ചെറുവാഞ്ചേരി ∙ ടൗണിന് സമീപം കല്ലുവളപ്പിൽ പീടിക കെട്ടിടത്തിന് സമീപം സൂക്ഷിച്ച മരത്തടികൾക്ക് തീ പിടിച്ചു. ചിറ്റാരിപ്പറമ്പിലെ മുഞ്ഞോറയിൽ ഹൗസിൽ മുണ്ടയോടൻ ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള 7 മുറി പീടികയ്ക്ക് സമീപം സൂക്ഷിച്ച മരത്തടികൾക്കാണ് തീ പിടിച്ചത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
മട്ടന്നൂർ എയർപോർട്ടിലേക്കുള്ള യാത്രക്കാരാണ് തീ പിടിത്തം കണ്ട് പ്രദേശത്തുള്ളവരെ വിവരമറിയിച്ചത്. കടയ്ക്കകത്തേക്കും സമീപത്തെ വൈദ്യുത ട്രോസ്ഫോമറിലേക്കും തീ വ്യാപിക്കുന്നത് തടയാൻ കൂത്തുപറമ്പിൽ നിന്ന് എത്തിയ അഗ്നി രക്ഷാ സേനയുടെ സമയോചിതമായ പ്രവർത്തനത്തിലൂടെ കഴിഞ്ഞു.
കൂത്തുപറമ്പ്, പാനൂർ ഫയർ യൂണിറ്റുകൾ എത്തിയാണ് തീ കെടുത്തിയത്. കൂത്തുപറമ്പ് സ്റ്റേഷൻ ഇൻചാർജ് ഒ.കെ.രജീഷ്, അസി.സ്റ്റേഷൻ ഓഫിസർ രതീശൻ ആയില്യത്ത്, പി.വി.വിപിൻ, സി.കെ.രാരിഷ്, എച്ച്.ജി.മനോജ്, സീനിയർ ഫയർ ഓഫിസർ സുനിൽ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.