ADVERTISEMENT

ആനപ്പന്തി∙ ആനപ്പന്തി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനായുള്ള തിരിച്ചറിയൽ കാർഡ് വിതരണത്തിനിടെ സംഘർഷം. മഹിളാ കോൺഗ്രസ് നേതാവിന് മർദനം. വ്യാജമായി തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാൻ ശ്രമമെന്ന് ആരോപിച്ച് സെക്രട്ടറിയെയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗത്തെയും ആനപ്പന്തി പാലത്തിന് സമീപം സിപിഎം സംഘം തടഞ്ഞുവച്ചു. കരിക്കോട്ടക്കരി പൊലീസ് എത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു. തന്നെ മുൻ പ്രസി‍ഡന്റ് കൂടിയായ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വിളിച്ചതിനെ തുടർന്നാണ് പുറത്തെത്തിയതെന്നു കാണിച്ചു സെക്രട്ടറി പരാതി നൽകി. ഇതേത്തുടർന്നു സെക്രട്ടറി അനീഷിനെ പൊലീസ് വിട്ടയച്ചു.

 ആനപ്പന്തി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണത്തിനിടെ മർദനമേറ്റ നിലയിൽ മഹിളാ കോൺഗ്രസ് നേതാവ് മിനി വിശ്വനാഥൻ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയപ്പോൾ.
ആനപ്പന്തി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണത്തിനിടെ മർദനമേറ്റ നിലയിൽ മഹിളാ കോൺഗ്രസ് നേതാവ് മിനി വിശ്വനാഥൻ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയപ്പോൾ.

അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ജെയ്സൺ തോമസിന് എതിരെ സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്ത ശേഷവും വിട്ടയച്ചു.യുഡിഎഫ് ഭരിക്കുന്ന ആനപ്പന്തി സഹകരണ ബാങ്കിൽ 25 നാണ് തിരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാർഥികൾക്ക് എതിരെ എൽഡിഎഫ് നേതൃത്വത്തിലുള്ള ജനകീയ സംരക്ഷണ സമിതി സ്ഥാനാർഥികളും ശക്തമായി മത്സര രംഗത്തുണ്ട്. തിരിച്ചറിയൽ കാർഡ് വിതരണത്തിനുള്ള അവസാന തീയതിയായ ഇന്നലെ രാവിലെ മുതൽ കൂടുതൽ ആളുകൾ തിരിച്ചറിയൽ കാർഡ് വാങ്ങാൻ എത്തിയിരുന്നു. ബാങ്കി‍ൽ വാക്ക് തർക്കത്തിനിടെ അയ്യൻകുന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും മഹിളാ കോൺഗ്രസ് നേതാവുമായ മിനി വിശ്വനാഥനെ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ മർദിച്ചെന്നാണു പരാതി.

പരുക്കേറ്റ നിലയിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ആനപ്പന്തി പാലത്തിന് സമീപമാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ജെയ്സൺ തോമസിനെയും സെക്രട്ടറി അനീഷിനെയും വാഹനത്തിൽ സിപിഎം പ്രവർത്തകർ തടഞ്ഞുവച്ചത്. അനധികൃതമായി തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ, ഉളിക്കൽ സിഐ കെ.സുധീർ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്ത് എത്തി. ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. ഒപ്പും സീലും ഫോട്ടോയും ഇല്ലാത്ത 650 ഓളം തിരിച്ചറിയൽ കാർഡുകളും പൊലീസ് പിടിച്ചെടുത്തു.

