ADVERTISEMENT

പിണറായി ∙ കൃഷി മേഖലയിൽ 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി കൺവെൻഷൻ സെന്ററിൽ കൃഷി ദർശൻ പരിപാടിയുടെ സമാപന സമ്മേളനം വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി മേഖലയിൽ 51 ഇന പരിപാടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു വച്ചത്. അവ പ്രാവർത്തികമാക്കിക്കൊണ്ടാണ് 5 ലക്ഷം തൊഴിൽ എന്ന ലക്ഷ്യം നടപ്പിലാക്കുക. കാർഷിക വിളകളെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണനം ചെയ്തു മുന്നേറ്റം ഉണ്ടാക്കും. കൃഷിക്കാരുടെ വരുമാനത്തിൽ 50 ശതമാനം വളർച്ചയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് അരി ടെക്നോളജി പാർക്ക്, വയനാട് കോഫി പാർക്ക്, ഇടുക്കിയിൽ സ്പൈസ് പാർക്ക് എന്നിവ സ്ഥാപിക്കും. ചേർത്തല ഫുഡ് പാർക്ക് പൂർത്തിയായി. ഓരോ ബ്ലോക്കിലും കാർഷിക കർമ സേന രൂപീകരിക്കും. തലശ്ശേരി ബ്ലോക്കിൽ വരുന്ന 4 വർഷത്തിനുള്ളിൽ 3 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷി മന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിച്ചു. പിണറായി പഞ്ചായത്തിൽ ഈ സാമ്പത്തിക വർഷം തന്നെ ആഴ്ചച്ചന്ത ആരംഭിക്കുമെന്നും ധർമടം കൃഷിഭവൻ സ്മാർട്ടാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. 

അഞ്ചരക്കണ്ടി പുഴ പുനരുജ്ജീവിപ്പിക്കാൻ കൃഷി വകുപ്പ് ജില്ലാ പഞ്ചായത്തുമായി ചേർന്നു പ്രവർത്തിക്കുമെന്നും ഇക്കാര്യത്തിൽ ജലസേചന വകുപ്പുമായി സംയുക്ത യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിനിധി പി.ബാലനെ ചടങ്ങിൽ മന്ത്രി പി.പ്രസാദ് ആദരിച്ചു. റിഫർവാനുകളുടെ ഫ്ലാഗ്ഓഫും മന്ത്രി നിർവഹിച്ചു. തുടർന്നു കൃഷിക്കൂട്ട സംഗമവും ഘോഷയാത്രയും നടന്നു. കംപൗണ്ടർ ഷോപ് ജംക്ഷനിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ മന്ത്രി പി.പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കലക്ടർ എസ്.ചന്ദ്രശേഖർ, കർഷകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സമാപനസമ്മേളനത്തിൽ കൃഷി ദർശന്റെ ഭാഗമായുള്ള അവാർഡുകളുടെ വിതരണവും കൃഷി മന്ത്രി നിർവഹിച്ചു.

 രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവൻ, മുഖ്യമന്ത്രിയുടെ പ്രതിനിധി പി.ബാലൻ, വിവിധ രാഷ്ട്രീയ പാർട്ടി – കർഷക സംഘടനാ പ്രതിനിധികൾ, കലക്ടർ എസ്.ചന്ദ്രശേഖർ, കാർഷിക സർവകലാശാലാ എക്സ്റ്റൻഷൻ ഡയറക്ടർ ജേക്കബ് ജോൺ, കൃഷി വകുപ്പ് സെക്രട്ടറി ബി.അശോക്, കൃഷി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജോർജ് അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.

സംയോജിത കൃഷി പ്രോജക്ടുകളിൽ കൃഷി ഓഫിസർമാർ നിർവഹണ ഉദ്യോഗസ്ഥർ

പിണറായി ∙ കൃഷിദർശന്റെ ഭാഗമായി തലശ്ശേരിയിൽ കൃഷി വകുപ്പ് 5 പുതിയ ഉത്തരവുകൾ പുറത്തിറക്കി. കർഷകരുടെ പരാതികളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയോജിത കൃഷി പ്രോജക്ടുകളിൽ കൃഷി ഉദ്യോഗസ്ഥരെ നിർവഹണ ഉദ്യോഗസ്ഥരായി നിയമിക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവായി. പിണറായിയിൽ പച്ചത്തേങ്ങ സംഭരണത്തിനായി നാളികേര വികസന കോർപറേഷൻ മുഖേന ഒരു സംഭരണ കേന്ദ്രം അനുവദിച്ചു കൃഷി ഡയറക്ടർ ഉത്തരവിട്ടു. 

പച്ചക്കറിക്കൃഷി വികസന പദ്ധതിയിൽ അനുവദിക്കുന്ന പമ്പ്സെറ്റുകൾക്ക് ഉണ്ടായിരുന്ന വൺ എച്ച്പി മിനിമം നിബന്ധന ഒഴിവാക്കിയും ഉത്തരവിട്ടിട്ടുണ്ട്. തലശ്ശേരി ബ്ലോക്ക് പരിധിയിൽ ഔഷധസസ്യക്കൃഷി വ്യാപനത്തിന് അധികമായി 24.5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. തലശ്ശേരി ബ്ലോക്ക് പരിധിയിൽ വന്യമൃഗങ്ങളെ ജൈവമാർഗത്തിലൂടെ കൃഷിയിടത്തിൽ നിന്ന് അകറ്റുന്നതിനു തലശ്ശേരി കൃഷി ഡയറക്ടർ സമർപ്പിച്ച 6.875 ലക്ഷം രൂപയുടെ പ്രോജക്റ്റിനും അംഗീകാരം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com