ന്യൂമാഹി ∙ തെരുവുനായ ശല്യത്തിനു പിറകെ കാട്ടുപന്നികളുടെ ശല്യം കവിയൂർ, മങ്ങാട് പ്രദേശത്ത് രൂക്ഷമാവുന്നു. വേനൽ കടുത്തതോടെ വെള്ളവും ഭക്ഷണവും തേടി കാട്ടുപന്നികൾ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങുന്നത് പ്രദേശ നിവാസികളുടെ ഉറക്കം കെടുത്തുകയാണ്. കവിയൂർ അംബേദ്കർ വായനശാലയ്ക്ക് സമീപം ഒരാഴ്ചയ്ക്ക് മുൻപ് മാഹി പാലത്തെ ഓട്ടോ ഡ്രൈവർ പന്നിയുടെ ആക്രമണത്തിന് ഇരയായിരുന്നു.
ഓട്ടോറിക്ഷയെ ആക്രമിച്ച പന്നി കൂട്ടം ഓട്ടോറിക്ഷയ്ക്കും സാരമായ കേടുപാട് ഉണ്ടാക്കി. കവിയൂർ, ഒളവിലം തൃക്കണ്ണാപുരം അമ്പലം പരിസരം, പാത്തിക്കൽ, മങ്ങാട് മണ്ട ബസാർ, റേഷൻ പീടിക പരിസരം, വയലക്കണ്ടി ബസ് സ്റ്റോപ്പ് പരിസരം എന്നിവിടങ്ങളിൽ കൂട്ടത്തോടെ പന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രികാലങ്ങളിൽ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാരാണ് പന്നികളുടെ ആക്രമണത്തിന് ഇരയാവുന്നത്. റോഡരികിൽ മാലിന്യം തള്ളുന്നതും കാട് മൂടി കിടക്കുന്നതും പന്നികളുടെ സാന്നിധ്യം വർധിപ്പിക്കുന്നു.