനീഫ, പൊലീസ് സംരക്ഷണത്തിലാണു യാത്ര തുടർന്നത്. വിമാനത്താവളത്തിൽ നിന്നു വരുന്ന വഴിയാണ്, മുഖം മറച്ചെത്തിയ ചിലരുടെ അക്രമമുണ്ടായതെന്നു ഹനീഫ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് 10ന് കണ്ണൂർ‍ യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തും.

∙വിളക്കോട് ഓട്ടോറിക്ഷയ്ക്കു നേരെ ആക്രമണം. ഒരാളെ മുഴക്കുന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

∙ കോളിക്കടവ് ചെന്നലോട് ഭാഗ്യരാജിന്റെ കാറിന്റെ ചില്ല് തകർത്തു. 

ഉളിയിൽ ടൗണിൽ ഹർത്താലനുകൂലികൾ കല്ലെറിഞ്ഞു തകർത്ത കെഎസ്ആർടിസി ബസ്.
ഉളിയിൽ ടൗണിൽ ഹർത്താലനുകൂലികൾ കല്ലെറിഞ്ഞു തകർത്ത കെഎസ്ആർടിസി ബസ്.

സ്വിഫ്റ്റ് ബസിനു കല്ലേറ്; സർവീസ് വെട്ടിക്കുറച്ച് കെഎസ്ആർടിസി

∙ വളപട്ടണം ടോൾ ബൂത്തിനു സമീപത്തു കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറുണ്ടായി. സൈഡ് ഗ്ലാസ് തകർന്നു. ഗ്ലാസ് ചില്ലുകൾ തട്ടി 3 വനിതായാത്രികർക്കു പരുക്കേറ്റു.  പത്തനംതിട്ട സ്വദേശികളായ പങ്കജം (54), പ്രസന്ന (62), അനഘ (15) എന്നിവർക്കാണു പരുക്കേറ്റത്. പാപ്പിനിശേരി സിഎച്ച്സിയിൽ ചികിത്സ നൽകി.

കോട്ടയത്ത് നിന്നു കൊല്ലൂരിലേക്കുള്ള ബസാണു രാവിലെ ഏഴോടെ ആക്രമിക്കപ്പെട്ടത്. ഒരു മണിക്കൂറിനു ശേഷം ബസ് യാത്ര തുടർന്നു. വളപട്ടണം പൊലീസ് കേസെടുത്തു. പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും അക്രമികളെ പിടികൂടാൻ സാധിച്ചില്ല. 

∙ഉളിയിൽ ടൗണിൽ കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞു തകർത്തു. ഡ്രൈവർ രതീഷിനു പരുക്കേറ്റു. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

∙ കെഎസ്ആർടിസി ബസിനു നേരെ അക്രമമുണ്ടായതിനെ തുടർന്ന് ജില്ലയിൽ പകൽ സമയം കെഎസ്ആർടിസി ഭൂരിഭാഗം സർവീസുകളും നടത്തിയില്ല. രാത്രി സർവീസുകൾ നടത്തി. കണ്ണൂർ തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിൽ മുഴുവൻ ജീവനക്കാരും ഹാജരായി. ഉളിയിലെ ആക്രമണത്തിനു ശേഷം മുഴുവൻ സർവീസുകളും വൈകിട്ട് 6 വരെ നിർത്തലാക്കുകയായിരുന്നു.

കണ്ണൂർ ഡിപ്പോയിൽ 82 ഷെഡൂളുകളാണുള്ളത്. ബെംഗളൂരു (3), തിരുവനന്തപുരം (2), കോട്ടയം (2) സർവീസുകളും മധുര, പോണ്ടിച്ചേരി സർവീസുകളുമാണ് വൈകിട്ട് 6നു ശേഷം നടത്തിയത്. തലശ്ശേരി ഡിപ്പോയിൽ 46 ഷെഡ്യൂളുകളാണുള്ളത്. 

ഇതിൽ 10 എണ്ണം രാവിലെ സർവീസിനു പോയി. ഇതിൽ മിക്കതിനും ട്രിപ്പ് മുഴുവനാക്കാൻ കഴിഞ്ഞില്ല. പയ്യന്നൂർ ഡിപ്പോയിൽ ആകെ 57 ഷെഡ്യൂളുകളാണുള്ളത്. പകൽ സർവീസുകൾ നടത്തിയില്ല. രാത്രി ദീർഘദൂര ബസുകൾ ഉൾപ്പടെ 4 സർവീസുകൾ നടത്തി.

