ADVERTISEMENT

ഇരിട്ടി/കണ്ണൂർ ∙ പാലുകാച്ചിയിൽ പുലികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ കൊട്ടിയൂർ പഞ്ചായത്തും വനം വകുപ്പും തമ്മിലുള്ള തർക്കം രൂക്ഷമായി. കർഷകർക്കും വളർത്തുമൃഗങ്ങൾക്കും കൃഷിക്കും ഭീഷണിയായ പുലികളെ എത്രയും പെട്ടെന്നു പിടികൂടി പ്രദേശത്തു നിന്ന് ഒഴിവാക്കണമെന്ന് വൈൽഡ് ലൈഫ് വാർഡനെയും കണ്ണൂർ ഡിഎഫ്ഒയെയും നേരിൽകണ്ട് കൊട്ടിയൂർ പഞ്ചായത്ത് അംഗങ്ങൾ  ആവശ്യപ്പെട്ടു. 

കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകത്തിന്റെ നേതൃത്വത്തിൽ 12 പഞ്ചായത്ത് അംഗങ്ങളാണ് ഇന്നലെ ഇരിട്ടിയിലുള്ള വന്യജീവി സങ്കേതം ഓഫിസിലും കണ്ണൂരിലെ ഡിഎഫ്ഒ ഓഫിസിലും എത്തി വാർഡനെ കണ്ടത്. കൂടു വച്ചോ മയക്കുവെടി വച്ചോ പുലിയെ പിടികൂടാൻ കഴിയുമോ എന്നതു സംബന്ധിച്ചു പരിശോധിക്കുമെന്ന് ഡിഎഫ്ഒ പി.കാർത്തിക് അറിയിച്ചു.

വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞ സ്ഥിതിക്ക് എത്രയും വേഗം പുലിയെ പിടികൂടാനുള്ള നടപടി സ്വീകരിക്കുമെന്ന് ഡിഎഫ്ഒ കൊട്ടിയൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ അറിയിച്ചു. ഇതു സംബന്ധിച്ച് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യും. പ്രദേശം ഇന്നോ നാളെയോ ഡിഎഫ്ഒ സന്ദർശിക്കും.സ്ഥലത്തു രാത്രിയും പകലും വനം വകുപ്പ് പട്രോളിങ് നടത്തുമെന്നും കാർത്തിക് ഉറപ്പു നൽകി. 

പുലി പ്രശ്നംസഭയിലും പാലുകാച്ചിയിലെ പുലി സാന്നിധ്യത്തെ നിയമസഭയിൽ ഉന്നയിച്ച് സണ്ണി ജോസഫ് എംഎൽഎ. ഇന്നലെ ചോദ്യോത്തര വേളയിലാണ് എംഎൽഎ വിഷയം സഭയിൽ അവതരിപ്പിച്ചത്. പരിസ്ഥിതിലോല മേഖലയുടെ ദുരിതങ്ങൾ നിറഞ്ഞ പ്രദേശത്തു വന്യമൃഗങ്ങൾ കൂടി വിലസുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണു വിഷയം അവതരിപ്പിച്ചത്.

റോയ് നമ്പുടാകം കൊട്ടിയൂർ. പഞ്ചായത്ത്. പ്രസിഡന്റ്

നാട്ടിലിറങ്ങുന്ന വന്യജീവികളെ പിടികൂടി പെരിയാർ ടൈഗർ റിസർവിലേക്കും പറമ്പിക്കുളം റിസർവിലേക്കും മാറ്റി പാർപ്പിക്കാൻ ആലോചനയുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ മറുപടി നൽകി.കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ ഒട്ടേറെ പ്രദേശങ്ങളിൽ റബർ ടാപ്പിങ് മുടങ്ങിയിട്ടു ദിവസങ്ങളായി. കുട്ടികൾ സ്കൂളിൽ പോകാനും തൊഴിലുറപ്പ് തൊഴിലാളികൾ പണിക്കു പോകാനും ഭയപ്പെടുന്നു. ഈ നിലയിൽ അധികനാൾ മുന്നോട്ടു പോകാനാകില്ല. അടിയന്തര നടപടികൾ ഉണ്ടാകാത്ത പക്ഷം ജനകീയമായി പ്രതിരോധിക്കുക തന്നെ ചെയ്യും.

ജനവാസ കേന്ദ്രത്തിൽ വന്യജീവി: ബന്ധപ്പെടേണ്ടത്ഡിവിഷനൽ ഫോറസ്റ്റ് ഓഫിസുമായി

പേരാവൂർ ∙ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൈകാര്യം ചെയ്യേണ്ടതു വനം വകുപ്പിന്റെ ഏതു ഡിവിഷനാണെന്നത് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇതു സാധാരണ ജനങ്ങളെ മാത്രമല്ല മറ്റ് സർക്കാർ വകുപ്പുകളെയും പഞ്ചായത്തുകളെയും വരെ വട്ടം ചുറ്റിക്കാറുണ്ട്. വന്യമൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങിയാൽ പിടികൂടേണ്ടതും തിരികെ വനത്തിൽ എത്തിക്കേണ്ടതും നടപടി സ്വീകരിക്കേണ്ടതും

വന്യജീവി സങ്കേതം ഓഫിസ് മുഖേനയാണെന്നു കരുതുന്നവരുണ്ട്. എന്നാൽ വന്യജീവി സങ്കേതത്തിനുള്ളിലെ ജീവികളുടെ കാര്യത്തിൽ മാത്രമാണ് വൈൽഡ് ലൈഫ് വിഭാഗത്തിന് അവകാശമുള്ളത്. വന്യജീവി സങ്കേതത്തിനു പുറത്തു വന്നാൽ അതിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിലാണ്. ജനവാസ കേന്ദ്രത്തിൽ വന്യജീവി എത്തിയാൽ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസുമായി േവണം ബന്ധപ്പെടാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com