ADVERTISEMENT

പഴയങ്ങാടി∙ യാത്ര തിരക്കേറിയ താവം റെയിൽവേ  മേൽപാലത്തിൽ  നിരനിരയായി 26 സോളർ വിളക്കുകൾ. പക്ഷേ പേരിന്  ഒന്നുപോലും കത്തുന്നില്ല. മാടായി, ചെറുകുന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മേൽ പാലമാണിത്.  സന്ധ്യ മയങ്ങിയാൽ പാലത്തിലൂടെ ഉളള യാത്ര കണ്ടറിയണം. അത്രമേൽ ദുരിതമാണ്  ഇരുൾ മൂടിയ പാലത്തിലെ യാത്ര. കോടികൾ ചെലവഴിച്ച ഒരു റെയിൽവേ മേൽ പാലത്തിലാണ് ഈ ദുർഗതി.

പാലം തുറന്ന സമയത്ത് വെളളി വെളിച്ചമായിരുന്നു. സോളർ വിളക്കുകൾ ഓരോന്നായി മിഴി അടച്ച് തുടങ്ങിയപ്പോൾ തന്നെ യാത്രക്കാർ അധികൃതരെ  യാത്രാ ദുരിതം അറിയിച്ചിരുന്നു.   എന്നാൽ നടപടികൾ ഒന്നും ഫലം കണ്ടില്ല. 2021 ഓഗസ്റ്റ്  മാസത്തിൽ പിലാത്തറ, പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിലെ മിഴി അടച്ച സോളർ വിളക്കുകൾ നന്നാക്കാനായുളള സർവേ നടത്തിയിരുന്നു.

ഇതിൽ മേൽപാലത്തിലെ 26 സോളർ വിളക്കുകൾ ഉൾപ്പെടും.എന്നാൽ മാസം 15 കഴിഞ്ഞിട്ടും  സോളർ വിളക്കുകൾ തെളിക്കാൻ ആവശ്യമായ നടപടികൾ  ഉണ്ടായില്ല. രാത്രികാലങ്ങളിൽ വാഹനങ്ങൾ മേൽപാലത്തിലും സമീപത്തും  അപകടത്തിൽ പെടുന്നതിലും പാലത്തിലെ വെളിച്ചക്കുറവ് പ്രധാന കാരണമാണ്.

കഴിഞ്ഞ ദിവസം ഗ്യാസ് ടാങ്കർ ലോറിയും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് വഴി മാറിയത്.  ഇതിനടുത്തായുളള പഴയങ്ങാടി റോഡ് പാലത്തിലും സമാനമായ സ്ഥിതിയാണ്.  പാലങ്ങളിൽ വെളിച്ചം എത്തിക്കാൻ അടിയന്തര നടപടി വേണം എന്നാണ് യാത്രക്കാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com