ADVERTISEMENT

മട്ടന്നൂർ/പഴയങ്ങാടി ∙ ഇത്തവണ ട്രാൻസ് വിഭാഗത്തിൽപെടുന്ന സ്ത്രീകൾക്കും അംഗത്വം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കണ്ണൂരിലെത്തിയ പി.കെ.ശ്രീമതി പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കും. താഴെക്കിടയിൽ നിന്നാണു മാറ്റം ഉണ്ടാകേണ്ടത്. ഭക്ഷണം, പാർപ്പിടം, ഒരേ ജോലിക്ക് ഒരേ കൂലി എന്നിവ സ്ത്രീകൾക്കും ഉറപ്പു വരുത്തണം. ഇതിനായി പ്രവർത്തിക്കുമെന്നു ശ്രീമതി പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ ചെറുതാഴം വില്ലേജ് സെക്രട്ടറിയായി 1981ൽ പ്രവർത്തനം തുടങ്ങിയതാണു പി.കെ.ശ്രീമതി. നിലവിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമാണ്. ഇന്നലെ വൈകിട്ട് 3.30നാണ് ഏഴോം നെരുവമ്പ്രത്തെ വീട്ടിൽ പി.കെ.ശ്രീമതി  എത്തിയത്.  പുതിയ പദവി  കൂടുതൽ ഉത്തരവാദിത്തമാണ്. തന്റെ മുൻഗാമികളുടെ നിർദേശങ്ങൾ അഭിപ്രായവും കേട്ടു മുന്നോട്ടു പോകുമെന്നു ശ്രീമതി പറഞ്ഞു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്കെതിരെ ക്രൂരമായ അതിക്രമങ്ങൾ നടന്നു വരികയാണ്. ദേശീയ സമ്മേളനത്തിനെത്തിയ പ്രതിനിധികൾ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ അവസ്ഥ അതീവ ഭീകരമാണെന്നു വ്യക്തമായി.  മതം, ജാതി, ഭാഷ, ഭക്ഷണം എന്നിവയുടെ പേരിൽ പോലും  കൊലകൾ നടക്കുന്നു. അതിലൊന്നും കൃത്യമായ പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ല. ഇതുവരെ നടന്ന പ്രതിഷേധങ്ങളോ പോരാട്ടങ്ങളോ അല്ല. അതിലും ശക്തമായ പോരാട്ടത്തിന്റെ നാളുകൾ അനിവാര്യമായിരിക്കുന്നു. ഒറ്റയ്ക്കുളള പോരാട്ടം എന്നതിനപ്പുറം സ്ത്രീ സുരക്ഷയ്ക്കും സംരക്ഷണത്തിനും  അഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുമുള്ള  യോജിച്ച പോരാട്ടങ്ങൾ തുടരുമെന്നു പി.കെ.ശ്രീമതി മലയാള മനോരമയോട് പറഞ്ഞു. പി.കെ.ശ്രീമതിക്ക് മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി കണ്ണൂർ  വിമാനത്താവളത്തിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, എൻ.സുകന്യ, പി.കെ.ശ്യാമള, എം.വി.സരള, കെ.പി.വി.പ്രീത, കെ.ശോഭന, അനിതാ വേണു, സി.രജനി, എ.കെ.രമ്യ, ടി.ഷബ്ന, ഒ.പ്രീത, പി.കെ.ഷൈമ, കെ.വി.മിനി തുടങ്ങിയവർ സ്വീകരിക്കാൻ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com