വെഡ്ഡിങ് ടൂറിസത്തിലും കേരളം മുന്നിൽ: മന്ത്രി
Mail This Article
മുഴപ്പിലങ്ങാട്∙ കേരളം വെഡ്ഡിങ് ടൂറിസത്തിലും മുൻപിലാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഉത്തരേന്ത്യയിൽ നിന്ന് ധാരാളം പേർ കല്യാണം നടത്താൻ കേരളത്തിൽ എത്തുന്നതായും ദിവസങ്ങളോളം താമസിച്ചാണ് തിരിച്ചു പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബീച്ച് ടൂറിസവും സാഹസിക ടൂറിസവും സംയോജിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഡ്രൈവ് ഇൻ ബീച്ചിൽ കടലിൽ 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാൻ സ്ഥാപിച്ച ഫ്ളോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോകത്തിലെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി ന്യൂയോർക്ക് ടൈംസ് കണ്ടെത്തിയിരിക്കുന്നത് കേരളത്തെയാണ്. ഇവിടെ ആഭ്യന്തര ടൂറിസം വർധിച്ചു. 2022ൽ ഒന്നര കോടിയിലേറെ ആഭ്യന്തര വിനോദ സഞ്ചാരികളാണ് എത്തിയത്.
കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർമാർ ഇവിടത്തെ ജനങ്ങളാണ്. മതനിരപേക്ഷമായ സമീപനവും ആതിഥ്യമര്യാദയും വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതായി മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, സബ് കലക്ടർ സന്ദീപ്കുമാർ, ഡിടിപിസി സെക്രട്ടറി ജെ.കെ.ജിജേഷ്കുമാർ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, പഞ്ചായത്ത് പ്രസിഡന്റ് ടി.സജിത,
ധർമടം പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.രവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കോങ്കി രവീന്ദ്രൻ, കെ.വി.ബിജു, മുഴപ്പിലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വിജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി.റോജ, മുഴപ്പിലങ്ങാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അറത്തിൽ സുന്ദരൻ, അംഗം പി.കെ.അർഷാദ്, അനിൽ തലപ്പള്ളി എന്നിവർ പ്രസംഗിച്ചു.