പഴയങ്ങാടി∙ അപകട മരണങ്ങളിൽ നടുങ്ങി നാട്. ഇന്നലെ വൈകിട്ട് 5ന് പഴയങ്ങാടി പാലത്തിന്റെ താവം ഭാഗത്ത് കാറും സ്കൂട്ടിയും കൂട്ടിയിടിച്ചാണ് രണ്ട് സ്ത്രീകൾ മരിച്ചത്. കീഴറ കണ്ണപുരം നോർത്ത് എൽപി സ്കൂളിലെ അധ്യാപിക എരമം കുറ്റൂരിലെ സി.പി. വീണ (48), പഴയങ്ങാടി റെയിൽ സ്റ്റേഷന് സമീപത്തെ താഹിറാസിൽ എം.പി.ഫാത്തിമ (24) എന്നിവരാണ് മരിച്ചത്. ഭർത്താവ് ഓടിച്ച കാറിൽ മുൻ സീറ്റിലായിരുന്ന ഫാത്തിമ.
പിൻസീറ്റിൽ ഉമ്മ താഹിറയും ഒന്നര വയസുകാരിയായ മകൾ ഇസയും ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഭർത്താവ് കുട്ടിയസൻ സാക്കിയ്കും നിസാര പരുക്കേറ്റു. ഭർത്താവ് കെ.വി. മധുസൂദനനൊപ്പം സ്കൂട്ടിയിൽ പഴയങ്ങാടി ഭാഗത്ത് നിന്നുവരികയായിരുന്നു അധ്യാപികയായ സി.പി.വീണ. അപകട വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനിറങ്ങി.
ഇരുവരെയും വേഗത്തിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകട വിവരമറിഞ്ഞ് ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിലേക്കും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും വൻ ജനപ്രവാഹമായിരുന്നു. ഇന്ന് രാവിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.