ADVERTISEMENT

കണ്ണൂർ∙ പുല്ലൂപ്പിക്കടവിൽ 3 പേർ അപകടത്തിൽപെട്ട വിവരം അറിയിച്ചിട്ടും വളപട്ടണം പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനത്തിന് എത്തുന്നതിൽ അലംഭാവം കാട്ടിയതായി ആക്ഷേപം. പുഴയിൽ മീൻ പിടിക്കാനായി വിരിച്ച വലയിൽ റമീസിന്റെ മൃതദേഹം കുടുങ്ങിയത് മീൻപിടിത്തക്കാർ കണ്ടത് ഇന്നലെ രാവിലെ 7.30ന്. ഉടൻ വളപട്ടണം പൊലീസിൽ ഫോണിൽ വിവരം അറിയിച്ചു.

അപകടത്തിൽ മരിച്ച അത്താഴക്കുന്ന് കൊളപ്പാല റമീസ്, അഷ്ഹർ, കാണാതായ കെ.പി.സഹദ്.

എന്നാൽ പൊലീസിൽ നിന്നുള്ള മറുപടി അഗ്നിരക്ഷാ സേനയിൽ വിവരം അറിയിക്കാനായിരുന്നു. ഉടൻ അഗ്നിരക്ഷാ സേനയിൽ അറിയിച്ചതോടെ പൊലീസിൽ പറയൂ എന്നായി. അഗ്നിരക്ഷാ സേനയെത്താതെ വരാനാകില്ലെന്നു പൊലീസും. ഇരുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കൂ എന്നു പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു എന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

പ്രതീക്ഷയോടെ... കക്കാട് പുല്ലൂപ്പിക്കടവ് പുഴയിൽ തോണി മറിഞ്ഞു ഉണ്ടായ അപകടത്തിൽ കാണാതായ യുവാക്കൾക്കായി തിരച്ചിൽ നടക്കുമ്പോൾ സ്ഥലത്ത് കൂടി നിൽക്കുന്ന നാട്ടുകാർ.

ഏറെ നേരത്തെ ഫോൺ വിളിക്കു ശേഷം 9.40ഓടെയാണ് അഗ്നിരക്ഷാസേനയും പിന്നീട് വളപട്ടണം പൊലീസും സ്ഥലത്തെത്തിയതെന്നു നാട്ടുകാരും മത്സ്യത്തൊഴിലാളികളും പറഞ്ഞു. വിവരം അറിയിച്ചിട്ടും സ്ഥലത്തെത്താൻ 2 മണിക്കൂറിലേറെ സമയമെടുത്ത പൊലീസ്– അഗ്നിശമന സേനയുടെ നടപടി നാട്ടുകാരിൽ കടുത്ത പ്രതിഷേധത്തിനിടയാക്കി. 11.45ഓടെ സ്ഥലത്തെത്തിയ സിറ്റി പൊലീസ് കമ്മിഷണറോട് ഇക്കാര്യം നാട്ടുകാർ പരാതിപ്പെടുകയും ചെയ്തു.

വേദനയോടെ വിട... കക്കാട് പുല്ലൂപ്പിക്കടവ് പുഴയിൽ മുങ്ങി മരിച്ച റമീസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പൊട്ടികരയുന്ന സ്ത്രീകൾ.

ഞെട്ടൽ മാറാതെ പുല്ലൂപ്പിക്കടവ്

കക്കാട്∙ ഉറ്റചങ്ങാതിമാർ അപകടത്തിൽപെട്ട വാർത്ത കേട്ടാണ് പുല്ലൂപ്പിയും അത്തായക്കുന്നും കല്ലുകെട്ടുചിറയും ഇന്നലെ ഉണർന്നത്. തോണി അപകടത്തിൽ 3 പേരെ പുഴയിൽ കാണാതായെന്ന വാർത്ത പരന്നതോടെ നാട്ടുകാർ പുല്ലൂപ്പിക്കടവ്– കല്ല്കെട്ട്ചിറ ഭാഗത്തേക്ക് ഒന്നടങ്കം ഒഴുകിയെത്തി. വയോധികരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മണിക്കൂറുകളോളം കാത്തിരിപ്പ് തുടർന്നു. അഗ്നിരക്ഷാ സേനയുടെ ബോട്ടുകൾ തിരച്ചിൽ നടത്തുമ്പോൾ നെടുവീർപ്പുമായി പ്രതീക്ഷയോടെ ഇവർ കാത്തു നിന്നു.

