ADVERTISEMENT

കണ്ണൂർ ∙ വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ‌2010 ലാണ് എരമം പുല്ലുപാറയിൽ സൈബർ പാർക്കിനു തറക്കല്ലിട്ടത്. 25 ഏക്കർ ഭൂമി ഏറ്റെടുത്ത് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചു. അൻപതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നിർമിക്കാനുള്ള ഒരുക്കം തുടങ്ങി. പ്രീഫാബ്രിക്കേറ്റഡ് രീതിയിലായിരുന്നു കെട്ടിടം ഉദ്ദേശിച്ചിരുന്നത്. ഇതിനുള്ള സാമഗ്രികൾ അഞ്ചു കോടി രൂപയോളം മുടക്കി പുണെയിൽ നിന്ന് എത്തിക്കുകയും ചെയ്തു. ഇത്രയുമായതോടെ പദ്ധതി സ്തംഭിച്ചു. അതോടെ ജില്ലയിൽ ഐടി പാർക്ക് എന്ന സ്വപ്നവും കാടുകയറി.

പ്രഖ്യാപനത്തിൽ ഒതുങ്ങിയ ജില്ലയിലെ വികസന പദ്ധതികൾ സംബന്ധിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച തെളിയട്ടെ വികസന വഴി എന്ന വാർത്താ പരമ്പരയെത്തുടർന്ന് രണ്ടു വർഷം മുൻപ് പദ്ധതിക്ക് വീണ്ടും ജീവൻവച്ചു. എരമത്തെ ഭൂമിയിൽ വ്യവസായ പാർക്ക് സ്ഥാപിക്കാനും ഐടി പാർക്ക് മട്ടന്നൂരിൽ വിമാനത്താവളത്തിനു സമീപം സ്ഥാപിക്കാനും തീരുമാനിച്ചതായി വ്യവസായ മന്ത്രി പി.രാജീവ് പ്രഖ്യാപിച്ചു. വ്യവസായ വകുപ്പ് കണ്ണൂരിൽ സംഘടിപ്പിച്ച അദാലത്തിലായിരുന്നു മന്ത്രിയുടെ ഉറപ്പ് !

വ്യവസായകേന്ദ്രം ജനറൽ മാനേജർ എരമത്ത് നേരിട്ടെത്തി കാര്യങ്ങൾ പരിശോധിച്ചു. റോഡ് സൗകര്യവും ഹൈടെൻഷൻ വൈദ്യുതി ലൈനുമുണ്ട്. കെട്ടിടത്തിനായി ഇറക്കിയ സാമഗ്രികൾക്കൊന്നും കാര്യമായ കേടുപാട് സംഭവിച്ചിട്ടില്ല. ഇവ ഉപയോഗിച്ചു നിർമാണം തുടങ്ങിയാൽ 70–80 ശതമാനത്തോളം പ്രവൃത്തി പൂർത്തിയാക്കാൻ കഴിയും. നേരത്തേ ഏറ്റെടുത്ത 25 ഏക്കറിനു പുറമേ ആവശ്യമെങ്കിൽ 50 ഏക്കറോളം ഭൂമി സമീപത്ത് ലഭ്യമാണ് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെട്ട റിപ്പോർട്ട് ഫയലിൽ ഉറങ്ങാൻ തുടങ്ങിയിട്ട് ഒന്നര വർഷം പിന്നിട്ടു.

തീർന്നില്ല, കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി ബാലഗോപാൽ വകയും കിട്ടി ജില്ലയ്ക്ക് സൈബർ പാർക്ക്. കൊല്ലത്തും കണ്ണൂരുമായി സ്ഥാപിക്കുന്ന ഐടി പാർക്കുകൾക്കായി 1000 കോടി രൂപ അനുവദിച്ചുവെന്നായിരുന്നു പ്രഖ്യാപനം. കോഴിക്കോട് ഐടി പാർക്കുമായി ബന്ധിപ്പിക്കുന്ന ഐടി ഇടനാഴി പദ്ധതിയും പ്രഖ്യാപിച്ചു. രണ്ടും ഏതോ ഇരുണ്ട ഇടനാഴിയിൽ കുരുങ്ങിക്കിടക്കുമ്പോൾ അടുത്ത ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി ഇന്നു വീണ്ടും പെട്ടി തുറക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com