കണ്ണൂർ ∙ പരീക്ഷാകേന്ദ്രം മാറ്റുന്ന വിവരം സർവകലാശാല മുൻകൂട്ടി അറിയിക്കാത്തതിനെത്തുടർന്ന് പ്രൈവറ്റ് റജിസ്ട്രേഷൻ വിദ്യാർഥികൾ വലഞ്ഞു. കണ്ണൂർ സർവകലാശാലയുടെ ബിഎ, ബികോം പ്രൈവറ്റ് റജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ പരീക്ഷാ നടത്തിപ്പിലാണു സർവകലാശാലയ്ക്കു ഗുരുതര വീഴ്ച സംഭവിച്ചത്. ഹാൾടിക്കറ്റിൽ രേഖപ്പെടുത്തിയ മയ്യിലിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ(ഐടിഎം) പരീക്ഷയെഴുതാനായി എത്തിയപ്പോൾ മാത്രമാണ് സെന്റർ മാറ്റിയതായി വിദ്യാർഥികൾ അറിയുന്നത്.
പരീക്ഷാകേന്ദ്രം മാറ്റിയതായി സർവകലാശാല പത്രങ്ങളിലൂടെയോ നേരിട്ടോ വിദ്യാർഥികളെ അറിയിക്കാതിരുന്നതാണു പ്രതിസന്ധിയുണ്ടാക്കിയത്. 178 കുട്ടികളാണ് ഈ സെന്ററിൽ പരീക്ഷ എഴുതാനുണ്ടായിരുന്നത്. 1.30 നായിരുന്നു പരീക്ഷ ആരംഭിക്കേണ്ടിയിരുന്നത്. ഐടിഎമ്മിലെത്തിയ വിദ്യാർഥികളെ, ഇവിടെ പരീക്ഷാ കേന്ദ്രമില്ലെന്നും സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കു സെന്റർ മാറ്റിയിട്ടുണ്ടെന്നും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചു. ഇതോടെ വിദ്യാർഥികൾ ആശങ്കയിലായി.
ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന മയ്യിൽ പാവന്നൂർമൊട്ട വാഹനസൗകര്യം കുറവുള്ള മേഖലയാണ്. മാറ്റിയ പരീക്ഷാ കേന്ദ്രത്തിലേക്ക് 25 കിലോമീറ്ററോളം ദൂരമുണ്ട്. ഒടുവിൽ മയ്യിൽ ഇൻസ്റ്റിറ്റ്യൂട്ടും സർവകലാശാലയും അറേഞ്ച് ചെയ്ത ബസുകളിലായി വിദ്യാർഥികളെ പുതിയ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു. ഇതിനിടെ ചില വിദ്യാർഥികൾ പരീക്ഷാ സെന്റർ സർ സയ്യിദ് കോളജാണെന്നു തെറ്റിദ്ധരിച്ച് അവിടേക്കെത്തിയതും ആശയക്കുഴപ്പം കൂട്ടി. പരീക്ഷയ്ക്കു തൊട്ടുമുൻപുണ്ടായ ആശയക്കുഴപ്പവും ബുദ്ധിമുട്ടുകളും വലിയ സമ്മർദമുണ്ടാക്കിയതായി വിദ്യാർഥികൾ പറഞ്ഞു.
അതേസമയം, പരീക്ഷാ കേന്ദ്രമൊരുക്കണമെന്നു സർവകലാശാല ആവശ്യപ്പെട്ടപ്പോൾ തന്നെ മോഡൽ പരീക്ഷ നടക്കുന്നതിനാൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചിരുന്നതായി ഐടിഎം അധികൃതർ പറഞ്ഞു. മുന്നറിയിപ്പു നൽകാതെ മിനിറ്റുകൾക്കു മാത്രം മുൻപു പരീക്ഷാ കേന്ദ്രം മാറ്റിയതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പാരലൽ കോളജ് അസോസിയേഷൻ ആവശ്യപ്പെട്ടു.
178 വിദ്യാർഥികൾക്കും കൃത്യസമയത്തു പരീക്ഷയെഴുതാനുള്ള സൗകര്യം സർവകലാശാല ഒരുക്കി. പരീക്ഷ നടക്കുന്ന സ്ഥാപനത്തെ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിലും വിദ്യാർഥികളെ അറിയിക്കാൻ കഴിഞ്ഞില്ല.
ഡോ.ബി.മുഹമ്മദ് ഇസ്മായിൽ, സർവകലാശാലാ പരീക്ഷാ കൺട്രോളർ