ADVERTISEMENT

അടയ്ക്കാത്തോട് ∙ മുണ്ടയാംപറമ്പിൽ മുങ്ങിയ കടുവ ഇനി എവിടെ പൊങ്ങും? ഭീതിയിലാണ് മുഴക്കുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ മേഖലകളിലെ ജനങ്ങൾ. നാട്ടുകാരുടെ ഭീതിക്ക് കാരണങ്ങൾ ഏറെയാണ്. ആറളം വന്യജീവി സങ്കേതത്തിന്റെ അതിരുകളിൽ ഉള്ളതും കൊട്ടിയൂർ റേഞ്ച് വനവിഭാഗത്തിന്റെ പരിധിയിൽ വരുന്നതുമായ പ്രദേശങ്ങളിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി കടുവ ഓടി നടക്കുന്നത്. ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് പുറത്ത് ചാടിയ കടുവയാണെന്ന് പറയാം എങ്കിലും മുൻപ് സമാനമായ രീതിയിൽ കടുവകൾ ദിവസങ്ങളോളം ജനവാസ കേന്ദ്രങ്ങളിൽ വിലസിയ ചരിത്രമില്ല.

മുണ്ടയാംപറമ്പിൽ നിന്ന് അപ്രത്യക്ഷമായി കടുവ ഇനി ആറളം വന്യജീവി സങ്കേതത്തിലേക്ക് സ്വയം പിൻവാങ്ങിയാലും ആ വന മേഖലകളും കടന്ന് കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലേക്ക് എത്തുന്നതിന് മണിക്കൂറുകൾ മാത്രം മതിയാകും. കടുവകളുടെ ആവാസ വ്യവസ്ഥകളെ പറ്റി ശാസ്ത്രീയമായ വിശദീകരണങ്ങൾ എത്രത്തോളം ഉണ്ടായാലും ഇതിന് സമാനമായ രീതിയിൽ കടുവയുടെയോ പുലിയുടെയോ സ്ഥിരം സഞ്ചാരം ഈ മേഖലകളിൽ ഉണ്ടായിരുന്നില്ല. പലപ്പോഴും വനാതിർത്തി പ്രദേശങ്ങളോട് ചേർന്നുള്ള മേഖലകളിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം ഇടയ്ക്ക് ഉണ്ടാകാറുണ്ട്.

എടൂരിൽ രാത്രി കടുവയുടെ കാൽപാട് കണ്ടെന്ന ആശങ്കയെത്തുടർന്ന് ക്യാംപ് ചെയ്യുന്ന  വനം വകുപ്പ് സംഘം.
എടൂരിൽ രാത്രി കടുവയുടെ കാൽപാട് കണ്ടെന്ന ആശങ്കയെത്തുടർന്ന് ക്യാംപ് ചെയ്യുന്ന വനം വകുപ്പ് സംഘം.

ചിലപ്പോൾ വളർത്തു മൃഗങ്ങളെ കാണാതാകുകയും വന്യമൃഗങ്ങൾ കൊല്ലുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ദിവസങ്ങളോളം ജനവാസ കേന്ദ്രങ്ങളിൽ പരക്കെ സഞ്ചരിച്ച സംഭവം ഇത് ആദ്യമാണ്. കടുവയെ പിടിക്കണോ വെടി വച്ച് മയക്കണോ അതോ കാട്ടിലേക്ക് പറഞ്ഞയക്കണോ എന്നുള്ള കാര്യങ്ങളിൽ വനം വകുപ്പിന് കൃത്യമായ ഉത്തരം ഇല്ലെങ്കിലും അപ്രത്യക്ഷമായ കടുവ എവിടെ വേണം എങ്കിലും ഏത് സമയത്തും മുന്നിലെത്താം എന്ന ഭീതിയിലാണു ജനം.

പരിശോധന സുരക്ഷാ ജാക്കറ്റ് ധരിച്ച്

കടുവയെ കണ്ട മുണ്ടയാംപറമ്പിൽ തിരച്ചിൽ നടത്താൻ ബത്തേരിയിൽ നിന്ന് ആർആർടി സേനാംഗങ്ങൾ എത്തിയപ്പോൾ.	 ചിത്രം: മനോരമ
കടുവയെ കണ്ട മുണ്ടയാംപറമ്പിൽ തിരച്ചിൽ നടത്താൻ ബത്തേരിയിൽ നിന്ന് ആർആർടി സേനാംഗങ്ങൾ എത്തിയപ്പോൾ. ചിത്രം: മനോരമ

