കണ്ണൂർ ∙ കുറച്ചുവർഷം മുൻപു വരെ, പാണക്കാടു മുതൽ പലസ്തീൻ വരെ എന്തു കാര്യത്തിലും പ്രതികരിക്കാൻ ബാധ്യസ്ഥനായത് ഒരേ ഒരു അഹമ്മദായിരുന്നു. ആ അഹമ്മദാണ് ഇ.അഹമ്മദ്. കണ്ണൂരിന്റെ, മുസ്‌ലിം ലീഗിന്റെ സ്വന്തം ഇ. അഹമ്മദ്. വിദേശകാര്യസഹമന്ത്രിയെന്ന നിലയിൽ ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ ശബ്ദമായിരുന്നു ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇ.അഹമ്മദ്. 75ാം വാർഷികം ആഘോഷിക്കുന്ന മുസ്‌ലിം ലീഗിനു കണ്ണൂർ നൽകിയ രാജ്യാന്തര നേതാവ്.
സ്നേഹവും സാഹോദര്യവും കൊണ്ടു കേരള രാഷ്ട്രീയത്തിൽ നിലാവു പരത്തിയ മുസ്‌ലിം ലീഗിനു കണ്ണൂർ ജില്ല സംഭാവന ചെയ്ത നേതാക്കളുടെ നിര ഇ.അഹമ്മദിലൊതുങ്ങുന്നില്ല. വി.കെ.അബ്ദുൽ ഖാദർ മൗലവി, ഒ.കെ.മുഹമ്മദ് കുഞ്ഞി, സി.കെ.പി.ചെറിയ മമ്മുക്കേയി, വി.പി.മഹമൂദ് ഹാജി, പി.പി.വി. മൂസ, കെ.എം.സൂപ്പി, കെ.വി.മുഹമ്മദ് കുഞ്ഞി, ബി.പി.ഫാറൂഖ് തുടങ്ങി ഒട്ടേറെ നേതാക്കൾ കണ്ണൂരിന്റെ കൊടിയുയർത്തിപ്പിടിക്കുന്നു.
മുസ്‌ലിം യൂത്ത് ലീഗിന്റെ സ്ഥാപക പ്രസിഡന്റ് കെ.കെ.മുഹമ്മദ് കുഞ്ഞി ചൊക്ലി സ്വദേശിയാണ്. 1948 മാർച്ച് 10ന് അന്നത്തെ മദ്രാസിലെ ബാൻക്വിറ്റ് ഹാളിൽ (പിന്നീട് രാജാജി ഹാൾ) മുസ്‌ലിം ലീഗിന്റെ രൂപീകരണത്തിനുള്ള ആദ്യ യോഗത്തിൽ പങ്കെടുത്തവരിൽ കെ.എം.സീതി, കോട്ടാൽ ഉപ്പി , ബി.പോക്കർ തുടങ്ങിയവരുണ്ടായിരുന്നു.
കെ.എം.സീതി കൊടുങ്ങല്ലൂരുകാരനാണെങ്കിലും തലശ്ശേരി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കോട്ടാൽ ഉപ്പി കൂത്തുപറമ്പിനടുത്തു കിണവക്കലിലാണു ജനിച്ചത്. ബി.പോക്കർ തലശ്ശേരിക്കാരനാണ്. 1949–50ൽ, അന്നത്തെ മലബാർ ജില്ലയിൽ മുസ്‌ലിം ലീഗിന്റെ ആദ്യത്തെ ജില്ലാ പ്രസിഡന്റായത് അറക്കൽ സുൽത്താനായ അബ്ദുറഹ്മാൻ ആലിരാജയാണ്.
ബ്രിട്ടിഷ് സർക്കാർ നൽകിയ എല്ലാ സ്ഥാനങ്ങളും തിരിച്ചു നൽകുന്നതായി ആദ്യം കത്തെഴുതിയ നേതാവു കൂടിയാണ് അബ്ദുറഹ്മാൻ ആലിരാജ. ലീഗിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. മുസ്‌ലിംലീഗിന്റെ ആദ്യ എംപി തലശ്ശേരിക്കാരനായ ബി.പോക്കർ ആണ്. മലപ്പുറത്തു നിന്നാണ് അദ്ദേഹം ലോക്സഭയിലെത്തിയത്. മദ്രാസ് അസംബ്ലിയിൽ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് കണ്ണൂർ സ്വദേശി കെ.ഉപ്പിയാണ്.
