ADVERTISEMENT

പയ്യന്നൂർ∙ ഉരുട്ടലിനും കൊടിയ മർദനങ്ങൾക്കും ഇരയാകേണ്ടി വന്ന, ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുണ്ട് വെള്ളൂരിൽ. പഴയ നക്സലൈറ്റ് നേതാവ് മയിച്ച ഗോപാലൻ. മരണത്തെ മുഖാമുഖം കണ്ട താൻ 88ാം വയസ്സിലും ജീവിച്ചിരിക്കുന്നത് പേര് ഓർമയില്ലാത്ത, നീലേശ്വരത്തെ ഒരു സബ് ഇൻസ്പെക്ടറുടെ കാരുണ്യത്തിലാണെന്നു ഗോപാലൻ പറയുന്നു. മാവോയിസ്റ്റ് പ്രത്യയശാസ്ത്രം നെഞ്ചേറ്റി നടന്ന പയ്യന്നൂരിലെ ആദ്യകാല ചുമട്ടു തൊഴിലാളിയായിരുന്നു ഗോപാലൻ.

അറുപതുകളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ യുവാക്കൾ രഹസ്യമായി ഒത്തുകൂടി സായുധ വിപ്ലവത്തെ നെഞ്ചോട് ചേർത്തു പിടിക്കാൻ തുടങ്ങിയ കാലം. പയ്യന്നൂരിന് ചുറ്റുമുള്ള കുഞ്ഞിമംഗലത്തും ചെറുതാഴത്തും കരിവെള്ളൂരും വിപ്ലവാവേശത്തിൽ, ചുവന്ന സ്വപ്നങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ട് കൊടിയ മർദനവും ദുരിതങ്ങളും മാത്രം ഏറ്റുവാങ്ങിയവരുടെ പ്രതിനിധിയാണ് ഈ പഴയ ചുമട്ടു തൊഴിലാളി.

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് മുണ്ടൂർ രാവുണ്ണിയടക്കമുള്ള 9 നക്സൽ തടവുകാർ 1971 മേയ് 26ന് ജയിൽ ചാടി. ഭാസി എന്ന വിളിക്കുന്ന ഭാസ്കരനും മുണ്ടൂർ രാവുണ്ണിയും ഒളിവിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നത് പയ്യന്നൂരിനു ചുറ്റുമുള്ള പ്രദേശത്തായിരുന്നു. മുരളീകൃഷ്ണ ദാസിന്റെയും ജയറാം പടിക്കലിന്റെയും നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം തിരച്ചിലിനിറങ്ങി. 

1972 ഫെബ്രുവരി 10ന് പാതിരാത്രി ഏച്ചിലാംവയലിലെ കുഞ്ഞുവീട് വളഞ്ഞ് ഗോപാലനെ പിടിച്ചു. മുണ്ടും തോർത്തും കൊണ്ട് മുഖം ചുറ്റിക്കെട്ടി പൊലീസുകാർ ചുമന്നാണ് പൊലീസ് വണ്ടിയിലേക്ക് കൊണ്ടുപോയത്. ഭാര്യ ജാനുവും കൊച്ചു കുട്ടികളും ശബ്ദം പോലും പുറത്തു വരാതെ പേടിച്ചു പോയിരുന്നു. കണ്ണൂർ തളാപ്പിൽ ക്രൈംബ്രാഞ്ച് ക്യാംപ് ഓഫിസായി പ്രവർത്തിക്കുന്ന വലിയ വീട്ടിലേക്കായിരുന്നു പൊലീസ് വണ്ടിയെത്തിയത്. ഏഴോത്തെ സി.വി.കുഞ്ഞിരാമനും കൊഴുമ്മലിലെ ശങ്കരക്കുറുപ്പും കുഞ്ഞിമംഗലത്തെ സഹോദരങ്ങളായ കെ.പി.കൃഷ്ണനും കെ.പി.ദാമോദരനും പൊലീസിന്റെ പിടിയിലായിരുന്നു.

പൊലീസ് ഭീകര മർദനമുറകൾ ഓരോന്നായി പുറത്തെടുത്തു. ബെഞ്ചിൽ മലർത്തിക്കിടത്തി വരിഞ്ഞുകെട്ടി റൂൾത്തടി കൊണ്ട് തുടയിൽ നിന്ന് കാൽപ്പാദം വരെയും തിരിച്ചും രണ്ടു പേർ ചേർന്ന് ശക്തിയായി ഉരുട്ടി. അനങ്ങാൻ പോലുമാവാതെ, അസ്ഥിയിൽ നിന്നു മാംസം വേർപെടുമ്പോഴുണ്ടാകുന്ന വേദന കടിച്ചമർത്തുന്നതിനിടെ രണ്ടു മൂന്നു തവണ ബെഞ്ച് ചരിഞ്ഞു വീണു. എപ്പോഴെങ്കിലും കിട്ടുന്ന അൽപം ഭക്ഷണം പോലും തിന്നാനാവാതെ അസഹ്യമായ വേദന. ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്നു ഗോപാലന് തോന്നി.മൂന്നു ദിവസം കഴിഞ്ഞ് മൃതപ്രായരായ ഈ 5 പേരുമായി പൊലീസ് വണ്ടി പോയത് തിരുവനന്തപുരത്തുള്ള ക്രൈംബ്രാഞ്ചിന്റെ ക്യാംപ് ഓഫിസിലേക്കായിരുന്നു. അവിടെയും മർദനം തുടർന്നു. 

