പയ്യന്നൂർ ∙ ഓൺലൈൻ വഴി ബുക്ക് ചെയ്ത് എത്തിയ 21 പെട്ട് പടക്കങ്ങൾ പൊലീസ് പിടികൂടി. 21 പേർക്കെതിരെ പൊലീസ് കേസെടുത്തു. പെട്ടികളിലുണ്ടായ പേരുകളിലാണ് കേസെടുത്തത്. സുരക്ഷാ സംവിധാനമൊന്നുമില്ലാതെ പാഴ്സൽ വഴി എത്തിയ പടക്കം നിറച്ച പെട്ടികളാണ് പൊലീസ് പിടിച്ചെടുത്തത്. പെരുമ്പയിലെ പാഴ്സൽ സർവീസ് ഏജൻസിയിലാണ് 21 പെട്ടികളിലായി പടക്കങ്ങൾ എത്തിയത്. ഓൺലൈനായി ബുക്ക് ചെയ്തവരുടെ പേരും ഫോൺ നമ്പറും ഉൾപ്പെടെയായിരുന്നു പെട്ടികൾ എത്തിയത്.
പടക്കങ്ങളാണെന്ന് അറിഞ്ഞതോടെ അംഗീകൃത പടക്ക വ്യാപാരികളും മർച്ചന്റ്സ് യൂത്ത് വിങ് പ്രവർത്തകരും സ്ഥാപനത്തിനു മുന്നിൽ തടിച്ചു കൂടി. ഇതിനിടെ പെട്ടികൾ ഇറക്കിയ ലോറി ചെറുവത്തൂർ ഭാഗത്തേക്കും പോയി. അഗ്നി സുരക്ഷാ ലൈസൻസും എക്സ്പ്ലോസീവ് ലൈസൻസും ഉൾപ്പെടെ നേടിയാണ് പടക്കക്കടകളുടെ പ്രവർത്തനം. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഓൺലൈൻ പടക്ക വിൽപനയെന്ന് പടക്ക വ്യാപാരികൾ പറയുന്നു. പടക്ക വ്യാപാരികളുടെ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പടക്കങ്ങൾ നിറച്ച പെട്ടികൾ സ്റ്റേഷനിലേക്കു മാറ്റി.