ADVERTISEMENT

പാപ്പിനിശ്ശേരി ∙ ദേശീയപാത നിർമാണം പുരോഗമിക്കുന്നതിനിടെ ഓട്ടോറിക്ഷകൾക്ക് പാർക്കാൻ ഇടമില്ലാതായി. ദേശീയപാതയോരത്തെ പ്രധാന കവലകളിൽ നിർത്തിയിടുന്ന ഓട്ടോറിക്ഷകളാണ് ഒരിടവും ഇല്ലാതെ പരക്കം പായുന്നത്. കനത്ത വെയിലും, നിർമാണ സ്ഥലത്തെ പൊടിയും സഹിച്ചാണ് ദിവസേന ജോലി ചെയ്യുന്നത്.

പാപ്പിനിശ്ശേരി വേളാപുരം, കീച്ചേരി, കല്യാശ്ശേരി, മാങ്ങാട്, ബക്കളം എന്നിവിടങ്ങളിലെ ഓട്ടോ ഡ്രൈവർമാരാണു കൂടുതൽ ദുരിതത്തിലായത്. നിർമാണ പ്രദേശത്ത് തന്നെ ലഭ്യമാകുന്ന ഇടുങ്ങിയ സ്ഥലങ്ങളിൽ മുഴുവൻ ഓട്ടോറിക്ഷകളും നിർത്തിയിടാൻ പോലും കഴിയില്ല. കീച്ചേരിയിൽ അടിപ്പാത നിർമിക്കുന്നതിനാൽ ഓരോ മാസവും ഓട്ടോ പാർക്കിങ് വ്യത്യസ്ത ഇടങ്ങളിലായി മാറ്റേണ്ടി വരുന്നു. റോഡ് നിർമാണത്തിനായി കീച്ചേരിയിലെ കൂറ്റൻ തണൽമരങ്ങൾ മുറിച്ചതോടെ വെയിലത്തുനിന്നും  മാറിനിൽക്കാൻ വഴിയില്ലാതായി. 

റോഡ് നിർമാണ സ്ഥലത്തേക്കുള്ള ഭാരവാഹനങ്ങൾ കടന്നുപോകുന്നതോടെ പ്രദേശം മുഴുവൻ പൊടിമണ്ണിലമരും. കീച്ചേരിയിൽ ബസ് കാത്തിരിപ്പിനായി താൽക്കാലികമായി കെട്ടിയുയർത്തിയ സ്ഥലത്തെ പായ നിറയെ പ്രദേശത്തെ പൊടിമണ്ണ് പറ്റിക്കിടക്കുന്നത് കാണാനാകും. നിലവിലെ ദേശീയപാതയിൽ കോൺക്രീറ്റ് ബാരിയറുകൾ കയറ്റിവച്ചതോടെ ഇടുങ്ങിയ റോഡിൽ അപകടവും യാത്രാദുരിതവും പതിവാണ്. ദിവസേന വിദ്യാർഥികളടക്കം നൂറുകണക്കിന് പേർ എത്തിച്ചേരുന്ന കീച്ചേരി കവലയിൽ മതിയായ സുരക്ഷാ സംവിധാനവും ഏർപ്പെടുത്തിയിട്ടില്ലെന്നു പരാതി ഉയർന്നു.

 എം.നാസർ, ഓട്ടോറിക്ഷ ഡ്രൈവർ കീച്ചേരി : ദേശീയപാത നിർമാണം തുടങ്ങിയതോടെ കഷ്ടകാലം തുടങ്ങി. ഒരു വാഹനത്തിനും പാർക്ക് ചെയ്യാൻ ഇടമില്ല. കനത്ത പൊടിയും വെയിലുമേറ്റ് പലർക്കും ജോലിചെയ്യാൻ സാധിക്കാതായി. ഇനി അടിപ്പാത നിർമിച്ചു കഴിഞ്ഞാൽ ഓട്ടോറിക്ഷ സ്റ്റാൻഡിനു സ്ഥലം ലഭിക്കുമോ എന്ന ആശങ്കയിലാണ് എല്ലാവരും.

പി.വി.ദിനേഷ്, ഓട്ടോറിക്ഷ ഡ്രൈവർ കീച്ചേരി :നട്ടുച്ച നേരത്ത് ഒരാളും ഇവിടെ ഇങ്ങനെ യാത്രക്കാരെ കാത്തിരിക്കില്ല. കനത്ത വെയിലേറ്റും പൊടിയിലമർന്നും ജോലി ചെയ്യുന്നില്ലെങ്കിൽ വീട് പട്ടിണിയിലാകും. ഓരോരുത്തരും അത്രയേറെ കഷ്ടപ്പെട്ടാണ് ഇവിടെ വെയിലേറ്റ് യാത്രക്കാരെ കാത്തിരിക്കുന്നത്. പൊടി കാരണം പലർക്കും ചുമ വിട്ടുമാറുന്നില്ല. റോഡ് നിർമാണ സ്ഥലത്തേക്കുള്ള ഭാരവാഹനങ്ങൾ കടന്നുപോകുന്നതോടെ പൊടിമണ്ണിലമരും. ഓട്ടോറിക്ഷകൾക്ക് പാർക്ക് ചെയ്യാൻ സ്ഥലം അനുവദിക്കണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com