ADVERTISEMENT

ഇരിട്ടി ∙ കല്ലുമുട്ടിയിൽ ഗൃഹനാഥനെയും കുടുംബത്തെയും പൂട്ടിയിട്ട് വീടു കുത്തിത്തുറന്ന് 8 പവൻ സ്വർണവും പണവും കവർച്ച നടത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. രാമനാഥപുരം പറമ്പകുടിയിലെ രാജ (മാധവൻ – 50)നെയാണ് ഇരിട്ടി പൊലീസ് തമിഴ്‌നാട്‌ പൊലീസിന്റെ സഹായത്തോടെ സാഹസികമായി തമിഴ്നാട്ടിൽ നിന്നു പിടികൂടിയത്. കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് രാജനെന്ന് പൊലീസ് അറിയിച്ചു.

നഗരത്തിലെ ഒരു സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനായ പി.ഷിനു വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണു കഴിഞ്ഞ 18നു രാത്രി കവർച്ച നടന്നത്. ഈ വീട്ടിൽ ഓഫിസ് മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഷിനുവിനെയും ഭാര്യയെയും 2 കുട്ടികളെയും പുറത്തു നിന്നു പൂട്ടി മുൻവശത്തെ വാതിലിന്റെ പുട്ടു തകർത്ത് അകത്തു കയറി സെൻട്രൽ ഹാളിലെ അലമാര കുത്തിത്തുറന്ന് 5 പവൻ തൂക്കം വരുന്ന താലിമാല, 2 സ്വർണ വള, ഒരു ജോഡി കമ്മൽ, മോതിരം എന്നിങ്ങനെ 8 പവനോളം സ്വർണം കവർച്ച ചെയ്യുകയായിരുന്നു.

രാവിലെ ഉറക്കം ഉണർന്നപ്പോൾ വാതിൽ തുറക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഷിനു വീട്ടുടമയെ ഫോൺ വിളിച്ചു വരുത്തി പുറത്തു നിന്ന് ഓടാമ്പൽ ഇട്ടു പൂട്ടിയ വാതിൽ തുറന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണു മോഷണ വിവരം അറിഞ്ഞത്. അറസ്റ്റിലായ രാജനെ കവർച്ച നടത്തിയ കല്ലുമുട്ടിയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച സ്വർണാഭരണങ്ങൾ തിരുവനന്തപുരത്തെ ഒരു കടയിൽ വിൽപന നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി.

വീട് വളഞ്ഞു പിടികൂടി; 12 ദിവസത്തിനകം അറസ്റ്റ്

ഇരിട്ടി എസ്എച്ച്ഒ കെ.ജെ.വിനോയിയുടെയും എസ്ഐ എം.പി.ഷാജിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കവർച്ചാ കേസ് അന്വേഷിച്ചത്. കാര്യമായ സാഹചര്യ തെളിവുകൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ, തമിഴ്നാട്ടിലെ ഉൾഗ്രാമമായ രാമനാഥപുരത്ത് നിന്ന് 12 ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞതും പൊലീസിന്റെ നേട്ടമായി. 

വിരലടയാള വിദഗ്ധർ നൽകിയ സൂചനയാണ് പ്രതിയിലേക്ക് എത്തിയത്. കവർച്ച ഉൾപ്പെടെ വിവിധ കേസുകളിൽപ്പെട്ടവർ ചുറ്റും കഴിയുന്ന ഗ്രാമത്തിൽ മോഷ്ടാവ് ഉണ്ടെന്ന വിവരം തമിഴ്നാട് ക്രൈംബ്രാഞ്ചിന്റെ സഹായത്തോടെയാണ് കേരള പൊലീസ് സ്ഥിരീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com