ഇരിട്ടി∙ കല്യാട് വീട് ഇരിക്കുന്ന 15 സെന്റ് ഭൂമിക്ക് 5 വർഷമായി നികുതി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയർത്തി ഇരിട്ടി താലൂക്ക് മുന്നിൽ ഒറ്റയാൾ സമരം. കല്യാട് സ്വദേശി ആനന്ദ് ബാബുവാണ് ഇന്നലെ സമരം നടത്തിയത്. കല്യാട് രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്ന പ്രദേശത്താണ് ആനന്ദ് ബാബുവിന്റെ സ്ഥലം. ഇദ്ദേഹത്തിന്റെ 21 സെന്റ് ഭൂമി ഗവേഷണ കേന്ദ്രത്തിനായി ഏറ്റെടുത്തിട്ടുണ്ട്.
ബാക്കി 15 സെന്റ് ഭൂമിക്ക് വില്ലേജ് അധികൃതർ 2018 മുതൽ നികുതി സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. 2019 ൽ ലാൻഡ് റവന്യു കമ്മിഷണർക്ക് പരാതി നൽകുകയും ചെയ്തു. വിവരാവകാശ നിയമ പ്രകാരം ഉള്ള അപേക്ഷയിൽ എടുത്ത രേഖകൾ പ്രകാരം നികുതി സ്വീകരിക്കാൻ ആനന്ദ് ബാബു ആവശ്യപ്പെട്ട ഭൂമി ഏറ്റെടുക്കുന്ന ഭൂമിയിൽ ഉൾപ്പെട്ടതല്ലെന്നും തഹസിൽദാർ വ്യക്തമാക്കിയിട്ടുണ്ട്.
-തുടർന്നും നികുതി സ്വീകരിക്കാതെ വച്ചു താമസിപ്പിക്കുകയാണെന്നാണ് ആനന്ദ് ബാബുവിന്റെ പരാതി.
ആനന്ദ് ബാബുവിന്റെ പരാതിയിൽ ലാൻഡ് റവന്യു കമ്മിഷണർക്ക് നൽകിയ അപേക്ഷ പ്രകാരം കലക്ടർ തലത്തിൽ പരിശോധനകൾ പൂർത്തിയാക്കിയതാണെന്നും ഒരാഴ്ചയ്ക്കകം തീർപ്പാകുന്നതാണെന്നും തഹസിൽദാർ സി.വി.പ്രകാശൻ പറഞ്ഞു. ഓൺലൈനായി നടത്തേണ്ട നടപടി ക്രമങ്ങളുടെ കാലതാമസം മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.