ADVERTISEMENT

കണ്ണൂർ∙ കൂടുവിട്ടു പറന്നകന്നു വഴിതെറ്റിപ്പോയ ആഫ്രിക്കൻ തത്ത പൊലീസിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി ! ടൗൺ പൊലീസ് സ്റ്റേഷനിലാണ് ആരിലും കൗതകമുണർത്തുന്ന പുനഃസമാഗമം അരങ്ങേറിയത്. താവക്കരയിലെ സ്വകാര്യ ആശുപത്രിയിലാണു കഴിഞ്ഞ ദിവസം ആഫ്രിക്കൻ തത്ത പറന്നെത്തിയത്. രോഗികളുടെ കൂടെ വന്നവരോടും നഴ്സുമാരോടും തത്ത നല്ല ഇണക്കം കാണിച്ചു. ഒരു ഡോക്ടർ തത്തയ്ക്കു പഴം നൽകി സാവകാശം കൂട്ടിലാക്കി.

തത്തയെ കിട്ടിയ വിവരം ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തത്തയെ തേടി ആളുകൾ എത്താൻ തുടങ്ങിയതോടെ നല്ല വിലവരുന്ന തത്തയാണെന്നു മനസ്സിലാക്കിയ ആശുപത്രി അധികൃതർ ടൗൺ പൊലീസിനു തത്തയെ കൈമാറി. ആശുപത്രിയിൽ വിവരം തേടിയവരോടു പൊലീസിനെ സമീപിക്കാനായിരുന്നു നിർദേശം.  തത്തയെ പൊലീസ് ടൗൺ സ്റ്റേഷനിൽ എത്തിച്ച വിവരമറിഞ്ഞു തങ്ങളുടേതാണെന്ന വാദവുമായി ടൗൺ സ്റ്റേഷനിലേക്ക് ഒട്ടേറെ ഫോൺ കോളുകൾ വന്നു. അതുവരെ ആപ്പിളും വാഴപ്പഴവുമൊക്കെ തത്തയ്ക്കു നൽകി രസിച്ചിരുന്ന പൊലീസിന്  ഉടമസ്ഥനാരെന്നു കണ്ടുപിടിക്കുക തലവേദനയായി. 

സ്റ്റേഷനിൽ അന്വേഷിച്ചെത്തിയ പലർക്കും തത്ത തങ്ങളുടേതാണെന്നു തെളിയിക്കാനായില്ല. അങ്ങനെയിരിക്കെ, തത്തയെ ആശുപത്രിക്കാർക്കു കിട്ടിയെന്ന വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞ് തളാപ്പ് ശ്രീകൃഷ്ണ നിവാസിലെ അദിതിയെന്നെ പെൺകുട്ടിയിലെത്തി. അവർ ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ പൊലീസ് കസ്റ്റഡിയിലാണു തത്തയെന്ന വിവരമറിഞ്ഞു.

സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ കണ്ടപാടേ തത്ത കൊഞ്ചിക്കൊഞ്ചി അദിതിയെന്നു വിളിച്ചു. പെൺകുട്ടി  പിക്കാച്ചൂ എന്നു തിരിച്ചു വിളിച്ചതോടെ തത്ത സന്തോഷത്തിൽ ചിറകിട്ടടിച്ചും തലയിളക്കിയും അദിതിയെന്നു കൊഞ്ചി പറഞ്ഞു കൊണ്ടിരുന്നു. അപ്പോഴാണ് അതിനു മുൻപും തത്ത അദിതിയെന്നും മോളിയെന്നും അമ്പിളിയെന്നുമെല്ലാം കൊഞ്ചി പറഞ്ഞിരുന്ന കാര്യം പൊലീസിന്റെ ഓർമയിലെത്തിയത്. തത്ത പറയുന്നത് എന്താണെന്നു പൊലീസിന് നേരത്തേ വ്യക്തമായിരുന്നില്ല.  ഉടമയുടെ വീട്ടിലെ അംഗങ്ങൾ പരസ്പരം വിളിക്കുന്ന പേരുകളായിരുന്നു അതെല്ലാം. അദിതിയുമായുള്ള പിക്കാച്ചുവിന്റെ ഇണക്കം കണ്ടതോടെ പൊലീസ് ഉറപ്പിച്ചു; പിക്കാച്ചു അദിതിയുടേതു തന്നെ. 

പിന്നീട് അദിതിയും പിക്കാച്ചുവും രക്ഷിതാക്കളോടൊപ്പം തളാപ്പിലെ വീട്ടിലേക്കു മടങ്ങി. ആഫ്രിക്കൻ ഗ്രേ ഇനത്തിൽ പെട്ടതാണ് തത്തയെന്ന് അദിതി പറഞ്ഞു. പഴങ്ങൾ തിന്നാൻ കൂട്ടിൽ നിന്നു പുറത്തിറങ്ങിയ തത്ത വീടിന്റെ പരിസരത്തുകൂടി കറങ്ങി പറക്കുന്നതു പതിവാണ്. കഴിഞ്ഞ 27 ന് തത്ത ഇത്തരത്തിൽ പറന്നപ്പോൾ വഴി തെറ്റിയതായിരിക്കാം എന്നാണ് അദിതിയുടെ നിഗമനം. മംഗളൂരുവിൽ ബിബിഎ ഒന്നാം വർഷ വിദ്യാർഥിയാണ് അദിതി. കാണാതായതിന്റെ നാലാം ദിവസമാണ് പിക്കാച്ചു കൂടണയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com