ADVERTISEMENT

ഇരിട്ടി ∙ കൂട്ടുപുഴ പഴയ പാലത്തിലേക്കുള്ള റോഡ് കർണാടക പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു. ഇതോടെ നിരാലംബരും മാനസികാരോഗ്യ പ്രശ്നം ഉള്ളവരും ആയവരെ പുനരധിവസിപ്പിക്കുന്ന സ്നേഹഭവനും പ്രദേശത്തെ വീട്ടുകാരും ഒറ്റപ്പെട്ട നിലയിലായി. നേരത്തേ കൂട്ടുപുഴ ടൗണിൽ കേരളത്തിൽ നിന്നു പഴയ പാലത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതു കേരള പൊലീസ് ബാരിക്കേഡ് വച്ചു അടച്ചിരുന്നു.

കർണാടകയും ഇതേപാത പിന്തുടർന്നതോടെ കൂട്ടുപുഴ പഴയ പാലത്തിന്റെയും പുതിയ പാലത്തിന്റെയും ഇടയിൽ ഉള്ള ഭാഗത്തെ താമസക്കാരും സ്നേഹഭവൻ അന്തേവാസികളും ആണു പ്രതിസന്ധിയിൽ ആയത്.കഴിഞ്ഞ വർഷം ജനുവരിയിൽ കൂട്ടുപുഴ പുതിയ പാലം ഗതാഗതത്തിനു തുറന്നുനൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് മദ്യം, ലഹരി കടത്ത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പഴയ പാലം കവാടം കേരള പൊലീസ് അടച്ചത്. പ്രതിഷേധം ഉയർന്നെങ്കിലും പൊലീസ് ഉയർത്തിയ ന്യായം ചോദ്യം ചെയ്യപ്പെടാൻ കഴിയാത്തത് ആയതിനാൽ നടപടി പുനഃപരിശോധിക്കപ്പെട്ടില്ല. ആളുകൾക്ക് നടന്നുപോകാനുള്ള വീതി മാത്രം ആണ് ഇവിടെ ഉള്ളത്.

കേരള പൊലീസ് പാലം അടച്ചതോടെ പുതിയ പാലം ചുറ്റി റോഡിലൂടെയാണ് സ്നേഹഭവനിലേക്കും ഈ പ്രദേശത്തെ വീടുകളിലേക്കും ഉള്ള സാധന സാമഗ്രികൾ വാഹനത്തിൽ കൊണ്ടു പോയിരുന്നത്. പുതിയ പാലത്തിനു സമീപം കർണാടക പൊലീസും ബാരിക്കേഡ് സ്ഥാപിച്ചതോടെ റോഡിലൂടെ വാഹനങ്ങൾ പോകാൻ ബുദ്ധിമുട്ടായി. 

കാൽനട യാത്രയ്ക്കുള്ള സ്ഥലം മാത്രം ആണ് ഒഴിവാക്കിയിട്ടത്. ടാർ റോഡിനു പുറത്തേക്ക് വാഹനങ്ങൾ ഇറക്കി പോകാതെ കല്ലുകളും കൂട്ടി തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.കൂട്ടുപുഴ പഴയ പാലം പൈതൃക പട്ടികയിൽപ്പെടുത്തി 9.5 ലക്ഷം രൂപ ചെലവിൽ നവീകരിച്ചിരുന്നു. പെയിന്റ് അടിച്ചും ഉപരിതലം വാർത്തും മോഡി കൂട്ടിയ പാലത്തിൽ തുടർന്നുള്ള വികസന പദ്ധതികൾക്കും കർണാടകയുടെ നിലപാട് ഭീഷണിയാണ്.

അതിർത്തിയിൽ കൂട്ടുപുഴ പാലം പണി ഉൾപ്പെടെ കർണാടകയുടെ ത‍ടസ്സവാദത്തെ തുടർന്നു വർഷങ്ങൾ പാതി വഴിക്കിടേണ്ടി വന്നിരുന്നു. മാക്കൂട്ടം മേഖലയിൽ ഉൾപ്പെടെ കേരളവുമായി അതിർത്തി തർക്കവും ഉണ്ട്. ഈ സാഹചര്യത്തിൽ കർണാടക ബാരിക്കേഡ് സ്ഥാപിച്ചതു ആശങ്കയോടെയാണ് അതിർത്തിയിലുള്ളവർ നിരീക്ഷിക്കുന്നത്.

എ.കെ.ദാസൻ പൊതുപ്രവർത്തകൻ, കൂട്ടുപുഴ

കർണാടകയുടെയും കേരളത്തിന്റെയും നിലപാടുകൾ സാധാരണ ജനത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല. പഴയ പാലം അടയ്ക്കാൻ പാടില്ല. അതിർത്തി കടത്തു നിയന്ത്രിക്കുന്നതിന് മറ്റ് മാർഗങ്ങൾ സ്വീകരിക്കുകയാണു വേണ്ടത്. സ്നേഹഭവനിലേക്ക് സഹായവും ആയി എത്തുന്നവർ ഉൾപ്പെടെ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്

ശശീന്ദ്രൻ പനോളി വ്യാപാരി, പേരട്ട

കൂട്ടുപുഴ പഴയ പാലം വഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്നതു ശരിയല്ല. വലിയ പണം മുടക്കി കൂട്ടുപുഴ പാലം നവീകരിച്ചിട്ടുണ്ട്. ഒട്ടേറെ പേരാണ് പഴയ പാലം അടച്ചത് അറിയാതെ കൂട്ടുപുഴ ടൗണിൽ എത്തി മടങ്ങുന്നത്. കർണാടകയും പാലം റോഡ് അടച്ചതോടെ പ്രതിസന്ധി സാഹചര്യങ്ങളിൽ കൂട്ടുപുഴ പഴയ പാലം സമാന്തര റൂട്ടായി ഉപയോഗിക്കാനുള്ള സാഹചര്യം പോലും ഇല്ലാതായി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com