ADVERTISEMENT

കണ്ണൂർ∙ ക്ഷേമ പെൻഷൻ ലഭിക്കാനായി വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ സർട്ടിഫിക്കറ്റിനായി ഗുണഭോക്താക്കളുടെ നെട്ടോട്ടം.

ജില്ലയിലെ ഭൂരിപക്ഷം വില്ലേജ് ഓഫിസുകളിലും ഇന്നലെ വലിയ തിരക്ക് അനുഭവപ്പെട്ടു. അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം വില്ലേജ് ഓഫിസർ അംഗീകരിച്ച സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കുകയാണ് വേണ്ടത്.

ഇതിനായി അപേക്ഷകർ നേരിട്ട് വില്ലേജ് ഓഫിസുകളിൽ എത്തേണ്ട ആവശ്യമില്ല. എന്നാൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതിയായതിനാൽ ഇന്നലെ അപേക്ഷ സമർപ്പിച്ചവർ നേരിട്ട് സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ തേടി വില്ലേജ് ഓഫിസുകളിലെത്തിയതും തിരക്കു കൂടാനിടയാക്കി

കണ്ണൂർ വില്ലേജ് ഓഫിസ് ഒന്നിൽ കഴിഞ്ഞ ശനിയാഴ്ച വരുമാന സർട്ടിഫിക്കറ്റിനായി മാത്രം എത്തിയത് 250 ഓളം അപേക്ഷകളാണ്. ഇതിനുപുറമെ വില്ലേജ് ഓഫിസർമാർ അനുവദിക്കേണ്ട മറ്റു സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകർ കൂടി വന്നതോടെ വില്ലേജ് ഓഫിസർമാരുടെ ജോലിഭാരം ഇരട്ടിയിലേറെയായി.

എടക്കാട് വില്ലേജ് ഓഫിസിൽ 300 അപേക്ഷകളാണു 2 ദിവസത്തിനിടെ ലഭിച്ചത്. കീഴല്ലൂർ, കൂടാളി, പട്ടാനൂര‍്‍ വില്ലേജുകളിൽ ലഭിച്ച മിക്ക അപേക്ഷകളിലും തീർപ്പാക്കി. പഞ്ചായത്തുകളിൽ ചുരുക്കം ചിലർ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുണ്ട്. 

പഴശ്ശി, കൊളാരി, ശിവപുരം വില്ലേജ് ഓഫിസുകളിൽ സാധാരണ ഉള്ള അപേക്ഷകർ മാത്രമാണ് ഇന്നലെയുണ്ടായത്. അക്ഷയ കേന്ദ്രങ്ങളിലും വരുമാന സർട്ടിഫിക്കറ്റ് അപേക്ഷകൾ കൂടുതലായി ഉണ്ടായില്ല.

ഉദയഗിരിയിൽ ഇന്നലെ തിരക്കനുഭവപ്പെട്ടു. അതേസമയം, വെള്ളാട്, കൂവേരി, എരുവാട്ടി, ആലക്കോട് വില്ലേജ് ഓഫിസുകളിൽ പതിവിൽക്കവിഞ്ഞ തിരക്കുണ്ടായില്ല.

വെള്ളാട് വില്ലേജ് ഓഫിസിൽ പെൻഷൻകാരുടെ വരുമാന സർട്ടിഫിക്കറ്റ് മുഴുവൻ നൽകിക്കഴിഞ്ഞതായി വില്ലേജ് ഓഫിസർ പറഞ്ഞു. കഴിഞ്ഞ 4 മാസത്തിനുള്ളിൽ 3050 സർട്ടിഫിക്കറ്റുകൾ നൽകിയതായും അദ്ദേഹം പറഞ്ഞു.

കരിവെള്ളൂർ വില്ലേജിൽ ഇന്നലെ 26 അപേക്ഷയാണ് ലഭിച്ചത്. കരിവെള്ളൂർ, പെരളം വില്ലേജുകളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു.

ഏഴോം, മാടായി വില്ലേജ് ഓഫിസുകളിലായി 100 അപേക്ഷകൾ ബാക്കിയുണ്ട്. മാട്ടൂൽ വില്ലേജ് ഓഫിസിൽ 30 അപേക്ഷ വന്നു. തളിപ്പറമ്പ് മേഖലയിൽ കാര്യമായ തിരക്കുണ്ടായില്ല. ശ്രീകണ്ഠാപുരം മേഖലയിൽ, വരുമാന സർട്ടിഫിക്കറ്റുകൾ ഇനിയും ഹാജരാക്കാത്തവരുണ്ട്.