ലീഗിന്റെ ആദ്യത്തെ സംസ്ഥാന വൈസ് പ്രസിഡന്റും അവിഭക്ത കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ ആദ്യ ജില്ലാ പ്രസിഡന്റും കാസർകോട് പടന്ന സ്വദേശിയായ വി.കെ.പി.അബ്ദുൽ ഖാദർ ഹാജിയാണ്. സി.കെ.പി.ചെറിയ മമ്മുക്കേയി, സി.പി. മമ്മുക്കേയി, ഒ.കെ.മുഹമ്മദ് കുഞ്ഞി എന്നിവരും ലീഗിന്റെ അടിത്തറ പണിത, ജില്ലയിൽ നിന്നുള്ള നേതാക്കളാണ്.
കണ്ണൂർ ജില്ലാ ലീഗിന്റെ പ്രഥമ പ്രസിഡന്റും വി.കെ.പി.അബ്ദുൽ ഖാദർ ഹാജിയാണ്. പാണക്കാട് പൂക്കോയ തങ്ങളുടെ മുത്തച്ഛൻ ഹുസൈൻ തങ്ങളെ ബ്രിട്ടിഷുകാർ നാടുകടത്തിയിരുന്നു. ഇദ്ദേഹം വിവാഹം ചെയ്തത് അറക്കൽ കുടുംബത്തിൽ നിന്നാണ്. കണ്ണൂരിന്റെ പെരുമ, പണ്ടേ കടലിനപ്പുറത്തെത്തിച്ച വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിന്റെ സ്ഥാപകൻ എ.കെ.കാദർകുട്ടിയും ലീഗിന്റെ ആദ്യകാല നേതാവായിരുന്നു. ദേശീയ നേതാക്കളുമായി അടുത്ത സൗഹൃദവും അദ്ദേഹത്തിനുണ്ടായിരുന്നു.
തലശ്ശേരിയുടെ പ്രാധാന്യം
തലശ്ശേരിയും മുസ്‌ലിം ലീഗും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. മുസ്‌ലിം ലീഗിന്റെ ആദ്യത്തെ യൂണിറ്റ് കമ്മിറ്റി പിറന്നതു തലശ്ശേരി മൊട്ടാമ്പ്രത്താണ്. 1934ൽ, മുസ്‌ലിം ലീഗിന്റെ ആദ്യ സംഘടനാ രൂപമെന്നു വിശേഷിപ്പിക്കാവുന്ന സർവേന്ത്യാ ലീഗിന്റെ, മലബാർ ജില്ലയിലെ ആദ്യത്തെ യൂണിറ്റ് കമ്മിറ്റി തുടങ്ങിയതു തലശ്ശേരിയിലാണ്. കെ.എം.സീതി, സത്താർ സേട്ട്, അറക്കൽ സുൽത്താൻ അബ്ദുറഹ്മാൻ ആലിരാജ, കെ.എം.മൗലവി, എ.കെ.കുഞ്ഞിമായിൻ ഹാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്.
മുസ്‌ലിം ക്ലബ് സ്ഥാപിച്ചതും തലശ്ശേരിയിലാണ്. ഇ.അഹമ്മദും ഇബ്രാഹിം സുലൈമാൻ സേട്ടും വിദ്യാഭ്യാസ കാലം ചെലവിട്ടതു തലശ്ശേരിയിലാണ്. ഇന്ത്യയിലെ ആദ്യത്തെ ഇസ്‌ലാമിക് നഴ്സറി സ്കൂൾ തുടങ്ങിയതും തലശ്ശേരിയിലാണ്.ഫറൂഖ് കോളജിനു ശേഷം സർ സയിദ് കോളജ് തുടങ്ങാനുള്ള പ്രവർത്തനങ്ങൾ തലശ്ശേരി കേന്ദ്രീകരിച്ചാണു നടന്നത്. ആദ്യത്തെ ഈദ് ഗാഹിനു വേദിയായതും തലശ്ശേരി തന്നെ. 30 വർഷത്തോളം തലശ്ശേരി നഗരസഭാ അധ്യക്ഷന്മാർ മുസ്‌ലിം ലീഗുകാരായിരുന്നു. അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഷ്ഠിച്ച സി.കെ.പി.ചെറിയ മമ്മുക്കേയിയും തലശ്ശേരി സ്വദേശിയാണ്.