ADVERTISEMENT

കൂത്തുപറമ്പ് ∙ വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഘർഷത്തിൽ 15ഓളം വിദ്യാർഥികൾക്ക് പരുക്ക്. പുറമേ നിന്നുള്ളവരാണ് മർദിച്ചതെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് 2 ദിവസത്തെ ഉണർവ് - 2023 പരിപാടിയുമായി ബന്ധപ്പെട്ട് കലാപരിപാടി അവതരിപ്പിക്കുന്ന തിനിടെ ഉണ്ടായ സംഘർഷത്തിലാണ് പരുക്ക്. സാരമായി പരുക്കേറ്റ 3 പേരെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലും 5 വിദ്യാർഥികളെ കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നിഹാൽ ഹംസ(16), സി.പി.റഷാദ്(17), മുഹമ്മദ് സെയിൻ(17) എന്നിവരാണ് കണ്ണൂരിൽ ചികിത്സയിലുള്ളത്. നിഹാലിന്റെ മൂക്കിന് ഇന്നലെ വൈകിട്ട് മൂന്നിന് അടിയന്തര ശസ്ത്രക്രിയ നടത്തി. പ്ലസ് ടു വിദ്യാർഥികളായ കെ.സിയാദ്, വി.വി.റിയാൻ, പി.വി.സഹലിഫ്, വിനീത്, പി.പി.അജ്ഫാൻ, പി.അഫ്നാൻ, കെ.കെ.സിനാൻ എന്നിവരാണ് കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലുള്ളത്.

ഉണർവിന്റെ ഭാഗമായി റംഷി പട്ടുവത്തിന്റെ നാടൻപാട്ട് മേള നടന്നുകൊണ്ടിരിക്കേ ഒരു സംഘം വിദ്യാർഥികൾ വേദിക്ക് മുന്നിൽ നൃത്തം ചവിട്ടിയപ്പോൾ അവരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം ഉടലെടുത്തത്. വിദ്യാർഥികൾ ഒരു വൊളന്റിയർക്ക് നേരെ തിരിയുകയും വയോധികനായ ഒരാളോട് മോശമായി പെരുമാറുകയും െചയ്തെന്നാണ് പറയുന്നത്. തുടർന്നാണ് പുറമെയുള്ളവരും വൊളന്റിയർമാരും കൂട്ടയടി നടത്തിയത്.

അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വൊളന്റിയർമാരായി പ്രവർത്തിച്ചവർ വിദ്യാർഥികളെ തിരഞ്ഞുപിടിച്ച് അക്രമം നടത്തിയെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. വിദ്യാർഥികളെ മർദിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കെപിസിസി അംഗം കെ.സി.മുഹമ്മദ് ഫൈസൽ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com