1. കക്കാട് പുല്ലൂപ്പിക്കടവ് പുഴയിൽ കാണാതായ യുവാക്കൾക്കായി നടത്തിയ തിരച്ചിലിനിടെ കിട്ടിയ പങ്കായം., 2. കക്കാട് പുല്ലൂപ്പിക്കടവ് പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാക്കൾക്കായി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു.

രാവിലെ 10.15ഓടെയാണ് കെ.റമീസിന്റെ മൃതദേഹം തുരുത്തി കല്ല്കെട്ട്ചിറയിൽ കരയ്ക്കെത്തിച്ചത്. ഉടൻ തന്നെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. നാട്ടുകാരും മത്സ്യത്തൊഴിലാളികളും അഗ്നിരക്ഷാസേനയ്ക്കൊപ്പം തിരച്ചിലിൽ പങ്കാളികളായി. ഉച്ചയ്ക്ക് 2.45ഓടെ അസറുദ്ദീൻ എന്ന അഷ്ഹറിന്റെ മൃതദേഹവും പുല്ലൂപ്പിക്കടവിൽ നിന്ന് ഏതാണ്ട് 900 മീറ്റർ അകലെയായി കണ്ടെത്തി. കെ.പി.സഹദ് (26)നായി തിരച്ചിൽ തുടർന്നു. ഉച്ചയ്ക്ക് ശേഷം ആയിക്കരയിലെ മുങ്ങൽ വിദഗ്ധരും കോസ്റ്റൽ പൊലീസും തിരച്ചിലിനെത്തി.

വിവരമറിഞ്ഞ് കോർപറേഷൻ മേയർ ടി.ഒ.മോഹനൻ, ഡപ്യൂട്ടി മേയർ കെ.ഷബീന, കെ.വി.സുമേഷ് എംഎൽഎ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ, വൈസ് പ്രസി‍ഡന്റ് നിസാർ വായിപ്പറമ്പ്, ചിറക്കൽ പഞ്ചായത്ത് പ്രസി‍ഡന്റ് ശ്രുതി, കലക്ടർ ആർ.ചന്ദ്രശേഖർ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, അസിസ്റ്റന്റ് കലക്ടർ മിസൽ സാഗർ ഭരത്, എഡിഎം കെ.കെ.ദിവാകരൻ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തിരച്ചിൽ നീളും തോറും കടവ് പരിസരം ആളുകളെ കൊണ്ട് നിറഞ്ഞു

സമൂഹമാധ്യമങ്ങളിൽ ലൈവായി തോണി യാത്ര

‘‘ആഞ്ഞു തുഴയുകയാണ് റമീസ്... ആഞ്ഞാഞ്ഞു തുഴയുകയാണ് റമീസ്.. ശക്തിയോടെ....’’
തോണിയിൽ തുഴഞ്ഞു പോകുന്നതിന്റെ ദൃശ്യം ലൈവായി പകർത്തി സമൂഹ മാധ്യമത്തിൽ 3 പേരും അവസാനമായി പങ്കുവച്ചതാണിത്. പുല്ലൂപ്പിക്കടവിലെ കണ്ടൽകാട് ഭാഗത്തേക്ക് ചിരിച്ചു കൊണ്ടു തോണി തുഴയുന്ന കൂട്ടുകാരുടെ വിഡിയോയാണ് ലൈവിട്ടിരുന്നത്. കൂട്ടുകാരുടെ ആഹ്ലാദ നിമിഷങ്ങൾ വീഡിയോയിൽ വ്യക്തമാണ്. 

റമീസാണ് തോണി തുഴഞ്ഞതെന്ന് വിഡിയോയിൽ കാണാം. മൂവരും ഞായർ വൈകിട്ട് 6നാണ് തോണിയിൽ പുല്ലൂപ്പിക്കടവിൽ നിന്നു പുറപ്പെട്ടത്. വൈകിട്ട് ബൈക്കിലാണ് ഇവർ കല്ല്കെട്ട് ചിറക്കരയിൽ എത്തിയത്. ബൈക്ക് അവിടെ നിർത്തി ചെരിപ്പുകൾ അഴിച്ചു വച്ചാണ് ഇവർ തോണിയിൽ പുറപ്പെട്ടത്, പിന്നാലെയാകണം അപകടം.

