ADVERTISEMENT

കണ്ണൂർ ∙ ധനരാജ് രക്തസാക്ഷി ഫണ്ട് ഉൾപ്പെടെ പയ്യന്നൂരിലെ പാർട്ടി ഫണ്ടുകളിലെ കോടിക്കണക്കിനു രൂപയുടെ ക്രമക്കേട് സംബന്ധിച്ച് മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണന്റെ പരാതി വീണ്ടും ചർച്ച ചെയ്യാമെന്ന് സിപിഎം. വി.കുഞ്ഞിക്കൃഷ്ണൻ പാർട്ടിയിലും വർഗ ബഹുജന സംഘടനകളിലും വീണ്ടും സജീവമാകണമെന്ന ആവശ്യം ഒത്തുതീർപ്പിന്റെ ഭാഗമായി നേതൃത്വം ഉന്നയിച്ചിട്ടുണ്ട്. പയ്യന്നൂർ ഏരിയാ സെക്രട്ടറി ടി.വി.രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കൃഷ്ണൻ, വി.നാരായണൻ എന്നിവർ കഴിഞ്ഞ ദിവസം കുഞ്ഞിക്കൃഷ്ണനെ സന്ദർശിച്ചാണ് അനുരഞ്ജന ഫോർമുല ചർച്ച ചെയ്തത്. അടുത്ത ഏരിയാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഏരിയാ സെക്രട്ടറി സ്ഥാനത്തേക്കു തന്നെ തിരിച്ചുവരാൻ കഴിയുന്ന ഫോർമുലയാണു നേതാക്കൾ അവതരിപ്പിച്ചത്.

സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണീ നീക്കമുണ്ടായത്. എന്നാൽ, പരാതി ഉന്നയിച്ച തനിക്കെതിരെ നടപടിയെടുത്തത് എന്തിനെന്ന് ഇപ്പോഴും പാർട്ടി വിശദീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ തിരിച്ചു വരില്ലെന്നു നേതാക്കളോടു കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കിയതായാണു വിവരം.  ഫണ്ടുകളിലെ ക്രമക്കേട് സംബന്ധിച്ച് ആരോപണവിധേയർക്കൊപ്പം പരാതി നൽകിയ തനിക്കെതിരെയും പാർട്ടി നടപടിയെടുത്തതിൽ പ്രതിഷേധിച്ചു പൊതുപ്രവർത്തനം അവസാനിപ്പിച്ച വി.കുഞ്ഞിക്കൃഷ്ണൻ, 5 മാസത്തിലധികമായി പാർട്ടി പ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിൽക്കുകയാണ്. 

അതേസമയം, പാർട്ടിയിൽ വീണ്ടും സജീവമാകാൻ, അടുപ്പമുള്ളവരിൽ നിന്ന് കുഞ്ഞിക്കൃഷ്ണനു മേൽ കനത്ത സമ്മർദമുണ്ട്. ക്രമക്കേടുകൾക്കെതിരെ പാർട്ടിക്കകത്തു നിന്നു പോരാടുന്നതിനു വേണ്ടി വീണ്ടും സജീവമാകണമെന്നാണ് ഇവരുടെ ആവശ്യം. ഇതിൽ, ജില്ലാ നേതാക്കളും ഏരിയാ കമ്മിറ്റി അംഗങ്ങളും സാധാരണ പ്രവർത്തകരുമുണ്ട്. ആരോപണവിധേയർക്കെതിരെ പാർട്ടി പേരിനെങ്കിലും നടപടിയെടുത്തതിനാൽ, കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി ശരി വച്ചതായി കരുതാമെന്നും ഇവർ പറയുന്നു. കുഞ്ഞിക്കൃഷ്ണനെ പാർട്ടിയിൽ തിരിച്ചെത്തിക്കണമെന്നു നേതൃത്വത്തിനു മുകളിലും സമ്മർദമുണ്ട്. കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച കണക്കുകളാണു ശരിയെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുത്തതു പാർട്ടിയെ തളർത്തിയതായും പ്രവർത്തകർ കരുതുന്നു. 

ധനരാജ് രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂർ ഏരിയാ കമ്മിറ്റി കെട്ടിട നിർമാണ ഫണ്ട് എന്നിവയിൽ 2 കോടിയോളം രൂപയുടെ തിരിമറിയും ക്രമക്കേടും നടന്നതായി ആരോപിച്ച്, ബാങ്ക് രേഖകൾ സഹിതം വി.കുഞ്ഞിക്കൃഷ്ണൻ സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കു പരാതി നൽകിയത് മലയാള മനോരമയാണു പുറത്തു കൊണ്ടുവന്നത്. തുടർന്ന്, ടി.ഐ.മധുസൂദനൻ എംഎൽഎ അടക്കം, പരാതിയിൽ ആരോപണവിധേയരായ 5 പേർക്കെതിരെ സിപിഎം അച്ചടക്കടനടപടിയെടുത്തു. പയ്യന്നൂർ ഏരിയയിൽ വിഭാഗീയ പ്രവർത്തനം നടക്കുന്നുവെന്ന് ആരോപിച്ച് ഏരിയാ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെ നീക്കുകയും പകരം ടി.വി.രാജേഷിനു ചുമതല നൽകുകയും ചെയ്തു.

ജൂൺ 17നു നടപടികൾ ജില്ലാ നേതൃത്വം പയ്യന്നൂർ ഏരിയയിൽ റിപ്പോർട്ട് ചെയ്തതിനു തൊട്ടുപിറകെയാണു കുഞ്ഞിക്കൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിച്ചത്. ഇതിനു ശേഷം, 3 ഫണ്ടുകളുടെയും ബദൽ കണക്കുകൾ പാർട്ടി പയ്യന്നൂർ ഏരിയയിലെ ഘടകങ്ങളിൽ അവതരിപ്പിച്ചിരുന്നു. അതേസമയം, പരസ്യ പ്രതികരണം നടത്തുകയും പാർട്ടി കമ്മിറ്റികളിൽ തുടർച്ചയായി പങ്കെടുക്കാതിരിക്കുകയും ചെയ്തിട്ടും വി.കുഞ്ഞിക്കൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നില്ല. കുഞ്ഞിക്കൃഷ്ണന്റെ കൈയിലുള്ള യഥാർഥ കണക്ക് പുറത്തു വരുമെന്ന ഭയമാണ് അദ്ദേഹത്തെ പുറത്താക്കുന്നതിൽ നിന്നു പാർട്ടിയെ പിന്തിരിപ്പിക്കുന്നത്.

സാങ്കേതികമായി, സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി അംഗമാണു വി.കൃഞ്ഞിക്കൃഷ്ണനിപ്പോഴും. വ്യക്തമായ കാരണം ബോധിപ്പിക്കാതെ തുടർച്ചയായി 3 യോഗങ്ങളിൽ പങ്കെടുക്കാത്ത കമ്മിറ്റി അംഗത്തെ തൽസ്ഥാനത്തു നിന്നു നീക്കം ചെയ്യുന്ന പതിവ് കുഞ്ഞിക്കൃഷ്ണന്റെ കാര്യത്തിൽ സിപിഎം മാറ്റിവച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com