ADVERTISEMENT

കണ്ണൂർ∙ ജില്ലാ രാഷ്ട്രീയം കലുഷിതമായി നിന്ന നാളുകളിലായിരുന്നു കോടിയേരി ബാലകൃഷ്ണൻ സിപിഎമ്മിന്റെ ജില്ലയിലെ അമരക്കാരനായിരുന്നത്. അക്കാലത്ത് അടിപതറാതെ പാർട്ടിയെ നയിച്ചതിന്റെ ജാഗ്രതയ്ക്കു ലഭിച്ചതായിരുന്നു കോടിയേരിയുടെ പിന്നീടുള്ള സ്ഥാനക്കയറ്റങ്ങളെല്ലാം. 1989ൽ ആണ് കോടിയേരി സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു പോകുന്ന 1995 വരെ 6 വർഷം ആ സ്ഥാനത്തു തുടർന്നു. 

  കോടിയേരി ബാലകൃഷ്ണനും കെ.കെ.ശൈലജയും. (ഫയൽ ചിത്രം)
കോടിയേരി ബാലകൃഷ്ണനും കെ.കെ.ശൈലജയും. (ഫയൽ ചിത്രം)

18 ആണ് പാർട്ടിയിൽ ചേരാനുള്ള പ്രായമെങ്കിലും 16 കഴിഞ്ഞപ്പോൾത്തന്നെ കോടിയേരി സിപിഎമ്മിൽ അംഗമായി. കോളജ് വിദ്യാർഥിയായിരിക്കുമ്പോൾ ബ്രാഞ്ച് സെക്രട്ടറിയായും ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. പിണറായിക്കും ടി.ഗോവിന്ദന്റെ ഇടക്കാല നേതൃത്വത്തിനും ശേഷമായിരുന്നു കോടിയേരി ജില്ലാ സെക്രട്ടറി സ്ഥാനത്ത് എത്തിയത്. കണ്ണൂർ തിളച്ചുമറിഞ്ഞ കാലമായിരുന്നു അത്. 

 സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി  വി.എസ്.അച്യുതാനന്ദൻ എന്നിവരോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി  ബാലകൃഷ്ണൻ (ഫയൽ ചിത്രം)
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ എന്നിവരോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (ഫയൽ ചിത്രം)

ആർഎസ്എസ്–സിപിഎം സംഘർഷം തന്നെയായിരുന്നു പ്രധാനമായും കൈകാര്യം ചെയ്യേണ്ടിയിരുന്നത്. കണ്ണൂർ രാഷ്ട്രീയത്തെ പിടിച്ചുലച്ച നാൽപാടി വാസു വധക്കേസും കെ.വി.സുധീഷ് വധക്കേസും ഈ സമയത്തായിരുന്നു. 1993 മാർച്ച് നാലിനാണ് നാൽപാടി വാസു മട്ടന്നുരിനടുത്ത പുലിയങ്ങോടു വച്ച് വെടിയേറ്റു മരിക്കുന്നത്. കെ.സുധാകരൻ നയിച്ച അക്രമ വിരുദ്ധ ജാഥ പുലിയങ്ങോട് തടയപ്പെട്ടപ്പോൾ സുധാകന്റെ ഗൺമാന്റെ വെടിയേറ്റാണു നാൽപാടി വാസു കൊല്ലപ്പെട്ടതെന്നാണു കേസ്. കെ.സുധാകരന്റെ നിർദേശ പ്രകാരമാണ് വെടിവച്ചതെന്ന രീതിയിൽ ഈ കേസിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ നേതൃത്വം നൽകിയത് കോടിയേരിയായിരുന്നു.

  കോടിയേരി ബാലകൃഷ്ണനോടൊപ്പം പി.ജയരാജൻ  കണ്ണൂരിലെ പാർട്ടി സമ്മേളന വേദിയിൽ.  (ഫയൽ ചിത്രം)
കോടിയേരി ബാലകൃഷ്ണനോടൊപ്പം പി.ജയരാജൻ കണ്ണൂരിലെ പാർട്ടി സമ്മേളന വേദിയിൽ. (ഫയൽ ചിത്രം)

കൂത്തുപറമ്പ് വെടിവയ്പു സമയത്തും കോടിയേരിയായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി. ജില്ല കത്തിയ ആ നാളുകളിൽ അക്രമം പടരാതിരിക്കാനുള്ള ജാഗ്രതയിലായിരുന്നു കോടിയേരി. പാർട്ടിയെ ആ തീച്ചൂളയിലൂടെ നയിച്ചതിന്റെ പാരമ്പര്യമാണു കോടിയേരിയുടെ പിന്നീടുള്ള ഉയർച്ചയ്ക്കു കാരണമായത്. ‘ആ ആറുവർഷം തികച്ചും സംഭവബഹുലമായിരുന്നു. ഒട്ടേറെ അനുഭവങ്ങൾ എനിക്കു നൽകിയ കാലം.’ എന്നാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ കോടിയേരി ഓർത്തിട്ടുള്ളത്. 