വില്ലനായത് കാറ്റും അടിയൊഴുക്കും?

കക്കാട്∙ ശക്തമായ കാറ്റും അടിയൊഴുക്കുമാണ് പുല്ലൂപ്പിക്കടവിൽ തോണി മറിയാനും യുവാക്കളുടെ മരണത്തിനും ഇടയാക്കിയതെന്നു നിഗമനം. വലിയ ആഴമാണ് ഉൾഭാഗത്ത് പുഴയ്ക്ക്. ഇതും അപകടത്തിന് ആക്കം കൂട്ടി. പുറമേ ശാന്തമാണെങ്കിലും ഉൾഭാഗത്ത് അടിയൊഴുക്ക് അതിശക്തമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അപകടത്തിൽപെട്ടാൽ നീന്തലറിയാവുന്നവർക്കു പോലും രക്ഷപ്പെടൽ അതീവ ദുഷ്ക്കരമാണ്.

32 വർഷം മുൻപ് ചാണകവുമായി പോകുന്നതിനിടെ പുല്ലൂപ്പിക്കടവിൽ തോണിമറിഞ്ഞ് 3 പേർ മരണപ്പെട്ടിരുന്നു. 18 വർഷം മുൻപും ഇവിടെ തോണി മറിഞ്ഞ് ഒരു യുവാവ് മരിച്ചിരുന്നു. കാറ്റും ഒഴുക്കും തിരച്ചിലിനും തടസ്സമായി. വലിയ വിസ്തൃതിയിലുള്ള പുല്ലൂപ്പിക്കടവ് പുഴയിൽ പലവട്ടം പലഭാഗങ്ങളിൽ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തി. രാവിലെ ആരംഭിച്ച തിരച്ചിൽ വൈകിയും തുടർന്നു. 2 ഡിങ്കി ബോട്ടുകളിലായി 16 അഗ്നിശരക്ഷാസേനാംഗങ്ങളാണു തിരച്ചിൽ നടത്തിയത്.

അതിശക്തമായ കാറ്റും അടിയൊഴുക്കും തടസ്സമായി. വേലിയേറ്റവും വേലിയിറക്കവും തടസ്സം സൃഷ്ടിച്ചു. യമഹ എൻജിൻ ബോട്ടുകൾ പുഴയിൽ കറങ്ങിയതിനാൽ വെള്ളം ശക്തമായി ഇളകിയിട്ടുണ്ട്. ഈ ഭാഗത്ത് പുഴയുടെ ഉൾഭാഗത്ത് കുടുങ്ങിയിട്ടുണ്ടെങ്കിൽ പൊങ്ങിവരുമെന്ന കണക്കു കൂട്ടലിലായിരുന്നു അഗ്നിരക്ഷാസേന.

കാട്ടാമ്പള്ളി ഷട്ടർ അടയ്ക്കാതെ തിരച്ചിൽ

കക്കാട്∙ പുല്ലൂപ്പിക്കടവിൽ 3 പേർ അപകടത്തിൽപെട്ട വിവരം അറിഞ്ഞെങ്കിലും കാട്ടാമ്പള്ളി ഷട്ടർ അടയ്ക്കാൻ അധികൃതർ തയാറായില്ല. രാവിലെ 7.30നു വിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചെങ്കിലും കാട്ടാമ്പള്ളി ഷട്ടർ അടയ്ക്കാൻ നടപടിയുണ്ടായില്ല. കാട്ടാമ്പള്ളി ഷട്ടർ അടച്ചാൽ പുല്ലൂപ്പിക്കടവിൽ നിന്നു വെള്ളത്തിന്റെ ഒഴുക്ക് തടയാനും തിരച്ചിൽ സുഗമമാക്കാനും കഴിയുമെന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചെങ്കിലും അധികൃതർ മുഖവിലയ്ക്കെടുത്തില്ല. അവസാനം പ്രതിഷേധം ഉയരുകയും മേയർ ടി.ഒ.മോഹനനും കെ.വി.സുമേഷ് എംഎൽഎയും ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും ചെയ്തതോടെ 11.30നാണ് ഷട്ടർ അടയ്ക്കാൻ തയാറായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com