മിൽമ ബൂത്തിനെയും വിട്ടില്ല

∙ കണ്ണൂർ ആയിക്കരയിൽ ബൈക്കിലെത്തിയ സംഘം മിൽമ ബൂത്ത് അടിച്ചു തകർത്തു. ഇന്നലെ വൈകിട്ട് നാലോടെ അറക്കൽ മ്യൂസിയത്തി നു സമീപത്ത് മനോരമ ഏജന്റ് റമീസിന്റെ ബൂത്താണ് ആക്രമിക്കപ്പെട്ടത്. വൈകിട്ട് ബൂത്ത് തുറക്കാനുള്ള ഒരുക്കത്തിനിടെയാണ് അക്രമം. ലക്ഷം രൂപയുടെ നാശനഷ്ടമുണ്ട്. 

ടയർ കത്തിച്ചും പ്രതിഷേധം

∙പേരാവൂർ ബംഗളക്കുന്നിൽ റോഡിൽ ടയർ കത്തിച്ച് ഗതാഗതം തടയാൻ ശ്രമം നടന്നു. പോപ്പുലർ ഫ്രണ്ട് ഭാരവാഹികളായ കെ.കെ.ഷമീർ, ഫായിസ് മുരിങ്ങോടി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിതടയാൻ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തയാളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. 

∙കുപ്പത്ത് ദേശീയപാതയിൽ ടയർ കത്തിച്ച് ഗതാഗതം തടയാൻ ശ്രമം നടന്നു. പൊലീസ് എത്തി, പ്രവർത്തകരെ നീക്കം ചെയ്തു. കരിമ്പത്ത് ചരക്കിറക്കാനെത്തിയ കണ്ടെയ്നർ ലോറിയിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി, ലോറി സംസ്ഥാന പാതയ്ക്കു കുറുകെ ഇട്ട് ഗതാഗത തടസത്തിനു ശ്രമം. പ്രവർത്തകരെ പൊലീസ് നീക്കം ചെയ്തു. 

∙പുന്നാട്–മീത്തലെ പുന്നാട് റോഡിൽ വെളിച്ചെണ്ണ മില്ലിനു സമീപം റോഡിൽ ടയർ കത്തിച്ചു ഗതാഗത തടസമുണ്ടാക്കാൻ ശ്രമമുണ്ടായി. 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

∙വളപട്ടണം പാലത്തിനു സമീപം ദേശീയപാതയിൽ ടയറുകൾ കൂട്ടിയിട്ട് തീയിട്ടതിനെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പൊലീസെത്തി തീ അണച്ചതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പുലർച്ചെ ആറു മണിയോടെയാണു സംഭവം.

കടകളടപ്പിച്ചു

∙പഴയങ്ങാടിയിൽ പെട്രോൾ പമ്പ് രാവിലെ തന്നെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പൂട്ടിച്ചു. പഴയങ്ങാടിയിൽ ചരക്ക് വാഹനങ്ങൾ തടയാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും പൊലീസ് എത്തിയതോടെ പ്രവർത്തകർ പിരിഞ്ഞു പോയി.

∙തളിപ്പറമ്പ് ആലക്കോട് റോഡിലെ ഏളേംബരം പാറയിൽ മൊബൈൽ ഫോൺ കടയിൽ അതിക്രമിച്ചു കയറി കട അടപ്പിക്കാൻ ശ്രമിച്ച 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസെടുത്തു. സാധനങ്ങൾ തീയിട്ട് 8000 രൂപയുടെ നഷ്ടം വരുത്തിയതിനാണു കേസ്. 

കരുതൽ തടങ്കൽ

∙പാനൂർ മേഖലയിൽ 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാനൂർ സ്റ്റേഷൻ പരിധിയിലെ മുത്താറിപ്പീടി കയിൽ നിന്ന് ഒരാളെ കരുതൽ തടങ്കലിലെടുത്തു. കൊളവല്ലൂർ പരിധിയിലെ കടവത്തൂരിൽ വാഹനം തടഞ്ഞ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരിയിൽ 8 എസ്ഡിപിഐ പ്രവർത്തകരെ കരുതൽ തടങ്കലിലെടുത്തു. കൂത്തുപറമ്പിൽ 6 എസ്ഡിപിഐ പ്രവർത്തകരെ കരുതൽ തടങ്കലിലെടുത്തിരുന്നു.

∙ മാട്ടൂൽ ജസിന്ത സ്റ്റോപ്പിന് സമീപം വച്ച് പഴയങ്ങാടി പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം  തടസ്സപ്പെടുത്തിയതിനും വാഹനം തടഞ്ഞ് വച്ചതിനും എതിരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സി.കെ.ടി. മുർഷിദ് (36) പഴയങ്ങാടി സിഐ ടി.എൻ.സന്തോഷ് കുമാർ അറസ്റ്റ് ചെയ്തു. കണ്ടാലറിയുന്ന രണ്ട് പേർക്കെതിരെയും കേസെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA