ADVERTISEMENT

ഇരിട്ടി∙ ഒരാഴ്ചയായി മലയോരത്തെ വിറപ്പിക്കുന്ന കടുവയെ മുണ്ടയാംപറമ്പ് കഞ്ഞിക്കണ്ടത്ത് വനം വകുപ്പിന്റെ പ്രത്യേക ദൗത്യ സംഘം കണ്ടെത്തി. 5 മണിക്കൂറോളം പ്രദേശം നിരീക്ഷിച്ച് സുരക്ഷാ വലയം തീർത്തെങ്കിലും കടുവ പൊടുന്നനെ വന്ന വഴി തിരിച്ച് മുണ്ടായംപറമ്പ് അമ്പലം ഭാഗത്തേക്കു നീങ്ങിയതോടെ തുരത്തൽ അനിശ്ചിതത്വത്തിലായി.ഇന്നലെ രാവിലെ 6.30ന് മുണ്ടയാംപറമ്പ് അമ്പലത്തിനു സമീപം നീറാംതടത്തിൽ ബിനു, തന്റെ വീടിനു മുന്നിലെ മരച്ചീനി തോട്ടത്തിൽ കടുവയെ കണ്ടതോടെയാണ് ഈ മേഖലയിലേക്ക് തിരച്ചിൽ കേന്ദ്രീകരിച്ചത്.

കാൽപാട് പിന്തുടർന്ന വനം ദ്രുതകർമ സേനാംഗങ്ങളാണ് മുണ്ടയാംപറമ്പ് – ആനപ്പന്തി റോഡിന്റെയും കഞ്ഞിക്കണ്ടം – വാഴയിൽ റോഡിന്റെയും ഇടയിലുള്ള ചെറുകുന്നിൻ പ്രദേശത്ത് റെന്നി മാത്യുവിന്റെ റബർ തോട്ടത്തിൽ കടുവ ഉണ്ടെന്ന് ഉറപ്പാക്കിയത്. വളരെ അടുത്ത് എത്തിയ ദ്രുതകർമ സേനാ സംഘത്തിനു നേരെ കടുവ 2 തവണ അലറിയതോടെ പ്രദേശം നടുങ്ങി. സാഹസികമായി രക്ഷപ്പെട്ട സംഘം നൽകിയ നിർദേശ പ്രകാരം പ്രദേശത്തു നിന്ന് പൊലീസ് ആളുകളെ അകറ്റി. സമീപത്തെ 80 കുടുംബങ്ങളിലെ ആളുകളോടു വീടിനുള്ളിൽ സുരക്ഷിതരായി കഴിയാനും പറമ്പിൽ മേയ്ക്കാൻ കെട്ടിയ വളർത്തു മൃഗങ്ങളെ അഴിച്ചു കൂടിനുള്ളിൽ കയറ്റാനും നിർദേശിച്ചു.

എ.ടി.അബ്ദുൽ നാസറും സി.കെ.ഷബീറും
എ.ടി.അബ്ദുൽ നാസറും സി.കെ.ഷബീറും

സമീപത്തെ ചെങ്കൽ പണികളുടെ പ്രവർത്തനവും നിർത്തിച്ചു.കടുവയെ കണ്ടെത്തിയ സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്ത്, കടുവ ജനങ്ങൾക്കു ഭീഷണിയായി മുന്നോട്ടു നീങ്ങാതിരിക്കാൻ വനം വകുപ്പിന്റെ 60 അംഗ സംഘം നിശ്ചിത ദൂരത്തായി ചുറ്റും കാവൽ നിന്നു. പൊലീസും ജനപ്രതിനിധികളും ഒപ്പം ചേർന്നു. ഈ ഭാഗത്തു നിന്ന് 4 – 5 കിലോമീറ്റർ ദൂരത്തിൽ അയ്യൻകുന്ന് പഞ്ചായത്ത് അതിർത്തിയിലെ വനമേഖലയിലേക്കു സുരക്ഷിത പാതയൊരുക്കി തുരത്താനായിരുന്നു വനം വകുപ്പിന്റെ ശ്രമം. 

ഇതിനായി വൈകിട്ട് അഞ്ചോടെ വനപാലക സംഘം കടുവ പതിയിരുന്ന മേഖലയിലേക്കു പതിയെ പ്രവേശിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ കടുവ വനപാലക സംഘത്തിനു നേരെ അലറി അടുത്തു. തുടർന്നു മുണ്ടയാംപറമ്പിലേക്ക് ഓടിയതോടെ തുരത്തൽ വീണ്ടും പ്രതിസന്ധിയിലായി. ഇതിനിടെ കടുവയെ ജനവാസ കേന്ദ്രത്തിൽ നിന്ന് ഓടിക്കാത്തതിലും മയക്കു വെടി വച്ചു നീക്കാത്തതിലും നാട്ടുകാർ വനം വകുപ്പിനു നേരെ പ്രതിഷേധമുയർത്തി. ഇക്കാര്യങ്ങളിലുള്ള അപകടാവസ്ഥ വനം വകുപ്പ് നാട്ടുകാരെ അറിയിച്ചു. ചൊവ്വാഴ്ച രാത്രി 9ന് ബെൻഹിൽ ഭാഗത്തു നിന്നു കുന്നോത്ത് എസ്റ്റേറ്റ് ഭാഗത്തേക്കു നീങ്ങുന്നതായി കണ്ടെത്തിയ കടുവയാണു ഇന്നലെ രാവിലെ 6.30ന് 8 കിലോമീറ്റർ മാറി മുണ്ടയാംപറമ്പിൽ പ്രത്യക്ഷപ്പെട്ടത്. മാട്ടറ പീടികക്കുന്നിൽ ആദ്യം കണ്ടെത്തിയ സ്ഥലത്ത് നിന്ന് 30 കിലോമീറ്ററോളം കടുവ സഞ്ചരിച്ചതായാണു നിഗമനം.

കടുവയെ തുരത്താൻ 60 അംഗ സംഘം

കടുവയെ തുരത്തുന്നതിൽ പ്രത്യേക പരിശീലനം നേടിയവർ ഉൾപ്പെടെ 60 വനപാലകരെയാണു മേഖലയിൽ നിയോഗിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള വനം ദ്രുത കർമ സേനാംഗങ്ങളും (ആർആർടി), കൊട്ടിയൂർ, കണ്ണവം, തളിപ്പറമ്പ്, ആറളം വന്യജീവി സങ്കേതം എന്നിവിടങ്ങളിൽ നിന്നുള്ള വനപാലകരും രാവിലെ തന്നെ സ്ഥലത്തെത്തി. റേഞ്ചർമാരായ സുധീർ നേരോത്ത് (കൊട്ടിയൂർ), പി.രതീശൻ (തളിപ്പറമ്പ്), ആറളം അസിസ്റ്റന്റ് വൈൽഡ് വാർഡൻ പി.പ്രസാദ്, ഡപ്യൂട്ടി റേഞ്ചർമാരായ കെ.ജിജിൽ (ഇരിട്ടി), ശശികുമാർ ചെങ്ങൽവീട്ടിൽ (കണ്ണൂർ ആർആർടി), കെ.ഷിജു (കോഴിക്കോട് ആർആർടി) എന്നിവർ വനപാലകരെ 3 സ്ക്വാഡുകളാക്കി തിരച്ചിൽ ഏകോപിപ്പിച്ചു.

പതറാതെ അബ്ദുൽ നാസറും ഷബീറും

തിരച്ചിൽ തുടങ്ങി ഒരു മണിക്കൂറിനിടെ 25 മീറ്റർ അകലെ കടുവയെ നേരിൽ കണ്ട, കോഴിക്കോട് ദ്രുത കർമ സേനയിലെ എ.ടി.അബ്ദുൽ നാസറും സി.കെ.ഷബീറും രക്ഷപ്പെട്ടത് ചങ്കുറപ്പിന്റെ ബലത്തിൽ. സമീപത്തേക്ക് എത്തിയ ഇരുവരുടെയും നേരെ അലറിക്കൊണ്ടാണു കടുവ ആഞ്ഞത്. പിന്തിരിഞ്ഞ് ഓടിയാൽ അപകടം ഉറപ്പ്. കാടു പിടിച്ച സ്ഥലത്തു പിന്നാക്കം മാറിയാണ് ഇവർ സുരക്ഷിത സ്ഥാനത്തേക്കു നീങ്ങിയത്. 

കോഴിക്കോട് ആർആർടിയിലെ ഫോറസ്റ്റർ ടി.വി.ബിനീഷ് കുമാറും ടി.കെ.കരീമും ഉൾപ്പെടുന്ന മറ്റ് ആളുകളും തൊട്ടു പിറകിൽ തന്നെ ഉണ്ടായിരുന്നെങ്കിലും അബ്ദുൽ നാസറും സി.കെ.ഷബീറും നേരെ മുന്നിൽ പെടുകയായിരുന്നു. കാടുപിടിച്ച കൃഷിയിടത്തിലൂടെ അടയാളങ്ങൾ പിന്തുടർന്നാണ് ദ്രുതകർമ സേനാംഗങ്ങൾ മുണ്ടയാംപറമ്പ് – ആനപ്പന്തി റോഡ് മുറിച്ചു കടന്നു കടുവ അടുത്ത പറമ്പിൽ ഉണ്ടാകുമെന്ന നിഗമനത്തിൽ എത്തിയത്. സംഘം നേരിട്ട് ഇവിടെ തിരച്ചിൽ തുടങ്ങി മിനിറ്റുകൾക്കകം കടുവയെ കണ്ടെത്തുകയായിരുന്നു.

കാട്ടിൽ നിന്ന് ചാടി വീണു

രാവിലെ പണിക്കു പോകാൻ തയാറായി തിണ്ണയിൽ ഇരിക്കുകയായിരുന്നു. മുറ്റത്തിനു താഴെയുള്ള മരച്ചീനി തോട്ടത്തിലേക്കു അടുത്ത പറമ്പിലെ കാട്ടിൽ നിന്ന് എന്തോ ചാടി വീഴുന്നതു കണ്ടു. ഞാൻ മുറ്റത്തിറങ്ങി നോക്കി. ഭയന്നു പോയി. 10 മീറ്റർ ദൂരത്തിൽ കടുവ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു. ഉടനെ വീട്ടിൽ കയറി കതകടച്ചു. പഞ്ചായത്ത് അംഗം ഉൾപ്പെടെ ഉള്ളവരെ വിളിച്ച് അറിയിച്ചതോടെ എല്ലാവരും സ്ഥലത്തെത്തി.

ബിനു നീറാംതടത്തിൽ, മുണ്ടയാംപറമ്പ് (കടുവയെ കണ്ടയാൾ) കൂട് വയ്ക്കൽ അപ്രായോഗികം

ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കും. കടുവയെ കാട്ടിലേക്ക് തുരത്തുന്നതു വരെ വനപാലകർ പ്രദേശത്ത് കാവൽ തുടരും. ആരോഗ്യവാനായ കടുവയാണു ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയിട്ടുള്ളത്. കടുവ ഒരു സ്ഥലത്തു തന്നെ ക്യാംപ് ചെയ്യുന്ന രീതി ഇല്ലാത്തതിനാൽ കൂട് വയ്ക്കൽ, ക്യാമറ സ്ഥാപിക്കൽ എന്നിവ അപ്രായോഗികമാണ്. സുധീർ നേരോത്ത്, വനം വകുപ്പ് റേഞ്ചർ, കൊട്ടിയൂർ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com