ADVERTISEMENT

കണ്ണൂർ∙ തലയെടുപ്പുള്ള രാഷ്ട്രീയ എതിരാളികൾക്കെതിരെ അവരുടെ തട്ടകങ്ങളിൽ വീറുറ്റ തിരഞ്ഞെടുപ്പു പോരാട്ടം നടത്തി താരമായി മാറിയ മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി(54) അന്തരിച്ചു. പക്ഷാഘാതം മൂലം തലച്ചോറിൽ രക്തസ്രാവമുണ്ടായതി നെത്തുടർന്ന് ഈമാസം 19ന് രാത്രി മുതൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നരയോടെ യായിരുന്നു അന്ത്യം. സ്വന്തം വീടുവിറ്റ് അദ്ദേഹം പൂർത്തീകരിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം ഇന്നു 11.30ന് പയ്യാമ്പലത്ത്.

കോൺഗ്രസിലെ ആദർശ രാഷ്ട്രീയത്തിന്റെയും സൗമ്യഭാവത്തിന്റെയും മുഖമായ സതീശൻ പാച്ചേനി, കെപിസിസി ജനറൽ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൺസ്യൂമർഫെഡ് ബോർഡ് അംഗമായിരുന്നു. 5 തവണ നിയമസഭയിലേക്കും 2009ൽ എം.ബി. രാജേഷി നെതിരെ പാലക്കാട് പാർലമെന്റ് മണ്ഡലത്തിലേക്കും മത്സരിച്ചിട്ടുണ്ട്. വിഎസിന് എതിരെ മലമ്പുഴയിൽ 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നടത്തിയ അപ്രതീക്ഷിത പോരാട്ടമാണ് സതീശനെ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയനാക്കിയത്.

6 കോടി രൂപ ചെലവിട്ട്, കണ്ണൂർ ഡിസിസി ഓഫിസ് കെട്ടിട നിർമാണം പൂർത്തിയാക്കിയതാണ്, ഡിസിസി പ്രസിഡന്റെന്ന നിലയിൽ സതീശൻ പാച്ചേനിയുടെ പ്രധാന നേട്ടം. അവസാന ഘട്ടത്തിൽ നിർമാണത്തിനു പണം തികയാതെ വന്നപ്പോൾ സ്വന്തം വീടു വിറ്റാണ് അദ്ദേഹം പണം കണ്ടെത്തിയത്. പിന്നീട് പാർട്ടി കടംവീട്ടി. തളിപ്പറമ്പ് പാച്ചേനിയെന്ന സിപിഎം പാർട്ടി ഗ്രാമത്തിലെ കമ്യൂണിസ്റ്റ് കുടുംബത്തിൽ പരേതനായ പാലക്കീൽ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മകനായി 1968ൽ ജനനം.

കെഎസ്‌യുവിലൂടെ സംഘടനാ പ്രവർത്തന രംഗത്തെത്തി. കെഎസ്‍യു സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2016 ഡിസംബർ മുതൽ 2021 വരെ കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്നു. ഭാര്യ കെ.വി.റീന (തളിപ്പറമ്പ് അർബൻ സഹ. ബാങ്ക് ഉദ്യോഗസ്ഥ). വിദ്യാർഥികളായ ജവാഹർ (കോഴിക്കോട് ദേവഗിരി കോളജ്), സാനിയ (കണ്ണൂർ ഉർസുലിൻ സീനിയർ സെക്കൻഡറി സ്കൂൾ) എന്നിവർ മക്കളാണ്.

സഹോദരങ്ങൾ: സുരേഷ്, ബിന്ദു, സുധ. മൃതദേഹം ഇന്ന് രാവിലെ 7 മുതൽ ഡിസിസി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എന്നിവർ അനുശോചിച്ചു.

∙ഇന്ന് 7 മുതൽ 12 വരെ കണ്ണൂർ കോർപറേഷൻ പരിധിയിൽ ഹർത്താൽ ആചരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com