ADVERTISEMENT

പയ്യന്നൂർ ∙ പടക്ക നിർമാണത്തിനുള്ള പശയ്ക്കു വേണ്ടി കുരങ്ങുകൾക്ക് വാഴപ്പഴക്കുല നൽകി പകരം പഞ്ചിങ്ങക്കായ് വാങ്ങുന്ന പതിവ് പടക്ക നിർമാണ മേഖലയിലെ പഴയ തലമുറക്കാർക്കുണ്ടായിരുന്നു. ഒടുവിൽ പടക്ക നിർമാണ പറമ്പിൽ തന്നെ പഞ്ചിങ്ങക്കായ് മരം നട്ടു വളർത്തിയ പാരമ്പര്യം എടാട്ട് ഫയർ വർക്സിൽ ഉണ്ട്. ഇവിടെ ഈ അപൂർവമായ 12 മരങ്ങൾ തഴച്ചു വളർന്ന് ആവശ്യത്തിന് പഞ്ചിങ്ങക്കായ് വിളയുന്നുണ്ട്. ഡയോസ്പൈറോസ് മലബാറിക്ക എന്ന ശാസ്ത്ര നാമത്തിലാണ് ഇത് അറിയപ്പെടുന്നത്. ഒരു നിത്യഹരിത വൃക്ഷമാണ്. മലബാറി എബണി എന്ന പേരിലാണ് ശാസ്ത്ര സമൂഹത്തിൽ അറിയപ്പെടുന്നത്.

പശ്ചിമ ഘട്ടത്തിലെ മഴക്കാടുകളിൽ നീർച്ചാലുകളോട് ചേർന്ന് അപൂർവമായി കാണപ്പെടുന്ന ഈ മരം കറുത്ത ഉറപ്പുള്ള തടികളോടു കൂടിയതാണ്. ഇന്ത്യയിലെ ഇലപൊഴിയും കാടുകളിൽ കാണുന്ന ഡയോസ്പൈറോസ് മെലനോ സൈലോൺ എന്ന ശാസ്ത്ര നാമത്തിലുള്ള ബീഡി ഇലകളിൽ ഉൾപ്പെടുന്ന എബണേസിയേ എന്ന സസ്യ കുടുംബത്തിലെ അംഗമാണ് പഞ്ചിങ്ങക്കായ. ഇതിന്റെ പഴം വാനരന്മാർക്ക് ഏറെ ഇഷ്ടമാണ്. അതുകൊണ്ട് ഇടയിലക്കാട് പോലുള്ള ചെറു വനങ്ങളിൽ ഈ മരങ്ങളുണ്ട്. ഹാർഡ് ബോർഡിന്റെ വരവോടെയാണ് പടക്ക നിർമാണശാല ഉടമകൾ പഞ്ചിങ്ങക്കായ് മരത്തിന്റെ കായ തേടി ഇറങ്ങാൻ തുടങ്ങിയത്. ഹാർഡ് ബോർഡ് വരുന്നതിന് മുൻപ് കടലാസുകൾക്കു പകരം വാണത്തിനും മറ്റും ഉപയോഗിച്ചത് കനം കുറഞ്ഞ ടിൻ ഷീറ്റുകളായിരുന്നു.

പഞ്ചിങ്ങക്കായ് മരം.

അതു താഴെ നിന്ന് പൊട്ടിയാൽ ടിൻ ഷീറ്റുകൾ പൊട്ടിച്ചിതറി ജനങ്ങൾക്ക് പരുക്കേൽക്കും. അതാണ് ഹാർഡ് ബോർഡിനു പിറകെ പോയത്. ഹാർഡ് ബോർഡുകൾ ഒട്ടിക്കുന്ന പശയാണ് പഞ്ചിങ്ങക്കായയിൽ നിന്ന് പടക്കശാലക്കാർ ഉണ്ടാക്കിയെടുക്കുന്നത്. ഈ പശയാണ് ഹാർഡ് ബോർഡുകളും കടലാസുകളും ഒട്ടിച്ച് വാണങ്ങളും ഉയരത്തിൽ ചെന്ന് പൊട്ടുന്ന അമിട്ടുകളിലെ ബോംബുകളും മറ്റും ഉണ്ടാക്കുന്നത്. ഇത്രയും കാഠിന്യമേറിയ പശ മറ്റൊന്നിൽ നിന്നും ഉണ്ടാക്കിയെടുക്കാനാവില്ല.