മാർച്ച് മാസത്തെ റവന്യു റിക്കവറി ഉൾപ്പെടെയുള്ള ജോലിത്തിരക്കുകൾക്കിടയിലാണ് വരുമാന സർട്ടിഫിക്കറ്റിനുള്ള അപേക്ഷകളും കൂട്ടത്തോടെയെത്തിയത്.

‘സമയപരിധി നീട്ടണം’

കണ്ണൂർ‌∙ സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള സമയ പരിധി ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ചന്ദ്രൻ ധനമന്ത്രിക്കു നിവേദനം നൽകി. പലർക്കും സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സാധിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി.

ആദ്യം സോഫ്റ്റ്‌വെയർ ചതിച്ചു

വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനാവശ്യപ്പെട്ട് സർക്കാർ നിർദേശം വന്ന് മാസങ്ങൾ കഴിഞ്ഞാണ് സോഫ്റ്റ്‌വെയർ തയാറായത്. ഇതിനു മുൻപു തന്നെ ഒട്ടേറെപ്പേർ വില്ലേജ് ഓഫിസുകളിൽ നിന്നു വരുമാന സർട്ടിഫിക്കറ്റ് വാങ്ങി ഹാജരാക്കിയിരുന്നു.

എന്നാൽ സോഫ്റ്റ്‌വെയർ വന്നതോടെ 6 മാസം മുൻപുള്ള സർട്ടിഫിക്കറ്റ് അപ്‌ലോഡാകുന്നില്ലെന്നും വീണ്ടും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടതും ഗുണഭോക്താക്കളെ ദുരിതത്തിലാക്കി.

സാധാരണ നിലയിൽ വരുമാന സർട്ടിഫിക്കറ്റിന് ഒരു വർഷത്തെ കാലാവധിയുണ്ടെങ്കിലും സോഫ്റ്റ്‌വെയർ ഇത്തരത്തിൽ തയാറാക്കിയതാണു പ്രയാസം സൃഷ്ടിച്ചത്.

ഒരു കുടുംബത്തിൽ നിന്നു ഭർത്താവും ഭാര്യയും ഉൾപ്പെടെ രണ്ടുപേർ ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ കുടുംബ വാർഷിക വരുമാനം കണക്കാക്കി ഒരു വരുമാന സർട്ടിഫിക്കറ്റ് മതിയാകുമെങ്കിലും സോഫ്റ്റ്‌വെയറിന്റെ അപാകത മൂലം രണ്ടു പേർക്കും വെവ്വേറെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വന്നതും ഗുണഭോക്താക്കളെ ദുരിതത്തിലാക്കി.

രാപകൽ ജോലി കെ.കെ.ജയദേവൻ (കണ്ണൂർ 1 വില്ലേജ് ഓഫിസർ)

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാപകൽ ജോലി ചെയ്യേണ്ട അവസ്ഥയായിരുന്നു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ഓഫിസ് സമയമെങ്കിലും രാവിലെ 8ന് ഓഫിസിലെത്തും.

രാത്രി എട്ടിനാണു മടങ്ങുന്നത്. വീട്ടിലെത്തിയാലും രാത്രി വൈകിയും പുലർച്ചെയും ജോലി ചെയ്താണ് സമയബന്ധിതമായി സർട്ടിഫിക്കറ്റ് അനുവദിക്കാൻ കഴിഞ്ഞത്.

കൃത്യമായി അന്വേഷണം നടത്തി സർട്ടിഫിക്കറ്റ് അനുവദിക്കാൻ ഒരാഴ്ച സമയമുണ്ടെങ്കിലും ക്ഷേമ പെൻഷന് അപേക്ഷിക്കേണ്ട സമയപരിധി കുറവായതിനാൽ വേഗത്തിൽ അന്വേഷണം നടത്തിയാണ് സർട്ടിഫിക്കറ്റുകൾ അനുവദിച്ചത്.ഇന്നലെ വൈകിട്ടു വരെ ലഭിച്ച എല്ലാ അപേക്ഷകളിലും വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com