ബാങ്കിലായിരുന്ന തന്നെ ജയ്സൺ തോമസ് പുറത്തേക്ക് വിളിച്ചെന്നും ഒരു കെട്ട് കയ്യിൽ തന്നത് തുറന്നപ്പോഴാണ് തിരിച്ചറിയൽ കാർഡ് മാതൃകയിലുള്ള കാർഡുകളാണെന്ന് വ്യക്തമായതെന്നും ഈ സമയം ഒരു സംഘം ആളുകൾ തടഞ്ഞു വച്ചതായും ചൂണ്ടിക്കാട്ടി സെക്രട്ടറി പൊലീസിൽ പരാതി നൽകിയതോടെയാണ് സെക്രട്ടറിയെ വിട്ടയച്ചത്.ഈ സമയം അത്രയും ബാങ്കിൽ എത്തിയ അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം മുടങ്ങി. കാർഡ് വാങ്ങാൻ എത്തിയവർ പ്രതിഷേധം ഉയർത്തിയെങ്കിലും സ്ഥലത്ത് എത്തിയ വരണാധികാരി ജയശ്രീ അപേക്ഷ നൽകിയവർക്ക് കാർഡ് സെക്രട്ടറി എത്തിയ ശേഷം വിതരണം ചെയ്യുമെന്ന് അറിയിച്ചാണ് ശാന്തമാക്കാൻ ശ്രമിച്ചത്.

അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ  പി.കെ.തോമസ് പട്ടമന സ്റ്റേഷനിൽ എത്തി ചൊവ്വാഴ്ച ചേർന്ന ബോർഡ് തീരുമാന പ്രകാരം ആണ് കാർഡ് അടിച്ചത്. പ്രതീക്ഷിച്ചതിലും ആളുകൾ തിരിച്ചറിയൽ കാർഡ് വാങ്ങാൻ എത്തുന്നുണ്ടെന്നും ഇന്നലെ കൂടുതൽ ആളുകൾ എത്തിയാൽ കാർഡുകൾ വിതരണം ചെയ്യാൻ ഇല്ലാതെ വരുമെന്നും പറഞ്ഞതിനാൽ അടിയന്തരമായി കണ്ണൂരിൽ നിന്ന് ഒരു ജീവനക്കാരനെ വിട്ട് അടിപ്പിച്ച കാർഡ് ജെയ്സൺ തോമസ് ആനപ്പന്തി വഴി പോകുന്നതിനാൽ  കൈമാറുക മാത്രമാണ് ചെയ്തതെന്നു പൊലീസിനെ അറിയിച്ചതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

സെക്രട്ടറിയുടെ പരാതിയിൽ വ്യാജമായി കാർഡുകൾ വിതരണം ചെയ്തതിനു കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണ നടപടികൾ പൂർത്തിയാക്കേണ്ടതിനാനാലാണു ജെയ്സൺ തോമസിനെ വിട്ടയച്ചതെന്നും ഡിവൈഎസ്പി അറിയിച്ചു.1950ൽ റജിസ്റ്റർ ചെയ്യുകയും 1953 ൽ ഐക്യനാണയ സംഘമായി പ്രവർത്തനം തുടങ്ങുകയും ചെയ്തതാണ് ആനപ്പന്തി സഹകരണ ബാങ്ക്. ഇരുപക്ഷവും വാശിയോടെ മത്സരിച്ച സമയങ്ങളിൽ ബോംബേറ് ഉൾപ്പെടെ നടന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച ചരിത്രവും ആനപ്പന്തിക്കുണ്ട്. 9769 അംഗങ്ങളാണ് ഉള്ളത്. തിരഞ്ഞെടുപ്പിൽ പുതിയതായി തിരിച്ചറിയൽ കാർഡ് വാങ്ങിയത് 3917 പേരാണ്.

ഐഡി കാർഡ് ആരോപണംഅടിസ്ഥാനരഹിതം

ആനപ്പന്തി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിനെതിരെ തോൽവി മുന്നിൽ കണ്ടു എൽഡിഎഫ് ദുഷ്പ്രചാരണങ്ങൾ നടത്തുകയാണെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ബാങ്കിൽ തിരഞ്ഞെടുപ്പിന് ആവശ്യമായ തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രിന്റ് ചെയ്ത് ബാങ്കിലേക്കു കൊണ്ടുവരുമ്പോൾ സിപിഎം പ്രവർത്തകർ ആസൂത്രിതമായി തടഞ്ഞു വച്ചു പ്രശ്നം സൃഷ്ടിക്കുകയായിരുന്നു.