എടാട്ട് ഫയർ വർക്സിൽ ഉടമ ബാലന്റെ കാലഘട്ടത്തിലാണ് പഞ്ചിങ്ങക്കായ പശയ്ക്കായി ഉപയോഗിക്കാൻ തുടങ്ങിയത്. പഞ്ചിങ്ങക്കായ ശേഖരിക്കാൻ ഇടയിലെക്കാട്ടിൽ പോയാൽ അന്ന് നാട്ടുകാർ അതു ശേഖരിക്കാൻ അനുവദിക്കില്ലായിരുന്നു. ഇതിന്റെ ആവശ്യകത തിരിച്ചറിഞ്ഞപ്പോൾ കൊണ്ടുപോകുന്നതിന് ഇരട്ടി വാഴപ്പഴം കുരങ്ങുകൾക്ക് നൽകാമെന്നായി. അങ്ങനെയാണ് പഞ്ചിങ്ങക്കായ് ശേഖരിച്ചത്. ഇതിന്റെ വിത്തെടുത്ത് പടക്ക നിർമാണ പറമ്പിൽ തന്നെ ബാലൻ പഞ്ചിങ്ങക്കായ് മരം നട്ടു പിടിപ്പിച്ചു.

ഇപ്പാൾ 12 മരങ്ങളുണ്ട് ഈ പറമ്പിൽ. ഇതിനൊപ്പം ഒട്ടേറെ അപൂർവ മരങ്ങളുമുണ്ട്. കമ്പിളി മരം, കുറുക്കുട്ടി, കാഞ്ഞിരം, ജാതി, വെങ്കണ, പാല, കുന്നിമരം, സിന്ദൂരി, സർപ്പഗന്ധി, അമൽപ്പൊരി, ഏഴിലം പാല, കൂനൻ പാല, നൊക മരം, എടല, കറുവപ്പട്ട, ഉരുപ്പ്, എലവംഗം, വിവിധ തരം മാവുകൾ, പ്ലാവുകൾ, പുളി, ശീമ, പറങ്കിമാവ്, മുരിക്ക്, മുള ഇവയെല്ലാം ചേർന്ന് മുന്നൂറിലധികം മരങ്ങളുമായി ഒരു ചെറു വനം തന്നെയാണ് മൂന്ന് ഏക്കർ വിസ്തൃതിയുള്ള എടാട്ട് ഫയർ വർക്സ്. നൂറു വർഷം മുൻപ് കളിയാടൻ കുഞ്ഞപ്പുവാണ് ഈ പടക്ക നിർമാണ ശാല തുടങ്ങിയത്. പിന്നീട് അദ്ദേഹത്തിന്റെ മകൻ പി.പി.ബാലൻ ഇത് ഏറ്റെടുത്തു. അദ്ദേഹം കാളിയാടൻ ബാലൻ എന്ന പേരിലാണ് അറിയപ്പെട്ടത്.അദ്ദേഹം പഞ്ചിങ്ങക്കായ മരം നട്ടുപിടിപ്പിച്ചപ്പോൾ പറമ്പിൽ മുളച്ചു വന്ന മരങ്ങളെല്ലാം സംരക്ഷിച്ചു. അങ്ങനെയാണ് ഈ പടക്ക നിർമാണശാല പറമ്പ് മുഴുവൻ തണൽ വിരിച്ച് കൊച്ചു വനമായി രൂപപ്പെട്ടത്. ഇപ്പോൾ മകൻ പി.വിജയനാണ് ഇത് നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com