ADVERTISEMENT

ശ്രീകണ്ഠപുരം∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ സേനയുടെ യൂസർഫീയുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ആലപ്പുഴ ജില്ലയിലെ ഒരു പഞ്ചായത്തിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് പോയപ്പോൾ ഹരിത കർമ സേനയ്ക്ക് യൂസർഫീ കൊടുത്ത കടലാസ് വേണം എന്ന് പറഞ്ഞതാണ് വിവാദത്തിന് കാരണമായത്. വിവരാവകാശ നിയമപ്രകാരം ഡിഡിപിയോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഹരിതകർമ സേനയ്ക്ക് യൂസർഫീ കൊടുത്ത കടലാസ് ആവശ്യമില്ല എന്നായിരുന്നു മറുപടി. ഈ മറുപടിയെ പിടിച്ച് ഇനി മുതൽ ഇവർക്ക് വീടുകളിൽ നിന്ന് 50 രൂപ കൊടുക്കേണ്ടതില്ല എന്ന പ്രചാരണമാണ് ഇപ്പോൾ കണ്ണൂർ ജില്ലയിൽ നടക്കുന്നത്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വീടുകളിലേയും, സ്ഥാപനങ്ങളിലേയും പ്ലാസ്റ്റിക് മാലിന്യം എടുക്കാനായി എത്തുന്ന ഹരിത കർമ സേനയ്ക്ക് മാസം യൂസർ ഫീ കൊടുക്കണം എന്ന നിർദേശം പഞ്ചായത്തുകളിൽ നിന്ന് നൽകിയിട്ടുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് കെട്ടുകളാക്കി ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് മാറ്റുമ്പോൾ ഇവർക്ക് നൽകേണ്ട പ്രതിഫലം ഉൾപ്പെടെയുള്ള ചെലവുകളിലേക്കാണ് ഈ തുക ഈടാക്കുന്നത്. ഹരിത കർമ സേന സജീവമായതോടെ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ഓരോ പ്രദേശത്തു നിന്നും നീക്കം ചെയ്യുന്നത്. ഹരിത കർമ സേനയ്ക്ക് നൽകേണ്ട യൂസർഫീയെ കുറിച്ച് ഓരോ പഞ്ചായത്തും ബൈലോ പാസാക്കിയിട്ടുണ്ട്. 

വീടുകൾക്ക് 50, വ്യാപാരസ്ഥാപനങ്ങൾക്ക് 100 എന്ന നിലയിലാണ് പ്രതിമാസ ഫീസ് ഈടാക്കുന്നത്. പ്ലാസ്റ്റിക്കുകൾക്ക് പുറമേ തുണി, ചെരിപ്പ്, പ്ലാസ്റ്റിക് കുപ്പികൾ എന്നിവയും ഇവർ ശേഖരിക്കുന്നുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന സാധനങ്ങൾ ഗ്രീൻ കേരള കമ്പനിക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന പ്രചാരണം ഈ സംവിധാനത്തെ തകർക്കാൻ മാത്രമേ ഉപകരിക്കൂ എന്നാണ് ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com