ADVERTISEMENT

മാങ്ങാട്ടിടം ∙ ജമ്മു കശ്മീരിൽ മരിച്ച സൈനികൻ ആമ്പിലാട് ശരിഷാലയത്തിൽ എം.ശരിത്തിന്റെ ഭൗതിക ശരീരം സഹപ്രവർത്തകരായ സൈനികർ വീട്ടുമുറ്റത്ത് എത്തിക്കുമ്പോൾ വീടും പരിസരവും ജന നിബിഡമായിരുന്നു. വീട്ടിനകത്ത് നിന്ന് അമ്മ ശോഭനയുടെയും പിതാവ് മുല്ലോളി ശശീന്ദ്രന്റെയും തേങ്ങലുകളും ദീനരോദനവും ഉയർന്നപ്പോൾ ശരിത്തിനെ ഒരു നോക്ക് കാണാനെത്തിയ ആബാലവൃദ്ധം മിഴികൾ നനഞ്ഞ് മൗനം പൂണ്ടു.  അച്ഛനും അമ്മയും പ്രതീക്ഷയർപ്പിച്ച ശരിത്തിന്റെ ഭൗതിക ശരീരത്തിൽ തേങ്ങലടക്കാതെയാണ് അമ്മയും 2 സഹോദരിമാരും പിതാവും അന്ത്യചുംബനം നൽകി യാത്രയയച്ചത്. 

വീട്ടുമുറ്റത്ത് അൽപസമയം പൊതുദർശനത്തിന് വച്ചപ്പോൾ സഹപാഠികളും കൂട്ടുകാരും യാത്രാമൊഴി നൽകി. സിആർപിഎഫ് കണ്ണൂർ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മൃതദേഹം കൊണ്ടുവന്നതും സംസ്കാര നടപടികൾ വരെ ഒപ്പമുണ്ടായതും. സൈനികരുടെ ഗാർഡ് ഓഫ് ഓണറിന് ശേഷം വീട്ടുപറമ്പിൽ സംസ്കാരം നടത്തി. അനുശോചന യോഗത്തിൽ കെ.രാഘവൻ അധ്യക്ഷത വഹിച്ചു. യു.എൻ.സത്യചന്ദ്രൻ, ഹരിദാസ് മൊകേരി, എൻ.ധനഞ്ജയൻ, കെ.അജേഷ്, ഒ.രതീശൻ, രജിനേഷ് കക്കോത്ത് എന്നിവർ പ്രസംഗിച്ചു. ഇന്നലെ രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഉച്ചയോടെയാണ് സ്വദേശത്ത് എത്തിച്ചത്.

കിണവക്കലിൽ നിന്ന്  ആമ്പിലാട് ഇന്ദിരാ ഭവനിൽ എത്തിച്ച് പൊതുദർശനത്തിന് വച്ചപ്പോൾ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലിയർപിച്ചു. കലക്ടർക്ക് വേണ്ടി ഹെഡ് ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ സജീവൻ പുഷ്പചക്രം അർപ്പിച്ചു.  രമേശ് ചെന്നിത്തല, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഗംഗാധരൻ, കെ.ധനഞ്ജയൻ, ബിജു ഏളക്കുഴി, എൻ.ധനഞ്ജയൻ, സുദീപ് ജയിംസ്, റിജിൽ മാക്കുറ്റി, കെ.കമൽജിത്ത്, കാഞ്ഞിരോളി രാഘവൻ, എ.പി.പുരുഷു, ടി.ബാലൻ, എം.സുകുമാരൻ തുടങ്ങിയവർ സ്മരണാഞ്ജലി അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com