ADVERTISEMENT

ഇരിട്ടി∙ ആറളം ഫാം പുനരധിവാസ മേഖലയെ കാട്ടാന ഭീഷണിയിൽനിന്നു സംരക്ഷിക്കുന്നതിനായി 2019 ജനുവരി 6ന് അന്നത്തെ വകുപ്പ് മന്ത്രി എ.കെ.ബാലൻ പ്രഖ്യാപിച്ച ആനമതിൽ ചില ഉന്നത ഉദ്യോഗസ്ഥർ വൈകിപ്പിച്ചപ്പോൾ പൊലിഞ്ഞത് 6 ജീവൻ. ആനമതിൽ പണിക്കുള്ള എസ്റ്റിമേറ്റ് പുതുക്കിയ വകയിൽ മാത്രം സർക്കാർ ഖജനാവിനു നഷ്ടം 31 കോടി രൂപയിലധികമാണ്. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് തുക 53.234 കോടി രൂപയാണ്.

550 മീറ്ററിൽ റെയിൽ വേലി ഉൾപ്പെടെ പത്തര കിലോമീറ്ററിൽ ആന മതിൽ പണിയാമുള്ള ചെലവ്. നേരത്തേ പത്തര കിലോമീറ്റർ മതിലും 3 കിലോമീറ്റർ റെയിൽ വേലിയും 22 കോടി രൂപയ്ക്ക് പണിയാമെന്നു വ്യക്തമാക്കിയാണ് ഊരാളുങ്കൽ സൊസൈറ്റി എസ്റ്റിമേറ്റ് നൽകിയത്. ആറളം ഫാമിൽ ആദിവാസി പുനരധിവാസം നടത്തിയ ശേഷം 2014ൽ തന്നെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഏപ്രിൽ 20ന് ബ്ലോക്ക് 13ൽ ചോമാനിയിൽ മാധവിയെയാണ് ആന കൊലപ്പെടുത്തിയത്. അടുത്ത 3 വർഷം കൊണ്ട് 5 പേരെ കൂടി ആന കൊലപ്പെടുത്തിയതോടെയാണ് എ.കെ.ബാലൻ ആനമതിൽ ഉടൻ പണിയുമെന്നു പ്രഖ്യാപിച്ചത്. ഒരു വർഷത്തിനകം മതിൽ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിച്ചവർക്കു തെറ്റി. ചില ഉന്നത ഉദ്യോഗസ്ഥർ മതിൽ പണി അനന്തമായി നീട്ടിക്കൊണ്ടു പോയി. ഇപ്പോൾ 6 പേർ കൂടി കാട്ടാനക്കലിക്കു ഇരയായി. 

ഉടക്കിട്ടത് ഉന്നത ഉദ്യോഗസ്ഥർ

2019ൽ മന്ത്രി എ.കെ.ബാലൻ പ്രഖ്യാപിച്ചപ്പോൾ പദ്ധതിക്ക് ഉടക്കിട്ടത് അദ്ദേഹത്തിന്റെ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഓരോ കാരണം പറഞ്ഞു ഫയലുകൾ നീട്ടി. പിന്നീട് 2021 ഓഗസ്റ്റ് 5 ന് ആന മതിൽ ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

ഇതിനെതിരെ ചീഫ് സെക്രട്ടറി വിദഗ്ധ സമിതിയെ നിയോഗിച്ചു സമാന്തര മാർഗങ്ങൾ പഠിക്കാൻ നിർദേശിച്ചു. ഇവരുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകി. അതോടെ, ഹൈക്കോടതി  മതിൽ വേണ്ട, സോളർ തൂക്കുവേലി മതി എന്നു വിധി പറഞ്ഞു. എന്നാൽ, സോളർ തൂക്കുവേലിക്കു ശുപാർശ നൽകിയവർ ആ നിർമാണവും നടത്തിയില്ല.

അനുകൂലിച്ച് മന്ത്രിയും

ഇപ്പോൾ ആന മതിൽ തന്നെ പണിയാനും ടിആർഡിഎം ഫണ്ട് തന്നെ വകയിരുത്താനും സ്പീക്കറുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിൽ ശക്തമായി മന്ത്രി കെ.രാധാകൃഷ്ണും ഒപ്പം ചേർന്നതായി സൂചന. ടിആർഡിഎം ഫണ്ട് വകയിരുത്തിയതിനാലാണു വലിയ സാങ്കേതികത്വം ഇല്ലാതെ സ്പെഷൽ വർക്കിങ് ഗ്രൂപ്പ് അനുമതി വേഗം ലഭിച്ചത്.

നേരത്തേ തലശ്ശേരി സബ് കലക്ടറായിരിക്കെ ആറളം ഫാമിൽ എംഡിയുടെ ചുമതല വഹിച്ചിരുന്ന എൻ.പ്രശാന്താണ് ഇപ്പോൾ എസ്‌സി – എസ്ടി സെക്രട്ടറി. ആറളം ഫാമിന്റെയും പുനരധിവാസ മേഖലയുടെയും പ്രശ്നങ്ങൾ നന്നായി അറിയാവുന്ന ഇദ്ദേഹവും ആനമതിലിനു അനുകൂലമായി നിലപാട് എടുത്തു.

ഒന്നാംപ്രതി മുഖ്യമന്ത്രി: പി.കെ.കൃഷ്ണദാസ്

കണ്ണൂർ ∙ ആറളത്ത് കാട്ടാനയുടെ ആക്രമണത്തിൽ രഘു കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കിയും സിപിഎം സംസ്ഥാന സെക്രട്ടറിയെ രണ്ടാം പ്രതിയാക്കിയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്.

ആറളത്ത് ആനമതിൽ നിർമിക്കുന്നതിൽ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ കലക്ടറേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം.ആർ.സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, വി.വി.ചന്ദ്രൻ, കെ.സജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com