ഇരിട്ടി ∙ കടുവയെ അവസാനമായി കണ്ട മുണ്ടയാംപറമ്പ് – വാഴയിൽ റോഡരികിലെ കാട് നിറഞ്ഞ കുന്നിൽ കടുവ തുടരുന്നു എന്നു തന്നെയായിരുന്നു പ്രദേശവാസികളുടെ ആശങ്ക. മറ്റിടങ്ങളിൽ കാൽപാട് കാണാത്തതിനാൽ വനം, പൊലീസ് സേനകളും ഇതേ സംശയത്തിലായിരുന്നു. രാവിലെ തന്നെ പ്രാഥമിക തിരച്ചിൽ നടത്തിയെങ്കിലും പ്രദേശം അരിച്ചു പെറുക്കിയുള്ള തിരച്ചിലിന് സുരക്ഷാ കാരണങ്ങളാൽ മുതിർന്നില്ല.

കടുവ, പുലി, ആന എന്നിവയെ തുരത്തുന്നതിൽ പ്രത്യേക പരിശീലനം നേടിയ സുൽത്താൻ ബത്തേരി വനം ദ്രുത കർമ സേനാംഗങ്ങൾ എത്താനായിരുന്നു കാത്തിരിപ്പ്. ഫോറസ്റ്റർമാരായ എം.ജെ.രാഘവൻ, ടി.എൻ.ദിവാകരൻ, വാച്ചർമാരായ ഇ. എം. ദിനേശൻ, ടി. എസ്. സനിൽകുമാർ, ഡ്രൈവർ റജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉച്ചയോടെ എത്തി. സുരക്ഷാ ജാക്കറ്റ് ധരിച്ച് ഇവർക്കൊപ്പം കണ്ണൂർ ആർആർടി സംഘാംഗങ്ങളും ചേർന്ന് കാടു പിടിച്ച സ്ഥലത്തേക്കു നീങ്ങി. ജനങ്ങളോട് വീടിനുള്ളിൽ നിന്നു പുറത്തിറങ്ങരുതെന്നു നിർദേശം നൽകിയിരുന്നു.

പൊലീസും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ ഉള്ളവരോടു വാഹനങ്ങൾക്ക് ഉള്ളിൽ കയറാനും നിർദേശിച്ചു. റോഡരികിൽ ജീർണാ വസ്ഥയിലുള്ള വീട്ടിൽ കടുവ ഉണ്ടെങ്കിൽ പുറത്തു ചാടാൻ ഇടയുണ്ടെന്നു മുന്നറിയിപ്പും നൽകിയിരുന്നു. അര മണിക്കൂറിലധികം ശ്വാസമടക്കി എല്ലാവരും ജാഗ്രതയിൽ കഴിഞ്ഞു. ഒന്നരയോടെയാണ് കടുവ അവിടെ ഇല്ലെന്നു സ്ഥിരീകരിച്ചത്. കടുവ മുണ്ടയാംപറമ്പ് വിട്ടു പോയി എന്നതിനു തെളിവു ലഭിക്കാത്തതിനാൽ ആശങ്ക മാറിയിട്ടുമില്ല.

റോഡ് ഉപരോധിച്ചു

ജനവാസ കേന്ദ്രത്തിൽ എത്തിയ കടുവയെ തുരത്താത്തതിൽ പ്രതിഷേധിച്ചു മുണ്ടയാംപറമ്പ് ജംക്‌ഷനിൽ നാട്ടുകാർ റോഡ് ഉപരോധിക്കുന്നു.
ജനവാസ കേന്ദ്രത്തിൽ എത്തിയ കടുവയെ തുരത്താത്തതിൽ പ്രതിഷേധിച്ചു മുണ്ടയാംപറമ്പ് ജംക്‌ഷനിൽ നാട്ടുകാർ റോഡ് ഉപരോധിക്കുന്നു.

കടുവയെ തുരത്താത്തതിൽ പ്രതിഷേധിച്ചു മുണ്ടയാംപറമ്പ് ജംക്‌ഷനിൽ സ്ത്രീകൾ ഉൾപ്പെടെ പ്രദേശവാസികൾ റോഡ് ഉപരോധിച്ചു. വനം വകുപ്പിന്റെ ഭാഗത്തു നിന്നു ഫലപ്രദമായ നടപടി ഇല്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു. അയ്യൻകുന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മിനി വിശ്വനാഥൻ, ബെന്നി പുതിയാംപുറം, ബാലകൃഷ്ണൻ പതിയിൽ, ബാലകൃഷ്ണൻ പുത്തൻപുരയ്ക്കൽ, വിശ്വനാഥൻ പണിക്കരുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com