മാട്ടൂൽ∙ സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തിവന്ന മാട്ടൂൽ– പറശ്ശിനിക്കടവ് ബോട്ട് സർവീസ് നിലച്ചിട്ട് 58 ദിവസം. ലാഭകരമായിരുന്ന എസ്.37 എന്ന ബോട്ട് സർവീസ് മുന്നറിയിപ്പില്ലാതെയാണ് നിർത്തിയത്. രാവിലെ 9.30ന് പറശ്ശിനിക്കടവിൽ നിന്ന് ആരംഭിക്കുന്ന ബോട്ട് മാങ്കടവ്, പാമ്പുരുത്തി, നാറാത്ത്, പാപ്പിനിശ്ശേരി, അഴീക്കോട് എന്നിവിടങ്ങളിൽ പോയ ശേഷമാണ് മാട്ടൂൽ സൗത്ത് ബോട്ട് ജെട്ടിയിൽ എത്തുന്നത്. തുടർന്ന് 11.45ന് തിരിച്ച് പറശ്ശിനിക്കടവിലേക്ക് പുറപ്പെടും.
ഓരോ സ്റ്റോപ്പിലും ഒട്ടേറെ യാത്രക്കാരാണ് ബോട്ടിനെ ആശ്രയിച്ചിരുന്നത്. പ്രധാനമായും പറശ്ശിനിക്കടവിലേക്ക് പോകാനും വരാനും ബോട്ട് സഹായിച്ചിരുന്നു. നിലവിൽ എൻജിൻ തകരാറ്, പ്ലാറ്റ് ഫോം തുരുമ്പെടുക്കൽ എന്നിവ കാരണം അഴീക്കൽ പാലം ജെട്ടിയിൽ അറ്റകുറ്റപ്പണിക്കായി വച്ചിരിക്കുകയാണ് ബോട്ട്. എൻജിൻ തകരാറ് പരിഹരിച്ചെങ്കിലും പ്ലാറ്റ് ഫോമിന്റെ തകിട് മാറ്റി സ്ഥാപിക്കണം. ഉപ്പിന്റെ അംശം കൂടുതലുളള കടലും പുഴയും ചേരുന്ന ഭാഗമായതിനാൽ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായ ബോട്ട് വേഗത്തിൽ തുരുമ്പെടുക്കും.