ADVERTISEMENT

പരപ്പച്ചാലിൽ 5 മാസം മുൻപ് വാഹനാപകടത്തിൽ തകർന്നത് അര നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ കൈവരിയാണ്. നീലേശ്വരം– മുക്കട–ഭീമനടി പാതയിൽ ഭാരവാഹനങ്ങൾ തുടർച്ചയായി സഞ്ചരിക്കുന്നതാണ്. പാലത്തിന്റെ തകർന്ന കൈവരികൾ പൂർണമായും പുനർ നിർമിക്കേണ്ടി വരുമെന്ന് പൊതുമരാമത്ത് വകുപ്പു നടത്തിയ പരിശോധനയിൽ കണ്ടെത്തിയതാണ്. മാസങ്ങൾ കഴിഞ്ഞിട്ടും ഭരണാനുമതി കിട്ടാത്തതിൽ ആരാണു കുറ്റക്കാർ. വാഹനമോടിക്കുന്നവരുടെ ഒരു ചെറിയ അശ്രദ്ധ പോലും വലിയ അപകടത്തിനു കാരണമായേക്കുമെന്നുള്ള ആശങ്കയിലാണ് ഇവിടെ നാട്ടുകാർ. പരപ്പച്ചാൽ പാലത്തിന്റെ തകർന്ന കൈവരികൾ കമുകുപയോഗിച്ചു കെട്ടി വെച്ചതിനെക്കുറിച്ചുള്ള മലയാള മനോരമ മെട്രോ വാർത്തയോട് നാട്ടുകാർ പ്രതികരിക്കുന്നു 

പാലം പുനർ നിർമിക്കണം

ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുന്ന അരനൂറ്റാണ്ടിലധികം പഴക്കമുള്ള പാലത്തിനു പകരം ഉയരം കൂട്ടി പുനർ നിർമിച്ചാൽ മാത്രമേ ശ്വാശ്വപരിഹാരം ഉണ്ടാവുകയുള്ളു. ഇരുഭാഗത്തെയും കൊടുംവളവുകളും നേരെയാക്കണം.അടിയന്തരമായി തകർന്ന കൈവരികൾ പുനഃസ്ഥാപിക്കണം. ഇനിയും ഒരു ദുരന്തം ഇൗ നാടിന് സംഭവിക്കാതിരിക്കാൻ അധികൃതർ അലംഭാവം കൈവെടിയുക തന്നെ വേണം. അല്ലാത്ത പക്ഷം ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ മടിക്കില്ല.- ഇ.ടി.ജോസ്, വെസ്റ്റ് എളേരി പഞ്ചായത്ത് അംഗം 

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

shijo-george-gif

ജൂൺ 25 രാവിലെ സിമന്റുമായി വരികയായിരുന്ന ലോറി പാലത്തിന്റെ കൈവരി തകർത്ത് പുഴയിലേക്ക് മറിഞ്ഞത് അന്ന് സന്ധ്യയോടെ പാലത്തിന്റെ മുകളിൽ നിന്ന് നോക്കുകയായിരുന്നു ഞാൻ. ഇൗ സമയം നിറയെ ഗ്യാസ് സിലണ്ടറുകളുമായി വന്ന മറ്റൊരു ലോറി എന്നെ ഇടിച്ച് തെറിപ്പിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഇടത് കാൽമുട്ട് പൂർണമായും തകർന്നു. നെറ്റിയിൽ ആഴത്തിലുള്ള മുറിവും പറ്റി. ദിവസങ്ങളോളം ബോധമില്ലാതെ ആശുപത്രിയിൽ കിടന്നു. ഇപ്പോഴും ചികിത്സ തുടരുന്നു. ചികിത്സക്കായി ഇതിനകം 20 ലക്ഷത്തോളം രൂപ ചെലവായി. നാട്ടുകാരും പള്ളിക്കാരുമാണു ചികിത്സക്കുള്ള പണം തന്നു സഹായിച്ചത്.- ഷിജോ ജോർജ് മാങ്കോട്, അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നയാൾ

ഉറങ്ങാനാകുന്നില്ല

sanalkumar

അപകട നടന്നപ്പോൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. പാലം അപകടാവസ്ഥയിലാണ്. പാലത്തിന്റെ തൊട്ടടുത്ത താമസക്കാരനായതിനാൽ ഭയംകാരണം ഉറങ്ങാൻ പോലും പറ്റാറില്ല. അടിയന്തര പ്രാധാന്യം നൽകി പാലം നവീകരിക്കണം. – സനൽകുമാർ, ഓട്ടോറിക്ഷാ ഡ്രൈവർ

ഭരണാനുമതി വൈകുന്നു

പരപ്പച്ചാൽ അപകടം നടന്നയുടൻ തന്നെ പാലത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിർമാണത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കി നൽകിയിരുന്നു. എന്നാൽ ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. 11 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ പാലത്തിന്റെ തകർന്ന കൈവരികളുടെ പുനർ നിർമാണം, കോൺക്രീറ്റ് പാർശ്വഭിത്തി, സുരക്ഷ ശക്തമാക്കുന്നതിനായി റോഡരികിൽ സുരക്ഷാ വേലികൾ, സൂചനാ ബോർഡുകൾ, പെയിന്റിങ് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പാലത്തിന്റെ പകുതിയിലേറെ തർന്ന കൈവരികൾ പൂർണമായും പുനർനിർമിക്കേണ്ടിവരും. ഭരണാനുമതി ലഭിക്കുന്നതിനനുസരിച്ചു നിർമാണം വേഗത്തിൽ തുടങ്ങാൻ കഴിയും.- ഇ.സഹജൻ, അസിസ്റ്റന്റ് എൻജിനീയർ, പൊതുമരാമത്ത് (പാലം വിഭാഗം) 

നെഞ്ചിടിപ്പാണ്

രണ്ട് അപകടങ്ങളും നേരിൽകണ്ടതിനാൽ പാലം വഴി വാഹനങ്ങൾ കടന്ന് പോകുമ്പോൾ നെഞ്ചിടിപ്പോടെയാണു കഴിയുന്നത്. അടിയന്തരമായും, തകർന്ന കൈവരി പുനഃസ്ഥാപിക്കുകയും പാലത്തിന്റെ ഇരുഭാഗത്തും തെരുവു വിളക്ക് സ്ഥാപിക്കുകയും വേണം –കെ.വി.വസന്തൻ, സമീപത്തെ വ്യാപാരി

അമർഷമുണ്ട്

ഇവിടെ അപകടം നിത്യ സംഭവമായിട്ടും അധികൃതർ കാണിക്കുന്ന സമീപനത്തോട് അതിയായ അമർഷമുണ്ട്. ഇനിയും ഒരു ദുരന്തം സംഭവിക്കാൻ പാടില്ല.- പി.വി.കുമാരൻ, പരപ്പച്ചാൽ, നാട്ടുകാരൻ

കൈവരിയെങ്കിലും നന്നാക്കണം

അപകടസമയം വീട്ടിൽ തന്നെയുണ്ടായിരുന്നു. ഉടൻ മകനോടൊപ്പം രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. വെള്ളത്തിൽ മുങ്ങി മരിച്ച ക്ലീനറെ, എന്റെ മകൻ രാഹുൽ പുറത്തെടുക്കാൻ ഏറെ ശ്രമിച്ചുവെങ്കിലും വണ്ടിയുടെ അടിയിൽ കുടുങ്ങിയതിനാൽ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. അപകടം നടന്ന് 5 മാസം കഴിഞ്ഞിട്ടും തകർന്ന പാലത്തിന്റെ കൈവരി നന്നാക്കാത്തതിൽ പ്രതിഷേധമുണ്ട്. അടിയന്തര നടപടികൾ ഉടൻ ഉണ്ടാകണം.- കെ.പി.ശങ്കരൻ, പാലത്തിന്റെ സമീപവാസി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com