ADVERTISEMENT

പുതിയങ്ങാടി∙ കടലാക്രമണം തടയാനായി മാടായി, മാട്ടൂൽ പഞ്ചായത്തുകളിലെ തീരദേശങ്ങളിൽ നടക്കുന്ന കടൽഭിത്തി നിർമാണം ഇഴഞ്ഞു നീങ്ങുന്നതായി പരാതി. 16 കോടി രൂപ ചെലവിലാണ് മാട്ടൂൽ പഞ്ചായത്തിലെ സൗത്ത് കടപ്പുറം മുതൽ മാടായി പഞ്ചായത്തിലെ പുതിയങ്ങാടി വരെ 2820 മീറ്റർ നീളത്തിൽ കടൽ ഭിത്തി നിർമിക്കുന്നത്. ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ നൽകിയ ഉറപ്പ്. എന്നാൽ ഇപ്പോഴും പകുതി പോലും പൂർത്തിയായിട്ടില്ല.

ഇതിന് പുറമേ കടൽ ഭിത്തി നിർമാണം പൂർത്തിയായ മാടായി പഞ്ചായത്തിലെ നീരൊഴുക്കും ചാൽ, മാട്ടൂൽ പഞ്ചായത്തിലെ കക്കാടൻ ചാൽ എന്നിവിടങ്ങളിൽ കടലേറ്റ സമയത്ത് കടൽ ഭിത്തിക്ക് ഇടയിലൂടെ കരയിലേക്ക് വൻതോതിൽ വെളളം കരയിലേക്ക് അടിച്ച് കയറുന്നുണ്ട്. നിർമാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കടുത്ത വേനൽ കാലത്ത് ഇതാണ് അവസ്ഥയെങ്കിൽ മഴക്കാലം ആകുന്നതോടെ സ്ഥിതി ഗുരുതരമാകും. കടൽ ഭിത്തി നിർമാണത്തിലെ അപാകതയ്ക്ക് എതിരെ തീരദേശവാസികൾ പ്രതിഷേധം ഉയർത്തി കഴിഞ്ഞു. മഴക്കാലം എത്തും മുൻപേ കടൽ ഭിത്തി നിർമാണം പൂർത്തിയാക്കണം എന്നാണ് തീരദേശവാസികൾ പറയുന്നത്.

പുതിയങ്ങാടി 250 മീറ്റർ, നീരൊഴുക്കും ചാൽ 892 മീറ്റർ, മാട്ടൂൽ കക്കാടൻ ചാൽ 218 മീറ്റർ, വാവു വളപ്പ് 798 മീറ്റർ, സെൻട്രൽ 365 മീറ്റർ, സൗത്ത് 297 മീറ്റർ എന്നിങ്ങനെയാണ് കടൽ ഭിത്തി നിർമിക്കേണ്ടത്. കടൽ ഭിത്തി നിർമാണത്തിന് ആവശ്യമായ എസ്റ്റിമേറ്റ് പ്രകാരമുളള നീളത്തിലും വീതിയിലും കരിങ്കല്ല് ഉപയോഗിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com