കണ്ണവം ∙ കണ്ണവം വനത്തിനോടു ചേർന്ന് നിൽക്കുന്ന ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കർഷകർ വന്യ മൃഗങ്ങളുടെ ശല്യം കാരണം കൃഷി ഉപേക്ഷിക്കുന്നു. പാരമ്പര്യമായി വർഷങ്ങളായി തെങ്ങ് കൃഷിയിൽ ഏർപ്പെട്ട ഇവിടങ്ങളിലെ കർഷകർ കൃഷി പാടേ ഉപേക്ഷിച്ച നിലയിലാണ്. വർഷത്തിൽ തെങ്ങിന് ചാണകവും മറ്റ് വളങ്ങളും ഉൾപ്പെടെ നൽകിയാലും വിളവ് കുറവാണ്. ഇതിനിടയിലാണ് വാനര ശല്യവും. രാവിലെ ആരംഭിക്കുന്ന ശല്യം വൈകുന്നേരമാണ് നിർത്തുന്നത്. കൃഷിയിടത്തിൽ വിഹരിക്കുന്ന വാനരന്മാരെ ഓടിക്കാൻ ശ്രമിച്ചാൽ കൂട്ടമായി എത്തി ആക്രമിക്കാൻ തുനിയും. ഇതിനാൽ കൃഷി ഉപേക്ഷിക്കുകയാണ്. കുരങ്ങൻമാർ എത്തിയ പറമ്പിലെ തെങ്ങിൽ നിന്നും ആദായം ലഭിക്കുന്നില്ല. ഇളനീർ ആകുമ്പോൾ തന്നെ വാനരന്മാർ എത്തി പറിച്ച് കുടിക്കുകയാണ് പതിവ്.
വാഴ കൃഷിയും രക്ഷയില്ല
തെങ്ങ് കൃഷി ഉപേക്ഷിച്ച കർഷകർ വനത്തിൽ നിന്നും രണ്ട് കില മീറ്ററോളം മാറി വാഴ കൃഷി തുടങ്ങിയെങ്കിലും കുരങ്ങുകൾ ഇവിടെയും എത്തി കൃഷി നശിപ്പിക്കുകയാണ്. വനത്തിനോട് ചേർന്ന് വിഭവങ്ങൾ തീർന്നതോടെ ആണ് വാനരന്മാർ കൂട്ടമായി കിലോ മീറ്ററുകൾ താണ്ടി വിവിധ പ്രദേശങ്ങളിൽ എത്തുന്നത്.
വാഴത്തോട്ടത്തിൽ കയറി മുഴുവൻ കുലകളും കടിച്ചും തല്ലി പൊഴിച്ചും കളയുകയാണ്. പഴുക്കാറായ പഴങ്ങൾ കഴിച്ച ശേഷം കുലയിലെ മറ്റ് പഴങ്ങൾ കടിച്ച് പറിച്ച് കളയും. ഇത് പിന്നീട് കർഷകർക്ക് ഉപയോഗിക്കാൻ കഴിയില്ല. ഇതോടെ വാഴ കൃഷിയും അവസാനിപ്പിച്ച മട്ടിലാണ് കർഷകർ.വാഴ കൃഷി ചെയ്യുന്ന കർഷകർ 24 മണിക്കൂറും തോട്ടത്തിനു കാവൽ നിൽക്കേണ്ട സ്ഥിതിയാണ്. രാവിലെ വാനരന്മാരെ തോട്ടത്തിൽ അടുപ്പിക്കാതെ പണിയെടുക്കുന്ന കർഷകർക്ക് രാത്രി അൽപം മയങ്ങാം എന്നു വച്ചാൽ പന്നി ശല്യം കാരണം ഉറക്കം ഇല്ലാത്ത അവസ്ഥയാണ്.
വീടിനോട് ചേർന്നുള്ള പറമ്പിലെ കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് തൊടീക്കളത്തിനു സമീപം വാഴ, തെങ്ങ് മുതലായവ കൃഷി ചെയ്യാൻ ആരംഭിച്ചത്. ഇപ്പോൾ ഇവിടെയും എത്തിയ കുരങ്ങന്മാർ കൃഷി പൂർണമായും നശിപ്പിക്കുകയാണ്. ഇതോടെ കൃഷി അവസാനിപ്പിച്ചു. ലഭിക്കുന്ന ആദായം എടുക്കുക മാത്രമാണ് ചെയ്യുന്നത്. കമുകിൽ നിന്നും കിട്ടുന്ന അടയ്ക്ക മുറ്റത്ത് ഉണങ്ങാൻ ഇട്ടാൽ ഇതും എടുത്ത് പോകുകയാണ് കുരങ്ങന്മാർ.
തയ്യിൽ കുഞ്ഞാലി, കർഷകൻ