ADVERTISEMENT

തളിപ്പറമ്പ് ∙ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടതോടെ വിവിധ കേസുകളിലായി വർഷങ്ങൾക്കു മുൻപേ പൊലീസ് പിടികൂടിയ 200 ഓളം വാഹനങ്ങൾ മണിക്കൂറുകൾക്കുള്ളിൽ വെള്ളാരംപാറയിൽ കത്തിയമർന്നു. തീപിടിത്തങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇവിടെ ഫയർ ബെൽറ്റ് നിർമിച്ച് അഗ്നിസുരക്ഷാ സംവിധാനം ഒരുക്കണമെന്ന് പൊലീസിനു നിർദേശം നൽകിയിരുന്നതായി റീജനൽ ഫയർ ഓഫിസർ പി.രഞ്ജിത്ത് പറഞ്ഞു. 

തളിപ്പറമ്പ്, പയ്യന്നൂർ സബ് ഡിവിഷനുകൾക്കു കീഴിലുള്ള തളിപ്പറമ്പ്, പരിയാരം, പഴയങ്ങാടി, പയ്യന്നൂർ, വളപട്ടണം, മയ്യിൽ, പരിയാരം, കുടിയാൻമല, ആലക്കോട്, ശ്രീകണ്ഠപുരം തുടങ്ങിയ സ്റ്റേഷനുകളിൽ പിടികൂടിയ വാഹനങ്ങളാണ് ഇവിടെ കത്തിയത്. കൂടുതലായും മണൽ, മദ്യക്കടത്ത് കേസുകളിൽ പിടികൂടിയ വാഹനങ്ങളാണ് ഉള്ളത്. ഒരു മണ്ണുമാന്തിയന്ത്രവും കത്തി നശിച്ചതിൽ ഉൾപ്പെടുന്നു. ഒട്ടേറെ ടോറസ്, ടിപ്പർ, മിനി ലോറികളും ഇതിൽ ഉൾപ്പെടും. കാറുകൾ, ഓട്ടോറിക്ഷകൾ, വാനുകൾ, ആഡംബര വാഹനങ്ങൾ എന്നിവയും ഒട്ടേറെ ബൈക്കുകളും കത്തിച്ചാമ്പലായി.

വാഹനങ്ങളുടെ ടാങ്കുകളിൽ ഇന്ധനങ്ങൾ ബാക്കിയുള്ളതാണ് തീപിടിത്തം അതിവേഗം പടരാൻ ഇടയാക്കിയത്. ഇത്തരത്തിൽ ഇന്ധനം ബാക്കിയുള്ള ടാങ്കുകളും വാഹനങ്ങളുടെ ടയറുകളും പൊട്ടിത്തെറിച്ചതോടെ തീപിടിത്തം നിയന്ത്രണാതീതമാവുകയായിരുന്നു. 4.5 ഏക്കർ സ്ഥലത്ത് 2017ലാണ് ഇവിടെ ഡംപിങ്‌യാർഡ് ആരംഭിച്ചത്. പൊലീസ് സ്റ്റേഷനുകളിൽ പിടികൂടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്ത അവസ്ഥ വന്നതോടെ പൊലീസിന്റെ അപേക്ഷ പ്രകാരം റവന്യു അധികൃതർ താൽക്കാലികമായി നൽകിയ സ്ഥലത്താണ് ഡംപ്‌യാർഡ് ആരംഭിച്ചത്.

fire-kannur
തളിപ്പറമ്പ് ശ്രീകണ്ഠപുരം റോഡിലെ വെള്ളാരം പാറയിലെ ഡംപിങ് യാർഡിലുണ്ടായ തീപിടിത്തം.

വിജനമായ സ്ഥലത്തുള്ള ഡംപിങ്‌യാർഡിന് മുൻപിൽ ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന സംസ്ഥാനപാത ആയതിനാൽ സുരക്ഷാ ഭീഷണി ഏറെയാണ്. കഴിഞ്ഞ വർഷമുണ്ടായ തീപിടിത്തത്തിലും ഏതാനും വാഹനങ്ങൾ കത്തി നശിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഡംപ്‌യാർഡിനു ചുറ്റും കാടുകൾ തെളിച്ച് തീവച്ച് നശിപ്പിച്ച് ഫയർ ബെൽറ്റ് ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസം മുൻപ് അഗ്നിരക്ഷാ സേന പൊലീസ് സ്റ്റേഷനിൽ നോട്ടിസ് നൽകിയിരുന്നു. എന്നാൽ കാട് തെളിക്കുക മാത്രമാണ് ചെയ്തതെന്നാണു സൂചന. വെട്ടിക്കളഞ്ഞ കാടുകൾ അവിടെ തന്നെ വീണ് ഉണങ്ങിയത് അപകട ഭീഷണി വർധിപ്പിച്ചു.

അഗ്നിബാധ നിയന്ത്രിച്ചത് അഗ്നിരക്ഷാസേനക്കൊപ്പം നാട്ടുകാരും കൈകോർത്ത്

ഇന്ധന ടാങ്കുകളുള്ള വാഹനങ്ങളിൽ അതിവേഗം തീ പടർന്നപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനക്കൊപ്പം നാട്ടുകാരും ഒത്തൊരുമിച്ചതോടെയാണ് നാടിനെ ഭീതിയിലാക്കിയ തീപിടിത്തം കെടുത്താനായത്. 6 കിലോമീറ്ററോളം ദൂരെയുള്ള തളിപ്പറമ്പിൽ നിന്ന് തന്നെ വെള്ളാരംപാറയിലെ അഗ്നിബാധയുടെ ഭാഗമായി കനത്ത പുകചുരുളുകൾ ഉയരുന്നത് കാണാമായിരുന്നു. തീ പടരുന്നതു കണ്ട് അഗ്നിരക്ഷാ സേന എത്തുന്നതിന് മുൻപു തന്നെ നാട്ടുകാരും രംഗത്തിറങ്ങി.

