ADVERTISEMENT

കണ്ണൂർ ∙ ദേശീയപാതയിലെ തലശ്ശേരി – മാഹി ബൈപാസിന്റെ 95 ശതമാനം പ്രവൃത്തികളും പൂർത്തിയായെങ്കിലും ഗതാഗതം തുടങ്ങാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും. 18.6 കിലോമീറ്റർ ദൂരമുള്ള ബൈപാസിന്റെ നിർമാണം പൂർത്തിയാക്കി ഈ മാസം 31നു മുൻപു തുറന്നുകൊടുക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. മാഹി റെയിൽവേ സ്റ്റേഷനു സമീപം അഴിയൂരിലെ റെയിൽവേ മേൽപാലം, തലശ്ശേരി ബാലത്തെ മേൽപാലം എന്നിവയുടെ പ്രവൃത്തികളാണു പൂർത്തിയാകാനുള്ളത്. 

അഴിയൂർ റെയിൽവേ മേൽപാലത്തിൽ റെയിൽ പാളത്തിനു മുകൾ ഭാഗത്തെ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണു പ്രധാനമായി ബാക്കിയുള്ളത്. 6 സ്പാനുകളിലായി ഗർഡറുകൾ സ്ഥാപിക്കാനുള്ളതിൽ 4 സ്പാനുകളിലേതിന്റെ പ്രവൃത്തി മാത്രമാണു പൂർത്തിയായത്.ആകെ 48 ഗർഡറുകളാണു വേണ്ടത്. ഇതിൽ 24 എണ്ണത്തിന്റെ ഇൻസ്പെക്‌ഷൻ പൂർത്തിയാക്കിയതായി റെയിൽവേ അധികൃതർ പറഞ്ഞു. ചെന്നൈയ്ക്കു സമീപം കാട്പാടിയിലിലാണ് ഗർഡറുകളുടെ നിർമാണം നടക്കുന്നത്. പ്രവൃത്തി കരാർ ഏറ്റെടുത്ത ഇകെകെ ഇൻഫ്രാസ്ട്രക്ചറിനു തന്നെയാണ് ഇതിന്റെ ചുമതല. 

ബാക്കി ഗർഡറുകളുടെ നിർമാണം പൂർത്തിയാക്കി റെയിൽവേയുടെ എൻജിനീയറിങ് വിഭാഗവും തുടർന്നു റെയിൽവേയുടെ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനും(ആർഡിഎസ്ഒ) പരിശോധിച്ച ശേഷമേ അഴിയൂരിലേക്ക് എത്തിക്കാൻ അനുമതി നൽകുകയുള്ളൂ.തുടർന്ന് ട്രെയിൻ ഗതാഗതം ക്രമീകരിച്ച ശേഷമായിരിക്കും സ്പാനുകളിൽ ഇവ സ്ഥാപിക്കുക. ഇതിനുശേഷം കോൺക്രീറ്റിങ് പൂർത്തിയാക്കി, ടാറിങ്ങും നടത്തിയാലേ ഗതാഗതത്തിനു സജ്ജമാകൂ. ഇപ്പോഴത്തെ രീതിയിലാണു പ്രവൃത്തി തുടരുന്നതെങ്കിൽ മഴയ്ക്കു മുൻപേ തീരാൻ സാധ്യത കുറവാണ്. 

ബാലം പാലത്തിന്റെ തലശ്ശേരി ഭാഗത്ത് അനുബന്ധ റോഡിനോടു ചേർക്കേണ്ട സ്ലാബിന്റെ പ്രവൃത്തികളും അനുബന്ധ റോഡിന്റെ പ്രവൃത്തികളുമാണു ബാക്കിയുള്ളത്. ചെറിയ ഭാഗം ഒഴികെ മേൽപാലത്തിന്റെ കോൺക്രീറ്റിങ് പൂർത്തിയായിട്ടുണ്ട്. ഈ ഭാഗത്ത് അടുത്തയാഴ്ചയോടെ ടാറിങ് ഉൾപ്പെടെയുള്ള പ്രവൃത്തി തുടങ്ങാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com