നവരാത്രി ചൈതന്യത്തിൽ ഇനിയുള്ള രാപകലുകൾ; ഭക്തി സാന്ദ്രമായി നാടും നഗരവും

നവരാത്രിയോടനുബന്ധിച്ച് താഴെ ചൊവ്വ യാദവത്തെരു കാഞ്ചി കാമാക്ഷിയമ്മൻ കോവിൽ ദീപാലംകൃതമാക്കിയപ്പോൾ.
SHARE

കണ്ണൂർ∙ ദേവിയുടെ ശക്തി, ഐശ്വര്യം, വിദ്യ എന്നീ ഭാവങ്ങളെ ഒൻപത് ദിവസങ്ങളിലായി ഉപാസിക്കുന്ന നവരാത്രി ആഘോഷങ്ങൾക്കു തുടക്കമായി. ദേവീ ക്ഷേത്രങ്ങളിൽ ഇനി വിജയദശമി വരെയുള്ള ദിവസങ്ങളിൽ ദുർഗാപൂജ, ലക്ഷ്മീപൂജ, സരസ്വതീ പൂജ, ഗ്രന്ഥപൂജ, ആയുധപൂജ, സംഗീതാർച്ചന, അരങ്ങേറ്റം എന്നിവ നടക്കും. വിജയദശമി ദിവസം രാവിലെ മുതൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങുകൾ ആരംഭിക്കും.

നവരാത്രി ആരംഭം മുതൽ മൂന്ന് ദിവസം ദുർഗാ ദേവിയെയും അടുത്ത മൂന്ന് ദിവസം ലക്ഷ്മി ദേവി പൂജയും അതിന് അടുത്ത മൂന്ന് ദിവസം സരസ്വതീ പൂജയുമാണു നടക്കുക. സരസ്വതീ പൂജ നടക്കുന്നതോടൊപ്പം ഗ്രന്ഥം വയ്പ്പും ഗ്രന്ഥ പൂജയും നടക്കും. ആയുധ പൂജയും ഈ സമയത്താണ്. നവരാത്രി ആരംഭം മുതൽ മത്സ്യ മാംസങ്ങൾ ഉപേക്ഷിച്ചും ഒരു നേരം മാത്രം ഭക്ഷണം കഴിച്ചും വ്രതമെടുക്കുന്നവരും സരസ്വതീ പൂജ നടക്കുന്ന അവസാനത്തെ മൂന്ന് ദിവസം വ്രതമെടുക്കുന്നവരും ഉണ്ട്.

മഹാനവമി ദിവസത്തിന്റെ തലേന്ന് ക്ഷേത്രങ്ങളിലും വിദ്യാലയങ്ങളിലും ഗ്രന്ഥം വയ്പ് നടക്കും. മഹാനവമി ദിവസം സരസ്വതീപൂജ, ഗ്രന്ഥപൂജ എന്നിവ നടത്തി വിജയദശമി ദിവസം പുസ്തകം തിരിച്ചെടുക്കും. കലാപഠനം നടത്തുന്നവർ അരങ്ങേറ്റം നടത്തുന്നതിന് നവരാത്രി ദിവസങ്ങളെയാണു തിരഞ്ഞെടുക്കുന്നത്. വിജയദശമി വരെ 9 ദിവസങ്ങളിലും ദേവി ക്ഷേത്രങ്ങളിൽ അരങ്ങേറ്റങ്ങൾ നടക്കും.

ദേവിയുടെ ഉപദേവതാ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വിശേഷാൽ പരിപാടികൾ നടക്കും. വിദ്യാലയങ്ങളിലും ഗ്രന്ഥാലയങ്ങളിലും കലാപഠന കേന്ദ്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഗ്രന്ഥം വയ്പ്പും ഗ്രന്ഥപൂജയും നടത്തുന്നുണ്ട്.

അനുഗ്രഹ പ്രഭയിൽ ചൊവ്വ യാദവത്തെരു കാഞ്ചി കാമാക്ഷിയമ്മൻ കോവിൽ

കണ്ണൂർ∙ നവരാത്രി ദിനങ്ങളിൽ കണ്ണൂർ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ താഴെ ചൊവ്വയ്ക്കും പരിസരത്തിനും ഉത്സവ പ്രതീതി നൽകുന്ന കോവിലാണ് ചൊവ്വ യാദവത്തെരു കാഞ്ചി കാമാക്ഷിയമ്മൻ കോവിൽ. 1940 കളിൽ കണ്ണൂർ കോട്ട കേന്ദ്രീകരിച്ച് പാൽ‌ വിതരണം ചെയ്യുന്നതിനു വേണ്ടിയാണു താഴെ ചൊവ്വയിൽ 13 യാദവ കുടുംബങ്ങൾ എത്തിയത്. ഇതിലെ പ്രധാന കുടുംബങ്ങളായിരുന്നു നാട്ടാൾ, മന്ദാമ്മ കുടുംബങ്ങൾ.

ചൊവ്വയിൽ സ്ഥിരതാമസമാക്കിയ ഇവർക്ക് കാലക്രമേണ തങ്ങളുടെ കുലദേവതയായ കാഞ്ചി കാമാക്ഷിയമ്മയെ ആരാധിക്കാൻ ഒരു സ്ഥലം വേണമെന്ന ആഗ്രഹം ഉണ്ടായി. ആചാര്യന്മാരുടെ സഹായത്തോടെ തങ്ങൾ താമസിക്കുന്നതിനു സമീപം നാഗദേവതാ സ്ഥാനമുണ്ടെന്നു മനസ്സിലാക്കിയ ഇവർ തങ്ങളുടെ കുലദൈവത്തെ നാഗദേവതാ സ്ഥാനത്തിനു സമീപം പ്രതിഷ്ഠിക്കാൻ തിരുമാനിച്ചു. ആദ്യം ശില പ്രതിഷ്ഠിച്ചാണ് ആരാധിച്ചത്.

കാലാന്തരത്തിൽ ക്ഷേത്രം നവീകരിച്ച് വിഗ്രഹ പ്രതിഷ്ഠ നടത്തി ആരാധിച്ചു വരുന്നു. നിലവിൽ 130 യാദവ കുടുംബങ്ങൾ ഇവിടെ താമസിച്ചു വരുന്നു. ദുർഗാ ദേവിയുടെ അവതാരമാണ് കാഞ്ചി കാമാക്ഷി അമ്മൻ എന്നാണ് വിശ്വാസം. ദേവീ പ്രതിഷ്ഠയായതിനാൽ നവരാത്രി ഉത്സവത്തിനാണു പ്രാധാന്യം. ക്ഷേത്രത്തിൽ നവരാത്രി ദിനങ്ങളിലെ ദുർഗാ പൂജ, ലക്ഷ്മീപൂജ, സരസ്വതീപൂജ എന്നിവയ്ക്കാണു പ്രാധാന്യം.

വിജയദശമി ദിവസം വൈകിട്ട് നടക്കുന്ന രഥോത്സവം ഘോഷയാത്ര എന്നിവ പ്രശസ്തമാണ്. നവരാത്രി ദിവസങ്ങളിൽ രാത്രി ക്ഷേത്രങ്ങളിൽ നിന്ന് തുടങ്ങുന്ന ദീപാലങ്കാരം താഴെചൊവ്വ ടൗണിലും കിഴുത്തള്ളി വരെയും ഉണ്ടാകും. സംഗീതാർച്ചനയും നൃത്ത പരിപാടികളും നവരാത്രി ദിവസങ്ങളിലെ പ്രത്യേകതയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA