പാൽച്ചുരം∙ വന്യമൃഗ ശല്യത്തെ കുറിച്ച് നിയമ സഭയിൽ ഒന്നാം തീയതി നടത്തിയ അടിയന്തിര പ്രമേയ ചർച്ചയിൽ സണ്ണി ജോസഫ് എംഎൽഎ പരാമർശിച്ച കാഞ്ഞിരത്താംകുഴിയിൽ തോമസ് എന്ന കർഷകൻ നടത്തി വരുന്ന ഏകാംഗ സമരം 75–ാം ദിവസത്തിലേക്ക്. കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരം ആശ്രമം കവലയ്ക്ക് സമീപമാണ് തോമസ് ഒറ്റയാൾ സമരം തുടരുന്നത്. ഇവിടെ തോമസിനും കുടുംബത്തിനും സ്വന്തമായുള്ള മൂന്നര ഏക്കർ ഭൂമിയിൽ എല്ലാ കൃഷികളും വാനരപ്പട എത്തി നശിപ്പിച്ചു കഴിഞ്ഞു.
ഇനി അവശേഷിക്കുന്നത് ഏതാനും നാലഞ്ച് ജാതിയും തെങ്ങും പിന്നെ കശുമാവും മാത്രമാണ്. ആകെ വരുമാനം കിട്ടാനുള്ള കശുമാവിന് നേരേ കൂടി വാനരൻമാർ അതിക്രമത്തിന് മുതിർന്നതോടെ ആണ് ഒറ്റയാൾ പോരാട്ടത്തിന് തോമസ് തുനിഞ്ഞിറങ്ങിയത്. കൂട്ടമായി എത്തുന്ന കുരങ്ങൻമാർ കശുമാവിന്റെ തൊലി കൂടി തിന്നു തുടങ്ങിയതോടെ മരം ഉണങ്ങി നശിക്കാൻ തുടങ്ങി. ഇവയെ പ്രതിരോധിക്കാൻ ആരം സഹായത്തിന് എത്തിയില്ല. വനം വകുപ്പ് കൈ മലർത്തി.
ഇതോടെ കൃഷിയിടത്തിൽ കുരങ്ങ് കയറിയാൽ തുരത്തുന്നതിനായി പകൽ മുഴുവൻ കാവലിരിക്കേണ്ടതായി വന്നു. എന്ത് ചെയ്താലും കാട്ടുപന്നിയും കുരങ്ങും നശിപ്പിക്കും എന്നതാണ് അവസ്ഥ. നഷ്ടപരിഹാരം കിട്ടുകയുമില്ല. കശുമാവിനെ എങ്കിലും വാനരൻമാരിൽ നിന്ന് രക്ഷപ്പെടുത്താനാണ് ഈ സമരവും കാവലും. വന്യമൃഗങ്ങളിൽ നിന്ന് വിളകളെ രക്ഷിക്കാനും വാനരൻമാരെ പ്രതിരോധിക്കാനും മാർഗം കാണാതെ കർഷകർ വലയുമ്പോഴും ഒന്നുമറിയാത്ത മട്ടിലാണ് വനം വകുപ്പ്.