ADVERTISEMENT

കൊമ്മേരി ∙ ജോണീസ് ഡിസീസ് ബാധിച്ച ആടുകൾക്കു ദയാവധം നൽകാനുള്ള നടപടികൾ താൽക്കാലികമായി നിർത്തി വച്ചു. കോളയാട് പഞ്ചായത്തിലെ കൊമ്മേരിയിലെ ആട് വളർത്തു കേന്ദ്രത്തിലുള്ള 34 ആടുകൾക്കാണ് ഒന്നര വർഷം മുൻപു രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇവയ്ക്ക് ദയാവധം നൽകാൻ 5 ദിവസം മുൻപ് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ ദയാവധത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള കേസ് കോടതിയിൽ നിലനിൽക്കുന്നതിനാൽ ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്ന കള്ളിങ് അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു.

കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം ദയാവധം നടത്താനാണു പുതിയ തീരുമാനം. രോഗം ബാധിച്ച 34 ആടുകളെയും പ്രത്യേക കൂടുകളിലാണു സംരക്ഷിച്ചിരുന്നത്. ഇവയിൽ ആറെണ്ണം ചത്തു പോയിരുന്നു. ബാക്കിയുള്ളവയ്ക്ക് ദയാവധം നൽകാനാണു നിർദേശം നൽകിയിരുന്നത്. ഇത് പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടർമാരും കൊമ്മേരിയിലെ ഫാമിൽ എത്തിയെങ്കിലും അവസാന നിമിഷം നടപടികൾ താൽക്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു. 

കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജന്തു പ്രാണി ദ്രോഹ നിവാരണ സമിതിയാണ് ദയാവധത്തിനെതിരെ കോടതിയെ സമീപിച്ചത്. ജോണീസ് ഡിസീസിന് എതിരെ വാക്സീൻ കണ്ടു പിടിച്ചിട്ടുണ്ട് എന്നും അതിനാൽ ആടുകളെ കൊല്ലേണ്ടതില്ല എന്നുമാണ് സമിതിയുടെ വാദം. കേരളത്തിൽ മാത്രമാണ് ജോണീസ് ഡിസീസിന് ദയാവധം നൽകുന്നതെന്നും രോഗം ബാധിച്ചു എന്നത് കൊണ്ട് ആടുകൾ ചത്തു പോകുന്നില്ല എന്നും സമിതി ചൂണ്ടിക്കാട്ടുന്നു. ഈ വാദങ്ങൾ ഉന്നയിച്ച് സമിതി കോടതിയെ സമീപിച്ചിട്ട് ഒരു വർഷത്തോളമായി. ഇക്കാലം അത്രയും രോഗം ബാധിച്ച ആടുകളെ പ്രത്യേക കൂടുകളിൽ സംരക്ഷിച്ചു വരികയാണ്.

എന്നാൽ ഫാമിലെ മറ്റ് ആടുകളിലേക്കും രോഗം വ്യാപിക്കാൻ സാധ്യത ഉള്ളതായി കണ്ടെത്തിയാണ് ദയാവധം നൽകുന്നതിനു തീരുമാനം എടുത്തത്. പുറമെ നിന്നു ഫാമിലേക്ക് കൊണ്ടുവന്ന ആടുകളിലൂടെയാണു രോഗം പടർന്നതെന്നും ഫാമിലെ ആടുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മറ്റ് ആടുകളിലേക്കു രോഗം പടരാതിരിക്കുന്നതിനു ദയാവധം വേണം എന്ന നിലപാടാണു മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുളളത്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് കൊമ്മേരിയിലെ ആട് വളർത്തു കേന്ദ്രം പ്രവർത്തിക്കുന്നത്. 151 ആടുകളാണ് ഫാമിൽ ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com