കണ്ണൂർ∙ പുല്ലൂപ്പിയിൽ പരിസരവാസി കണ്ടത് കാട്ടുപൂച്ചയായിരിക്കാനാണു സാധ്യതയെന്ന നിഗമനത്തിലാണു വനപാലകരെങ്കിലും പ്രദേശത്ത് പുലി ഭീതി അവസാനിച്ചിട്ടില്ല. വീടിനു പിന്നിൽ വന്യജീവി കടിച്ചുകൊന്ന നിലയിലുള്ള നായ്ക്കുട്ടിയെ കണ്ടെത്തിയതും തെരുവുനായ ശല്യം ഏറെയുണ്ടായിരുന്ന സ്ഥലത്ത് ഇന്നലെ രാവിലെ മുതൽ നായ്ക്കൾ അപ്രത്യക്ഷമായതും പുലിയുടെ സാന്നിധ്യം കൊണ്ടാണെന്ന സംശയം പരിസരവാസികളിൽ ബലപ്പെട്ടിരിക്കുകയാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടെത്തിയതും വെള്ളത്തിലൂടെ വരാനുള്ള സാധ്യതയും നാട്ടുകാർ പങ്കിടുന്നു. കണ്ടൽ തുരുത്തുകൾ പുലിക്ക് ഒളിച്ചിരിക്കാൻ കഴിയുന്ന ഇടവുമാണ്. ചൊവ്വ രാത്രി 8.30നാണ് പുല്ലൂപ്പി ജെല്ലി കമ്പനിക്കു സമീപം ഇരുട്ടിൽ പുലിയുടെ സാദൃശ്യമുള്ള ജീവിയെ കണ്ടതായി പരിസരവാസിയായ കൈതപ്രത്ത് വീട്ടിൽ വി.അൻസാരി പറഞ്ഞത്.
തെരുവുനായ്ക്കൾ കൂട്ടത്തോടെ കുരച്ചതും തുടർന്ന് അൻസാരിയുടെ വീട്ടിലെ കോഴികൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയതും ശ്രദ്ധയിൽപെട്ടപ്പോഴാണ് അൻസാരിയും ഭാര്യ ഖയറുന്നീസയും പുറത്തിറങ്ങി നോക്കിയത്. ഈ സമയത്താണ് ഇരുട്ടിലൂടെ ഉയരം കുറഞ്ഞ് നീളമുള്ള പുലി പോലെയുള്ള ജീവി ഓടിമറയുന്നതു കണ്ടത്.
കുറച്ച് സമയം കഴിഞ്ഞാണ് അടുക്കള ഭാഗത്ത് അലക്കുകല്ലിനു സമീപത്തായി നായക്കുട്ടി ചത്തു കിടക്കുന്നതു കണ്ടു. വന്യജീവി കടിച്ച ലക്ഷണങ്ങൾ ദേഹത്തുണ്ടായിരുന്നു.സ്ഥലത്തെ തെരുവുനായ്ക്കൾ എന്തിനെയോ കണ്ട് ഭയന്ന് കൂട്ടത്തോടെ കുരച്ച് ഓടുന്നതു ശ്രദ്ധയിൽ പെട്ടിരുന്നതായി പുല്ലൂപ്പിയിലെ ദേശീയപാത വികസന പ്രവൃത്തി ഓഫിസിലെ സുരക്ഷാ ജീവനക്കാരും പറയുന്നു.
അർധരാതിയോടെ രണ്ടു വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ലക്ഷണങ്ങൾ നോക്കുമ്പോൾ നായയെ കടിച്ചതു കാട്ടുപൂച്ചയായിരിക്കാനാണ് സാധ്യതയെന്ന നിഗമനത്തിലാണു വനപാലകർ. പുലി ഒരു ജീവിയെ കൊന്നാൽ അതിനെ തിന്നാതെ പോവില്ല. പുല്ലൂപ്പിയിൽ ചത്ത നായക്കുട്ടി അതേ നിലയിൽ കിടക്കുകയാണ്. എന്നാൽ നായ്ക്കുട്ടിയെ ആക്രമിക്കുന്നതിനിടയിൽ നായ്ക്കൾ കൂട്ടത്തോടെ കുരച്ച് ഓടിയടുത്തതു കൊണ്ടാവാം പുലി രക്ഷപ്പെട്ടതെന്ന മറുവാദവുമുണ്ട്.
മുൻപും പുലി

കണ്ണൂർ നഗര മധ്യത്തിലെ തായത്തെരുവിൽ നിന്ന് 2017 മാർച്ച് 5 ന് പുലിയെ പിടികൂടിയിരുന്നു. പതിവിൽ നിന്ന് വ്യത്യസ്ഥമായി ആകാശത്ത് പരുന്തുകൾ കൂട്ടത്തോടെ ശബ്ദമുണ്ടാക്കി വട്ടം ചുറ്റി പറക്കുന്നതു ശ്രദ്ധയിൽ പെട്ടപ്പോഴാണ് പരിസരവാസികൾ നോക്കിയത്. നായ്ക്കളും കുരച്ചു പരക്കം പാഞ്ഞതോടെ കാട്ടുമൃഗം നഗരത്തിലെത്തിയന്ന സംശയം ബലപ്പെട്ടു.
തുടർന്നാണു പുലിയെ കണ്ടെത്തിയത്. മയക്കുവെടി വച്ചാണു പുലിയെ പിടികൂടിയത്.35 വർഷങ്ങൾക്ക് മുൻപ് കണ്ണൂർ നഗരത്തിന് സമീപം കുഞ്ഞിപ്പള്ളിയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് പുലി കണ്ടെത്തിയിരുന്നതായി മുതിർന്നവർ പറയുന്നു.