ഐഡി കാർഡിന്റെ അപേക്ഷ വലിച്ച് കിറി വഴിയിലിട്ട് ബാങ്കിന്റെ ഭരണ സമിതി അംഗത്തെയും സെക്രട്ടറിയെയും ആക്ഷേപിക്കുകയാണു ചെയ്തത്. സാമുഹ്യ മാധ്യമങ്ങളിലൂടെയും വ്യാജ പ്രചാരണം നടത്തുകയാണ്. ജനാധിപത്യ വിശ്വാസികൾ ഇതു തള്ളിക്കളയുമെന്നും യുഡിഎഫ് ജയം ഉറപ്പാണെന്നും ചെയർമാൻ ജെയ്സൺ കാരക്കാട്ട്, കൺവീനർ ബെന്നി ഫിലിപ്പ് എന്നിവർ അറിയിച്ചു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻയുഡിഎഫ് നീക്കം: സിപിഎം

ആനപ്പന്തി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ചില കോൺഗ്രസ് നേതാക്കളുടെ ഹീന നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സിപിഎം കരിക്കോട്ടക്കരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. മുൻ പ്രസിഡന്റും മുൻ ഡിസിസി സെക്രട്ടറിയും നിലവിൽ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗവുമായ വ്യക്തിയുടെ നേതൃത്വത്തിൽ കള്ളവോട്ട് നടത്തിക്കാൻ 5000 ത്തോളം പുതിയ തിരിച്ചറിയൽ കാർഡുകളുടെ കെട്ടുമായി എത്തിയത് ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്.

അഴിമതിയും വായ്പാ തട്ടിപ്പും ക്രമക്കേടുകളും കൊടികുത്തി വാഴുന്ന ബാങ്കിൽ അഴിമതിക്കാരെ ബാങ്ക് ഭരണത്തിൽ നിന്ന് പുറന്തള്ളാനുള്ള നീക്കത്തിലാണ് ബാങ്ക് അംഗങ്ങൾ. ജനഹിതം മറികടക്കാൻ കള്ളവോട്ട് നടത്താനാണ് മുൻ പ്രസിഡന്റ് അടക്കമുള്ളവരുടെ നീക്കം. 

ഐഡി കാർഡുകൾ ബിൽ സഹിതം കൊണ്ടുവന്നത്: അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ

തിരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗവും മുൻ പ്രസിഡന്റുമായ ജയ്സൺ തോമസ് കണ്ണൂരിലുള്ള നവോദയ പ്രസിൽ ബാങ്ക് സെക്രട്ടറി അച്ചടിക്കാൻ നൽകിയ എ ഫോം വാങ്ങിക്കൊണ്ടു വന്നു സെക്രട്ടറിക്ക് നൽകുമ്പോൾ ചില സിപിഎം പ്രവർത്തകർ വാഹനം തടയുകയും തിരിച്ചറിയൽ കാർഡിനായുള്ള എ ഫോം പിടിച്ചു വാങ്ങുകയും വ്യാജ പ്രചാരണം അഴിച്ചു വിടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നുവെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പി.കെ.തോമസ് പട്ടമനയും കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസും അറിയിച്ചു.

സെക്രട്ടറി പ്രസിൽ നൽകിയ ഓർഡർ പ്രകാരം ബിൽ സഹിതം വ്യവസ്ഥാപിത മാർഗത്തിൽ മാത്രമാണ് ഫോമുകൾ കൊണ്ടുവന്നിട്ടുള്ളതെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇതു സംബന്ധിച്ച് ജയ്സൺ തോമസ് കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com