അങ്ങാടിക്കടവ്∙ സ്കൂൾ പരിസരത്ത് പായ്തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരുക്ക്. ഇതോടെ എസ്എസ്എൽസി പരീക്ഷ എഴുതാനായില്ല. ആശുപത്രിയിൽ കൊണ്ടു പോകാൻ എത്തിയ ആംബുലൻസ് ഡ്രൈവറും തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലാണ്. അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ 10 ാം തരം വിദ്യാർഥി സ്വർണപ്പള്ളിൽ ആൽബിൻ ജോർജിനാണ് ഇന്നലെ കുത്തേറ്റത്. മുഖമാകെ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
48 മണിക്കൂർ നിരീക്ഷണം കഴിഞ്ഞ ശേഷമേ എപ്പോൾ ആശുപത്രി വിടാമെന്നു ഡോക്ടർമാർ പറയുകയുള്ളൂ. 27ന് കണക്ക്, 29ന് മലയാളം സെക്കൻഡ് എന്നീ പരീക്ഷകളും ഉണ്ട്. ആൽബിനെ ആശുപത്രിയിലാക്കാൻ സ്കൂൾ പരിസരത്ത് എത്തി ആംബുലൻസിൽ നിന്നിറങ്ങിയ ഡ്രൈവർ കണ്ണംകുളത്ത് ഷിജു മാത്യുവിനും (42) കുത്തേറ്റു. തിരികെ ഓടി ആംബുലൻസിൽ കയറി രക്ഷപ്പെട്ട ഷിജുവിനെ ഉള്ളിൽ കടന്ന ഈച്ചകൾ വീണ്ടും ആക്രമിച്ചു. അവശ നിലയിലായതിനെ തുടർന്ന് ഷിജു താൻ ഓടിക്കുന്ന സെന്റ് വിൻസന്റ് ഡിപോൾ സൊസൈറ്റി ആംബുലൻസിന്റെ ചുമതലക്കാരനായ പീടിയേക്കൽ സിബിയെ വിവരം അറിയിച്ചു.
സിബി എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. കുത്തേറ്റ് ആൽബിൻ അബോധാവസ്ഥയിലായിരുന്നു. വിദ്യാർഥിക്ക് കുത്തേൽക്കുന്നതിനു മുൻപ് പ്രദേശവാസിയായ പീടികയിൽ ഔസേപ്പച്ചനും മകനും പായ്തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഈ സമയം സ്കൂളിലേക്ക് നടന്നു വരികയായിരുന്ന ആൽബിന് നേരെ ഈച്ചകൾ കൂട്ടത്തോടെ തിരിയുകയായിരുന്നു. ഒരു മാസം മുൻപാണ് എടൂരിൽ കുടുംബനാഥൻ പായ്തേനീച്ചകളുടെ ആക്രമണത്തിൽ മരിച്ചിരുന്നു.