ADVERTISEMENT

കൊട്ടിയൂർ∙ കൊട്ടിയൂർ പഞ്ചായത്ത് പ്രമേയത്തിന് എതിരെ കർഷകർ പ്രതിഷേധവുമായി രംഗത്ത്. കൃഷിയിടങ്ങളെ വന്യമൃഗങ്ങളിൽ നിന്ന് രക്ഷിക്കാൻ റെയിൽ ഫെൻസിങ്, ആനമതിൽ, വൈദ്യുതി ഫെൻസിങ് പോലെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് വനാതിർത്തി മേഖലയിൽ നിന്ന് കർഷകർ റീ ലൊക്കേഷൻ പദ്ധതിയിൽ ചേർന്ന ശേഷം ഒഴിഞ്ഞു പോകുന്നത് തടയണം എന്ന പ്രമേയത്തിന് എതിരെയാണു പ്രതിഷേധം. വനം വകുപ്പ് നിശ്ചയിക്കുന്ന തുക വാങ്ങി വനാതിർത്തി പ്രദേശത്തെ കൃഷിഭൂമി വനം വകുപ്പിന് കൈമാറുന്നതിന് കൊട്ടിയൂർ പഞ്ചായത്തിലെ നിരവധി കർഷകർ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രമേയം പാസാക്കിയത്.

വനാതിർത്തിയിലെ കൃഷിയിടങ്ങൾ പണം നൽകി വനം വകുപ്പ് വ്യാപകമായി ഏറ്റെടുക്കുന്നതിലൂടെ കൊട്ടിയൂർ പഞ്ചായത്തിനെ ഇല്ലാതാക്കുന്ന സ്ഥിതിയണെന്നു ആരോപിച്ചാണ് പഞ്ചായത്ത് പ്രമേയം പാസാക്കിയത്. കൊട്ടിയുർ പഞ്ചായത്ത് ഒരു പ്രമേയവും ഒരു അടിയന്തര പ്രമേയവുമാണ് അവതരിപ്പിച്ച് ഐകകണ്ഠ്യേന പാസാക്കിയത്. ഷാജി പൊട്ടയിൽ ആണ് പ്രമേയം അവതരിപ്പിച്ചത്. കെ.കെ.ബാബു അനുവാദം നൽകി. എ.ടി.തോമസ് ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ബാബു മാങ്കോട്ടിലായിരുന്നു അവതാരകൻ.

ഇന്നലെ പഞ്ചായത്തിലെ മൂന്നാം വാർഡിൽ നിന്നുള്ള കർഷകരാണ് പഞ്ചായത്തിന്റെ പ്രമേയത്തിന് എതിരെ പ്രതിഷേധവുമായി എത്തിയത്. കാട്ടാന, കാട്ടുപന്നി എന്നിവയുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ റീ ലൊക്കേഷൻ പദ്ധതിയിൽ ചേർന്ന് ലഭിക്കുന്ന പണം വാങ്ങി ഒഴിഞ്ഞു പോകുക അല്ലാതെ മറ്റ് മാർഗങ്ങൾ മുന്നിൽ ഇല്ലെന്ന് കർഷകർ പറയുന്നു. കൃഷി ചെയ്താൽ കാട്ടുമൃഗങ്ങൾ നശിപ്പിക്കും. വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായിട്ടും വനം വകുപ്പിനോ സർക്കാരിനോ സാധിക്കാത്ത സ്ഥിതിയിൽ വേലികളെ വിശ്വസിച്ച് ഇനിയും കൃഷി ചെയ്ത് സമ്പത്തും സമയവും നഷ്ടപ്പെടുത്താൻ കഴിയാത്ത സ്ഥിതിയാണ് ഉളളതെന്ന് കർഷകർ പറയുന്നു.

പ്രമേയത്തിലെ പ്രധാനപ്പെട്ടവ

∙നിലവിൽ ഉള്ള വനാതിർത്തിയിലൂടെ റോഡ് നിർമിക്കുകയും വഴിവിളക്കും ക്യാമറയും ഫെൻസിങ്ങും സ്ഥാപിക്കണം.
∙ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ വനം വകുപ്പ് താൽപര്യം കാണിക്കുന്നില്ല. നടപ്പിലാക്കുന്ന പ്രതിരോധ മാർഗങ്ങൾ ഫലവത്തല്ല.
∙ വനം വകുപ്പ് സ്വന്തം ഇഷ്ടപ്രകാരം നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ വനാതിർത്തി പ്രദേശം കൂടുതൽ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുകയും കൃഷി ഭൂമികൾ ഇല്ലാതാകുകയും ചെയ്യും.
∙ വനാതിർത്തിയിലെ കൃഷിയിടങ്ങൾ വില കൊടുത്തു വാങ്ങുന്നതിന് ഉപയോഗിക്കുന്ന തുകയോളം ചെലവ് ഇല്ലാതെ വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com