ADVERTISEMENT

കണ്ണൂർ∙ വിനോദ സഞ്ചാരികളെ ജില്ലയിലേക്ക് കൂടുതലായി എത്തിക്കാൻ ലക്ഷ്യമിട്ട് വിവിധ പദ്ധതികളുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി). കോവിഡിനെ തുടർന്ന് ജില്ലയിൽ സഞ്ചാരികളുടെ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഡിടിപിസിയുടെ ഇടപെടൽ. ഇതിനായി ടൂറിസം സംരംഭകരെ ഒരു കുടക്കീഴിൽ എത്തിക്കുകയാണ് ആദ്യ ദൗത്യം. ജില്ലയിലെ മുഴുവൻ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തി വിദേശികൾ ഉൾപ്പെടെ വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് ഉദ്ദേശം. കണ്ണൂരിനെ കൺനിറയെ കാണാനും അറിയാനും അവസരമൊരുക്കി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളെ യഥേഷ്ടം എത്തിക്കാനുള്ള ആസൂത്രണമാണ് പുരോഗമിക്കുന്നത്. 

ഹോംസ്റ്റേ, സർവീസ് വില്ല, റിസോർട്ട്, ട്രാവൽ ഏജൻസി, ടൂർ ഓപ്പറേറ്റേഴ്സ്, ആയുർവേദ കേന്ദ്രങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടു സംരംഭകർക്ക് പരിശീലനം നൽകും. ടൂറിസം കേന്ദ്രങ്ങളിൽ അപകടം ഉണ്ടായാൽ നടത്തേണ്ട രക്ഷാപ്രവർത്തനം ഉൾപ്പെടെ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യും. വ്യവസായ മേഖലയിലുള്ളവർ, ബാങ്ക് പ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ ടൂറിസം സംരംഭക ക്യാംപുകളിൽ പങ്കെടുപ്പിക്കും. കലക്ടർ മുൻകയ്യെടുത്താണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. വാട്ടർ സ്പോർട്സ്, കയാക്കിങ് എന്നിവയ്ക്ക് കൂടുതൽ പ്രോത്സാഹനം നൽകും. 

വഞ്ചിവീടുകളും കൂടുതലായി ഒരുക്കും. ടൂറിസം സീസൺ ആയ നവംബർ– മേയ് മാസങ്ങളിൽ കൂടുതൽ സഞ്ചാരികളെ എത്തിക്കാൻ കഴിയുമെന്നാണു കണക്ക് കൂട്ടൽ. ഇതിനായി വിമാനത്താവളം– ട്രെയിൻ– കെഎസ്ആർടിസി എന്നിവയുമായി ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് തയാറാക്കും. വിദേശികൾക്ക് ഏറെ ഇഷ്ടപ്പെട്ട തെയ്യം കാഴ്ചകൾ അനുഭവിക്കാൻ തെയ്യം ഡേറ്റാ ബാങ്ക് തയാറാക്കാൻ കലക്ടർ നിർദേശിച്ചിട്ടുണ്ട്. തീർഥാടന ടൂറിസത്തിന്റെ ഭാഗമായി തീർഥാടന കേന്ദ്രങ്ങളെ കോർത്തിണക്കി വാരാന്ത്യത്തിൽ പ്രത്യേക സർവീസ് നടത്തും. വിദേശികളെ പങ്കെടുപ്പിച്ച് അടുത്ത വർഷം കണ്ണൂരിൽ ഇന്റർ നാഷനൽ ഡാൻസ് ഫെസ്റ്റ് നടത്താനും ഡിടിപിസി ആസൂത്രണം ചെയ്യുന്നുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com