3 മാസമാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കഴിഞ്ഞത്. ഇവരെ കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബങ്ങൾ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ സത്യഗ്രഹമിരുന്നു. കെ.ആർ.ഗൗരിയമ്മ നിയമസഭയിൽ പ്രശ്നം ഉന്നയിച്ചു. യാഥാർഥ്യം മറച്ചു പിടിക്കാ‍ൻ ഗോപാലനടക്കമുള്ള 5 പേരെയും തമിഴ്നാട് പൊലീസിനു കൈമാറി. മാരകായുധങ്ങളും ലഘുലേഖകളുമായി ആന്ധ്രയിലേക്ക് കടക്കുമ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട ഭീകരർ എന്ന നിലയിൽ പൊലീസ് കോടതിയിൽ ഹാജരാക്കി. ഒരാഴ്ചയോളം തമിഴ്നാട്ടിലെ ലോക്കപ്പിലായിരുന്നു.

ജാമ്യം കിട്ടി വീട്ടിലെത്തിയ ഗോപാലൻ സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചില്ല. അടിയന്തരാവസ്ഥയിൽ ഗോപാലനെ കസ്റ്റഡിയിൽ എടുത്ത് മിസ തടവുകാരനായി കണ്ണൂരിലുള്ള ക്രൈംബ്രാഞ്ച് ക്യാംപ് ഓഫിസിലെത്തിച്ചു. മൂന്നാഴ്ചയോളം ഉരുട്ടലടക്കമുള്ള ഭീകരമർദനം. പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും കൂടുതൽ മൃഗീയ മർദനങ്ങളിലേക്കാണ് എത്തിച്ചത്. അനിരുദ്ധൻ, രാഘവൻ നായർ എന്നീ പൊലീസുകാർ ചേർന്ന് ഇരുകൈകളും തിരിച്ച് പൊട്ടിക്കാൻ ശ്രമം നടത്തിയെന്നും രാഘവൻ പറഞ്ഞു. 

അവരെ പ്രതിരോധിച്ച തന്റെ തല അലമാരയുടെ ഗ്ലാസിൽ ശക്തമായി ഇടിച്ചു. "വെടിവച്ച് കൊല്ലുന്നതാണ് ഇതിനേക്കാൾ നല്ലത്. എന്നിട്ട് സംഘട്ടനത്തിൽ കൊല്ലപ്പെട്ടതാണെന്ന് പറഞ്ഞാൻ മതി" –ഗോപാലൻ ആക്രോശിച്ചു.ചോരയൊലിപ്പിച്ചു നിന്ന ഗോപാലനെ ബലമായി പിടിച്ച് ബെഞ്ചിൽ കിടത്തി ഉരുട്ടാൻ ശ്രമിച്ചപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു. വായിൽ തുണി തിരുകാനെത്തിയ പൊലീസുകാരന്റെ കൈ കടിച്ചു. പിന്നീട് റൂൾ വടി ഉപയോഗിച്ച് വായിൽ തുണി തിരുകിക്കയറ്റി. 

ഉരുട്ടാനുള്ള പുറപ്പാടിലായപ്പോഴാണ് നിലേശ്വരത്തെ സബ് ഇൻസ്പെക്ടർ എത്തി ഈ ഭീകര ദൃശ്യം കണ്ടത്. അയാൾ തന്നെ കെട്ട് അഴിച്ച് സ്വതന്ത്രമാക്കി കൊണ്ട് പൊലീസുകാരോട് ചോദിച്ചു ഇയാളെ കൊല്ലാനുള്ള പരിപാടിയാണോ. ആ സബ് ഇൻസ്പെക്ടർ വന്നില്ലായിരുന്നെങ്കിൽ ജീവൻ ഇടിമുറിക്കുള്ളിൽ ഒടുങ്ങിപ്പോയേനെ– ഗോപാലൻ പറഞ്ഞു. മൂന്നാഴ്ച നീണ്ട കൊടിയ പീഡനത്തിന് അറുതി വന്നത് കണ്ണൂർ സെൻട്രൽ ജയിലിലെത്തിയപ്പോഴായിരുന്നുവെന്ന് ഗോപാലൻ ഓർക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com