3 കിലോമീറ്ററോളം ദൂരെയുള്ള തളിപ്പറമ്പ് അഗ്നിരക്ഷാസേന കുതിച്ചെത്തി ചുമട്ടു തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹായത്തോടെ പുറത്തേക്കെടുക്കാവുന്ന വാഹനങ്ങൾ നീക്കുകയായിരുന്നു. ഇത്തരത്തിലാണ് കഴിഞ്ഞ ദിവസം പിടികൂടിയ 2 ബസുകളും ഒരു ടിപ്പർ ലോറിയും രക്ഷപ്പെടുത്തിയത്. തുടർന്ന് കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നും യൂണിറ്റുകൾ എത്തിയതോടെ 7 യൂണിറ്റ് അഗ്നിരക്ഷാ വാഹനങ്ങൾ 6 മണിക്കൂറോളം കഠിന പ്രയത്നം ചെയ്താണ് വൈകിട്ട് 4 ഓടെ തീ നിയന്ത്രണ വിധേയമാക്കിയത്. അപ്പോഴേക്കും 200 ഓളം വാഹനങ്ങൾ പൂർണമായി കത്തിയമർന്നിരുന്നു.

റീജനൽ ഫയർ ഓഫിസർ പി.രഞ്ജിത്ത്, ജില്ലാ ഫയർ ഓഫിസർ ഹരിദാസൻ, തളിപ്പറമ്പ് സ്റ്റേഷൻ ഓഫിസർ സി.പി.രാജേഷ്, ഗ്രേഡ് അസി. ഓഫിസർ കെ.വി.സഹദേവൻ, കണ്ണൂ‍ർ സ്റ്റേഷൻ ഓഫിസർ കെ.വി.ലക്ഷ്മണൻ എന്നിവരുടെ നേതൃത്വത്തിലുള്ള 40 ഓളം ഫയർ ഓഫിസർമാരാണ് മണിക്കൂറുകൾ പ്രയത്നിച്ചത്. നാട്ടുകാരും ആർഡിഒ ഇ.പി.മേഴ്സി, തഹസിൽദാർ പി.സജീവൻ, ഡിവൈഎസ്പി എം.പി.വിനോദ് കുമാർ, സിഐ എ.വി.ദിനേശൻ, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർക്കും: ആർഡിഒ

പൊലീസ് ഡംപിങ്‌യാർഡിലെ തീപിടിത്തത്തിന്റെ സാഹചര്യങ്ങൾ പരിശോധിക്കാൻ ബന്ധപ്പെട്ടവരുടെ യോഗം അടിയന്തിരമായി വിളിച്ച് ചേർക്കുമെന്ന് ആർഡിഒ ഇ.പി.മേഴ്സി പറഞ്ഞു. തളിപ്പറമ്പ്, പയ്യന്നൂർ സബ് ഡിവിഷൻ പരിധിയിലെ ഡിവൈഎസ്പിമാർ, പൊലീസ് ഉദ്യോഗസ്ഥർ, യാർഡ് സ്ഥിതി ചെയ്യുന്ന കുറുമാത്തൂർ പഞ്ചായത്ത് അധികൃതർ എന്നിവരെ പങ്കെടുപ്പിച്ചാണു യോഗം നടത്തുക. ഇവിടെ സുരക്ഷാ മാർഗങ്ങളെ കുറിച്ചും മറ്റു നടപടികളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും. ഇവിടെ വെള്ളം സംഭരിച്ച് വയ്ക്കുന്ന ടാങ്ക് ഉൾപ്പടെ സ്ഥാപിക്കണമെന്ന് നാട്ടുകാർ മുൻപേ ആവശ്യപ്പെട്ടിരുന്നു.

വാഹനങ്ങൾ കത്തിയത് അന്വേഷണത്തെ ബാധിക്കില്ല: റൂറൽ എസ്പി

അഗ്നിബാധയിൽ വാഹനങ്ങൾ കത്തിയത് അവ ഉൾപ്പെടുന്ന കേസ് അന്വേഷണത്തെ ബാധിക്കില്ലെന്ന് റൂറൽ എസ്പി പി.ഹേമലത പറഞ്ഞു. വാഹനങ്ങളുടെ എല്ലാവിധ രേഖകളും കേസ് റിക്കാർഡുകളും പൊലീസിന്റെ കയ്യിലുണ്ട്. അതുകൊണ്ട് തന്നെ ഇവ കത്തിയത് അന്വേഷണത്തെ ബാധിക്കില്ല. ഡംപിങ്‌യാർഡിനു ചുറ്റും അഗ്നിസുരക്ഷ ഒരുക്കിയിരുന്നുവെന്നും എസ്പി പറഞ്ഞു. കാടുകൾ തെളിച്ച് ഫയർ ബെൽറ്റ് നിർമിച്ചിരുന്നു. റവന്യു വകുപ്പ് താൽക്കാലികമായി നൽകിയ സ്ഥലമായതിനാൽ മതിൽ നിർമാണം ഉൾപ്പെടെ നടത്താൻ സാധിക്കാത്ത അവസ്ഥയാണ്. ഇനിയും കുടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്നും അവർ‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com