   2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോടിയേരി ബാലകൃഷ്ണൻ കുടുംബാംഗങ്ങൾക്കൊപ്പമെത്തി  വോട്ട് രേഖപ്പെടുത്തിയപ്പോൾ. (ഫയൽ ചിത്രം)
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോടിയേരി ബാലകൃഷ്ണൻ കുടുംബാംഗങ്ങൾക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയപ്പോൾ. (ഫയൽ ചിത്രം)

ജില്ലയിലെ പല നേതാക്കളിൽ നിന്നും വിവിധ അംശങ്ങൾ ചേർത്ത് രൂപപ്പെടുത്തിയതാണ് കോടിയേരി തന്റെ രാഷ്ട്രീയ വ്യക്തിത്വം പിണറായിയെ കൂടാതെ ആ കരിയർ രൂപകൽപനയിൽ പങ്കുവഹിച്ചത്. ഇ.കെ. നായനാരും എം.വി. രാഘവനും ചടയൻ ഗോവിന്ദനും പാട്യം ഗോപാലനുമാണ്. എല്ലാവരിൽ നിന്നും നല്ലതു സ്വാംശീകരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഒരിക്കൽ കോടിയേരി പറഞ്ഞിരുന്നു. 

  കോടിയേരി ബാലകൃഷ്ണൻ കുടുംബത്തോടൊപ്പം  കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസ് വേദിയിൽ.
കോടിയേരി ബാലകൃഷ്ണൻ കുടുംബത്തോടൊപ്പം കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസ് വേദിയിൽ.

അമ്മ: അഗാധമായ ഓർമ

‘ജീവിതത്തിൽ എന്നിൽ വ്യക്തിപരമായി ഏറ്റവും സ്വാധീനം ചെലുത്തിയിട്ടുള്ളത് അമ്മയാണ്– നാരായണിയമ്മ. കുടുംബം മുന്നോട്ടു കൊണ്ടു പോവുകയും ഞങ്ങളുടെയെല്ലാം ജീവിതവീക്ഷണം രൂപപ്പെടുത്തുകയും ചെയ്യുന്നതിൽ മുഖ്യപങ്കു വഹിച്ചു അമ്മ. അസാധാരണത്വങ്ങളൊന്നുമില്ലാത്ത ഒരു സ്ത്രീക്ക് തന്റെ ചുറ്റുമുള്ളവരിൽ എത്ര അഗാധമായ സ്വാധീനമായി മാറാമെന്നതിന് മികച്ച ഉദാഹരണമായിരുന്നു അമ്മ.’’ ഇങ്ങനെയാണ് കോടിയേരി ബാലകൃഷ്ണൻ അമ്മയെ ഓർമകൾക്കൊപ്പം കൊണ്ടു നടന്നിരുന്നത്. 

കോടിയേരിയുടെ അമ്മയുടെ കുടുംബമാണ് മൊട്ടേമ്മൽ. സാമാന്യം ഭൂസ്വത്തുള്ളവരായിരുന്നെങ്കിലും ദൈനംദിന കാര്യങ്ങൾക്ക് അധ്വാനിക്കേണ്ടി വന്നിരുന്നു. പശുവിനെ വളർത്തി പാൽ വിറ്റും കൃഷി നടത്തിയുമായിരുന്നു അമ്മ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോയിരുന്നത്.  അച്ഛൻ രാമുണ്ണിക്കുറുപ്പ് കോടിയേരിക്ക് ആറ് വയസ്സുള്ളപ്പോൾ  തന്നെ നഷ്ടപ്പെട്ടിരുന്നു. അഞ്ചു മക്കളിൽ കോടിയേരിയായിരുന്നു ഏറ്റവും ഇളയത്. സഹോദരിമാരായ ലക്ഷ്മി, നളിനി, ജാനകി, സരോജിനി എന്നിവർ ചേർന്നതായിരുന്നു കുടുംബം. സ്കൂളിലും കോളജിലും പഠിക്കുന്ന കാലത്ത് അയൽ വീടുകളിലും മറ്റും പാൽ വിതരണം ചെയ്തിരുന്നത് കോടിയേരിയായിരുന്നു. മാഹി കോളേജിൽ പ്രവേശനം ലഭിച്ച കോടിയേരിക്ക് പഠനാവശ്യത്തിനുള്ള പണം കണ്ടെത്താനായി അമ്മ 8 സെന്റ് സ്ഥലം വിൽക്കുകയായിരുന്നു. 

കുടുംബകാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുമ്പോഴും വീടിന്റെ അകത്തളങ്ങളിൽ മാത്രം ഒതുങ്ങിയതായിരുന്നില്ല അമ്മയുടെ ജീവിതമെന്ന് കോടിയേരി പറയാറുണ്ടായിരുന്നു. അയൽ വീടുകളിലെ പ്രശ്നങ്ങളിൽ ഇടപെടുകയും സഹായങ്ങൾ ചെയ്യുകയും പതിവായിരുന്നു. നാട്ടിൽ അതിസാരം പടർന്നുപിടിച്ച കാലത്ത് കോടിയേരിയുടെ അമ്മ സ്വന്തമായി ചികിത്സാവിധി കണ്ടെത്തിയിരുന്നു. പ്രതിഫലമൊന്നും വാങ്ങാതെ രോഗികൾക്കു നൽകിയിരുന്ന മരുന്ന് ഫലപ്രദവുമായിരുന്നു. 

കോടിയേരിയുടെ സംഘടനാ പ്രവർത്തനം അമ്മയിൽ സംഘർഷമുണ്ടാക്കിയിരുന്നു. അതിന്റെ തുടർച്ചയായിരുന്നു നാട്ടിലെ രാഷ്ട്രീയത്തിൽ നിന്നു മാറി നിൽക്കാൻ കോടിയേരിയെ ചെന്നൈയിലേക്ക് അയയ്ക്കുകയെന്ന അമ്മയുടെ തീരുമാനം. ചൈന്നെയിൽ നിന്നു തിരിച്ചെത്തി കോടിയേരി രാഷ്ട്രീയ രംഗത്ത് സജീവമായതോടെ അമ്മ അതുമായി പൊരുത്തപ്പെടുകയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് തടവിലായിരുന്ന കോടിയേരിയെ കാണാൻ അമ്മ കണ്ണൂർ ജയിലിൽ പോകുമായിരുന്നു. 94ാം വയസ്സിൽ 2006 ജൂലൈ 10ന് ആയിരുന്നു കോടിയേരിയുടെ അമ്മയുടെ വേർപാട്. 

എന്നെ പ്രോത്സാഹിപ്പിച്ച സഖാവ്: കെ.കെ.ശൈലജ എംഎൽഎ 

പാർട്ടിയിൽ തന്റെ വളർച്ചയ്ക്ക് ഏറ്റവും പ്രോത്സാഹനവും പിന്തുണയും തന്ന സഖാവാണു കോടിയേരിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ. ‘ഞാൻ എസ്എഫ്ഐയിൽ പ്രവർത്തിക്കുന്ന ഘട്ടം മുതൽ അദ്ദേഹത്തിന്റെ കരുതൽ ലഭിച്ചു. ഇരിട്ടിയിൽ കോടിയേരി പങ്കെടുത്ത എസ്എഫ്ഐ ഏരിയ സമ്മേളനത്തിൽ വച്ചാണ് ഞാൻ ഏരിയ വൈസ് പ്രസിഡന്റ് ആകുന്നത്. അദ്ദേഹം പാർട്ടി ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി പദവികളിൽ ഉള്ളപ്പോഴും നല്ല പ്രോത്സാഹനമായിരുന്നു.

അദ്ദേഹം സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോഴാണ് എന്നെ അദ്ദേഹം വിളിച്ചു ജനാധിപത്യ മഹിള അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി പദം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നത്. മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്ന ഘട്ടത്തിലും കോടിയേരി ആണു വിളിക്കുന്നത്. ടീച്ചറെ ഇക്കുറി ഒരു സ്ഥാനം തരാൻ പാർട്ടി ഉദ്ദേശിക്കുന്നുണ്ട്, അത് ആരോഗ്യ വകുപ്പാണ് എന്നു പറയുന്നത് അദ്ദേഹമാണ്.

തുടർന്നു മന്ത്രിയായിരിക്കെ നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോഴെല്ലാം  അദ്ദേഹത്തിന്റെ ഉപദേശം തേടുമായിരുന്നു. വളരെ സൗമ്യമായി കാര്യങ്ങൾ കേൾക്കാനും വ്യക്തമായ മാർഗ നിർദേശങ്ങൾ നൽകാനും അദ്ദേഹത്തിനുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. അദ്ദേഹത്തിന്റെ വിയോഗം പരിഹരിക്കാനാവാത്ത നഷ്ടമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com